Tuesday
19 Mar 2019

വ്യാജ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് അക്രമം

By: Web Desk | Monday 16 April 2018 10:55 PM IST


തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും നടന്നത് അക്രമങ്ങള്‍. ചിലര്‍ ബോധപൂര്‍വ്വം നടത്തിയ ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് പൊതുമുതല്‍ നശീകരണവും അതിക്രമവും നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അതിക്രമങ്ങളില്‍ മുപ്പതോളം പൊലീസുകാര്‍ക്കും കെഎസ്ആര്‍ടിസി ജീവനക്കാരും മറ്റുള്ളവരുമുള്‍പ്പെടെ നിരവധിപേര്‍ക്കും പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ഇരുനൂറ്റിയമ്പതിലെറെ പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അക്രമം തടയുന്നതിനുള്ള മറ്റു മുന്‍കരുതലുകളും പൊലീസ് ഊര്‍ജ്ജിതമാക്കി.
ജമ്മുവിലെ കത്വയില്‍ ക്രൂരമായി പീഡിപ്പിച്ച് കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരി ആസിഫക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ ജനകീയ ഹര്‍ത്താല്‍ എന്ന പ്രചരണം നടത്തിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു വിഭാഗം അക്രമങ്ങള്‍ അഴിച്ചുവിട്ടത്. വടക്കന്‍ ജില്ലകളിലാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാഹന ഗതാഗതം തടസപ്പെടുത്തലും അതിക്രമങ്ങളും കൂടുതലായുണ്ടായത്. കാസര്‍കോഡും കോഴിക്കോടും മലപ്പുറത്തും അക്രമികള്‍ക്ക് നേരം പൊലീസ് ലാത്തി വീശി. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഒട്ടേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. വ്യാപകമായ നാശ നഷ്ടങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ വരുത്തി വച്ചു.
പ്രത്യേകിച്ച് ഒരു സംഘടനയുടെയും പേരിലല്ലാതെ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം ആഹ്വാനങ്ങള്‍ സാമൂഹികവിരുദ്ധശക്തികള്‍ മുതലെടുക്കുന്ന സാഹചര്യമുള്ളതിനാല്‍ അതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. ഭാവിയില്‍ മുന്നറിയിപ്പില്ലാതെയുള്ള ഇത്തരം ആഹ്വാനങ്ങളുടെ ഭാഗമായുള്ള അതിക്രമങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിനെ അറിയിച്ചു.
തിരുവനന്തപുരത്ത് ഒരു വിഭാഗം ആള്‍ക്കാര്‍ ബലമായി കടകള്‍ അടപ്പിച്ചത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ കയ്യേറ്റം ചെയ്തു. ചാലയില്‍ ഇന്നലെ ഉച്ചയോടെ ബലമായി കടകള്‍ അടപ്പിക്കുന്നതറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ ചന്ദു ചന്ദ്രശേഖറിനും കാമറാമാന്‍ പ്രമോദിനുമാണ് മര്‍ദ്ദനമേറ്റത്. ബലമായി കടകള്‍ അടപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച് പത്തോളം പേരടങ്ങുന്ന സംഘം ഇവരുടെ കാമറ ബലമായി പിടിച്ചു വയ്ക്കുകയും മരക്കഷ്ണം ഉപയോഗിച്ച് റിപ്പോര്‍ട്ടര്‍ ചന്ദു ചന്ദ്രശേഖരനെ മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉച്ചയോടെ പ്രകനമായെത്തിയ എഴുപത്തഞ്ചോളം പേരടങ്ങുന്ന സംഘം ഓവര്‍ബ്രിഡ്ജ് മുതല്‍ സെക്രട്ടറിയേറ്റ് വരെയുള്ള ഭാഗത്തെ കടകളും ബലമായി അടപ്പിച്ചു.
നെടുമങ്ങാട്, ചുള്ളിമാനൂര്‍ ഭാഗങ്ങളിലും രാവിലെ മുതല്‍ തന്നെ കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ക്കുനേരെ ആക്രമണവുമുണ്ടായി.

Related News