ലൈഫ്‌ മിഷൻ പദ്ധതിയെ തടസ്സപ്പെടുത്താന്‍ പിഎംഎവൈ പദ്ധതിയുടെ പേരില്‍ വ്യാജ പ്രചരണം

Web Desk

തിരുവനന്തപുരം

Posted on August 01, 2020, 6:37 pm

സംസ്ഥാന സർക്കാരിന്റെ ലൈഫ്‌ മിഷൻ പദ്ധതിയെ തടസ്സപ്പെടുന്നതിനായി പിഎംഎവൈ പദ്ധതിയുടെ പേരിൽ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകളിൽ വ്യാജ പ്രചരണം. ഓഗസ്റ്റ് ഒന്ന്‌ മുതൽ 14 വരെ പിഎംഎവൈ പദ്ധതിയിൽ ഗുണഭോക്താക്കളെ ചേർക്കുന്നു എന്ന പേരിലാണ്‌ വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പുകളിൽ വ്യാജപ്രചാരണം നടക്കുന്നത്‌. ബിജെപി ‑ആർ എസ് എസ് പ്രവർത്തകരാണെന്നാണ് വിവിധ ഗ്രൂപ്പികളിൽ ഇത്തരം വ്യാജ പ്രചാരണം നടത്തുന്നത്.

സംസ്ഥാന സർക്കാർ ഓഗസ്റ്റ് ഒന്നുമുതൽ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നുണ്ട്‌. ഈ പ്രവർത്തനത്തെ തെറ്റിദ്ധരിപ്പിക്കാനും തടസ്സപ്പെടുത്താനുമാണ്‌ പിഎംഎവൈയുടെ പേരിൽ വ്യാജ വാട്‌സ്‌ആപ്പ്‌ പോസ്‌റ്റുകൾ പ്രചരിപ്പിക്കുന്നത്‌.

ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി ലൈഫ് മിഷൻ തയ്യാറാക്കിയ മാർഗ്ഗരേഖയ്ക്ക് സർക്കാർ അനുമതി നൽകി ഉത്തരവു പുറപ്പെടുവിച്ചിരുന്നു.

ഇതു പ്രകാരം ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ഓഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും. പൂർണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിബന്ധനകളും മാനദണ്ഡങ്ങളും മാർഗ്ഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്.

ഇന്നലെ രജിസ്ട്രേഷൻ ആരംഭിച്ചതുമുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശനിയാഴ്ച രാവിലെ 10.30 ഓടെ തന്നെ 500 ൽ അധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 14 വരെ സമയമുള്ളതിനാൽ അപേക്ഷകർ തിരക്കുകൂട്ടാതെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് രജിസ്ട്രേഷൺ പൂർത്തിയാക്കണം.

കണ്ടൈൻമെന്റ് സോണിലുള്ളവർക്ക് ആവശ്യമെങ്കിൽ സമയം നീട്ടികൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എസി മൊയ്തീൻ അറിയിച്ചിട്ടുണ്ട്. നേരിട്ടോ, തദ്ദേശസ്ഥാപനങ്ങളിലെ ഹെൽപ് ഡെസ്‌കുകൾ വഴിയോ അക്ഷയ കേന്ദ്രം മുഖേനയോ അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാൻ 40 രൂപയാണ് ഫീസ്. വിശദവിവരങ്ങളും അപേക്ഷ ഫോറവും www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് : സ്റ്റേറ്റ് നോഡൽ ഓഫീസർ

പിഎംഎ വൈ പദ്ധതിയിൽ ഓഗസ്റ്റ് 14 വരെ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിലുള്ള വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുതെന്ന് പിഎംഎവൈ (ഗ്രാമീൺ) സ്റ്റേറ്റ് നോഡൽ ഓഫീസറും അഡീഷണൽ ഡവലപ്പ്മെന്റ് കമ്മിഷണറുമായ വിഎസ് സന്തോഷ് കുമാർ അറിയിച്ചു. പിഎംഎവൈ (ജി) യിൽ ആവാസ്പ്ലസ് മൊബൈൽ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിന് 2019 മാർച്ച് എട്ടു വരെയാണ് കേന്ദ്ര സർക്കാർ അനുമതി തന്നിരുന്നത്. അങ്ങനെ ചേർത്ത ഗുണഭോക്താക്കളുടെ ആധാർ പരിശോധനയ്ക്കു ശേഷമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വ്യാജ പ്രചാരണങ്ങൾ കണ്ട് തെറ്റിദ്ധരിച്ച് വിഇഒമാരെയോ, ജനപ്രതിനിധികളെയോ സമ്മർദ്ദത്തിലാക്കരുതെന്ന് അഭ്യർത്ഥിക്കുന്നതായും നോഡൽ ഓഫീസർ അറിയിച്ചു.

Sub: Fake pro­pa­gan­da in the name of PMAY plan to dis­rupt Life‌ Mis­sion project

You may like this video also