മദ്യപിക്കുന്നവളും കോണ്ടം കൊണ്ട്‌ മുടികെട്ടുന്നവളും, ജെഎൻയു സമരക്കാരെക്കുറിച്ച്‌ പറയുന്നതിനു പിന്നിലെ സത്യം ഇതാണ്‌

Web Desk
Posted on November 20, 2019, 10:49 pm

‘കയ്യില്‍ മദ്യക്കുപ്പി, അതിനുപുറമെ ടേബിളില്‍ 300 രൂപ വിലയുള്ള ക്ലാസിക്ക് സിഗരറ്റിന്റെ രണ്ട് പാക്കുകളും കാണാം. ഒരെണ്ണം അവള്‍ വലിക്കുന്നു. മയക്കുമരുന്നിന് അടിമയായ ഇവളാണ് ജെഎന്‍യുവിലെ ഫീസ് വര്‍ധനയില്‍ പരാതിപ്പെടുന്നത്’. ഫീസ് വർദ്ധനയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ഉടലെടുത്ത പോസ്റ്റാണിത്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ഇതുപോലെയുള്ളവരാണ് ജെഎൻയുവിലെ ഫീസ് വർദ്ധനയ്ക്കെതിരെ പ്രതിക്ഷേധിക്കുന്നതെന്ന് വരുത്തി തീർക്കുന്ന വിധത്തിലാണ് പോസ്റ്റ്. ഇതേ ചിത്രത്തോടൊപ്പം, ഫീസ് വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന സമാന മുഖഛായയുള്ള മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോ ചേര്‍ത്തും പ്രചരിക്കുന്നുണ്ട്. ‘ജെഎന്‍യുവിലെ പാവം കുട്ടികള്‍’ എന്ന തലക്കെട്ടോടു കൂടിയാണ് ആ പോസ്റ്റ്.

 

 

സോഷ്യൽ മീഡിയയിൽ വർഷങ്ങൾക്കു മുമ്പ് പ്രചരിച്ചിരുന്ന, കൃത്യമായ വിവരങ്ങൾ ഒന്നുമില്ലാത്ത, എവിടെയാണെന്നോ ഏത് നാട്ടിൽ ആണോന്നോ പോലും അറിയാത്ത കുറച്ച് ചിത്രങ്ങൾ കൂട്ടിവെച്ച വ്യജ പോസ്റ്റുകൾ സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലും പേജുകളും അക്കൗണ്ടുകളിലുമാണ് നിറയുന്നത്. ലഹരിവസ്തുക്കള്‍ നിര്‍ബാധം ഉപയോഗിക്കാനും മറ്റ് സുഖങ്ങള്‍ അനുഭവിക്കാനും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലാത്തവര്‍ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ സമരത്തിനിറങ്ങിയിരിക്കുകയാണെന്ന് എന്ന തരത്തിലാണ് പോസ്റ്റുകള്‍. ദേശീയ തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

ഒരു പെണ്‍കുട്ടി ഗര്‍ഭനിരോധന ഉറ ഉപയോഗിച്ച് മുടി കെട്ടിവെച്ചിരിക്കുന്നതിന്റെ ചിത്രമാണ് മറ്റൊന്ന്. ‘ഈ ചിത്രത്തിലേതിനേക്കാള്‍ വ്യക്തമായി ജെഎന്‍യുവിന്റെ തകര്‍ച്ച വിവരിക്കാനാകില്ല’ എന്നാണ് കുറിപ്പ്. മദ്യക്കുപ്പിയും സിഗരറ്റുമായി ഇരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രവും ഗര്‍ഭനിരോധന ഉറ കൊണ്ട് മുടി കെട്ടിയ പെൺക്കുട്ടിയുടെ ചിത്രവും ജെഎന്‍യു സമരവുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.

ഒന്നാമത്തെ ചിത്രം 2016 ആഗസ്റ്റില്‍ ‘ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ ‘എന്ന തലക്കെട്ടില്‍ ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്യപ്പെട്ടതാണ്. മദ്യവും സിഗരറ്റും എന്ന് തോന്നുന്നവ പിടിച്ചിരിക്കുന്ന പെണ്‍കുട്ടി ആരാണെന്നോ ഏതു നാട്ടുകാരിയാണെന്നോ അടക്കം ചിത്രത്തിന്റെ പശ്ചാത്തല വിവരങ്ങളൊന്നും അതില്‍ ഇല്ല. ഇതേ ബ്ലോഗില്‍ സ്ത്രീകള്‍ മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയുമാണെന്ന് തോന്നിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ വേറെയുമുണ്ട്.

അതായത് മൂന്ന് വര്‍ഷം മുമ്പ് ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്യപ്പെട്ട ചിത്രമാണ് ഇപ്പോഴത്തെ ജെഎന്‍യു സമരത്തിലുള്ള വിദ്യാര്‍ത്ഥിനിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. കോണ്ടം കൊണ്ട് മുടി കെട്ടിയ പെണ്‍കുട്ടിയുടെ ചിത്രം 2017 ഡിസംബര്‍ 30 ന് ഒരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ പോസ്റ്റിലും ചിത്രത്തിന്റെ പശ്ചാത്തല വിവരങ്ങള്‍ ഇല്ല. അതായത് ഈ പെണ്‍കുട്ടി ജെഎന്‍യു വിദ്യാര്‍ത്ഥിയാണെന്ന് പറയതക്ക വിവരങ്ങളൊന്നും ലഭ്യമല്ല.

സോഷ്യല്‍ മീഡിയയില്‍ രണ്ട് വര്‍ഷം മുമ്പ് പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രമാണ് ഇപ്പോള്‍ ജെഎന്‍യു പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനുയുടേതെന്ന പേരില്‍ വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്. ഫലത്തില്‍ ജെഎന്‍യു സമരത്തെയും അതില്‍ അണിനിരന്ന വിദ്യാര്‍ത്ഥിനികളെയും മോശമായി ചിത്രീകരിക്കാന്‍ അതിന് അനുയോജ്യമായ ചിത്രങ്ങള്‍ തിരഞ്ഞു കണ്ടെത്തി തല്‍പ്പര കക്ഷികള്‍ പ്രചരിപ്പിച്ചതാണെന്ന് വ്യക്തം.