Web Desk

തിരുവനന്തപുരം

July 14, 2021, 12:29 pm

വ്യാജ അധ്യാപകന്‍ ചമഞ്ഞ് തട്ടിപ്പ്; അശ്ലീല ദൃശ്യങ്ങള്‍ തട്ടിയെടുത്ത് ഭീഷണി, ഇരയായത് മുന്നൂറിലധികം വിദ്യാർത്ഥികൾ

Janayugom Online

ഓണ്‍ലെെന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്ന ഹെെസ്കൂള്‍, ഹയല്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ കെണിയില്‍ വീഴ്ത്താൻ ഗൂഡസംഘം. അധ്യാപകർ ചമഞ്ഞും സുഹൃത്ത് ചമഞ്ഞും ബന്ധം സ്ഥാപിക്കുന്ന ഇവർ വിദ്യാർത്ഥികളുടെ അശ്ലീല ദൃശ്യങ്ങള്‍ തട്ടിയെടുത്ത് ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഉടൻ പൊലീസിനെ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കുന്നു.

വിദ്യാർത്ഥികളെ അധ്യാപകർ ചമഞ്ഞ് കെണിയിൽ വീഴ്ത്തുന്നതാണ് കെണിയുടെ ആദ്യഘട്ടം. കുട്ടികളുമായി നല്ലബന്ധം സ്ഥാപിച്ചു കഴിഞ്ഞാൽ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി നൽകാൻ ആവശ്യപ്പെടും. ചതിയിൽ വീഴുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി തുടര്‍ന്നും ചൂഷണം ചെയ്യും. ഇത്തരത്തിലൊരും സംഭവം മലപ്പുറം ജില്ലയിലെ വാണിയമ്പലത്തെ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നു. എന്നാല്‍ രക്ഷിതാവിന്റെ കൃത്യസമയത്തുള്ള ഇടപെടല്‍ കുട്ടിയെ ചതിയുടെ തുടക്കത്തിൽ തന്നെ രക്ഷിച്ചു. ഇവരുടെയും സ്‌കൂളിന്റെയും പരാതിയിൽ പാണ്ടിക്കാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കരുവാരകുണ്ടിലെ ഹൈസ്കൂൾ വിദ്യാർത്ഥിനിക്കും ഇതുപപോലെ വിളി വന്നു. മാൻ നമ്പറിൽ നിന്നാണ് കോള്‍ വന്നത്. സൗഹൃദം സ്ഥാപിച്ച സംഘം അശ്ലീല വീഡിയോ പകർത്തി നൽകാൻ ആവശ്യപ്പെട്ടതോടെയാണ് ചതി തിരിച്ചറിഞ്ഞത്. ഉടൻ പൊലീസിൽ അറിയിച്ച് കേസ് രജിസ്റ്റർ ചെയ്തു.

ഈ സംഘത്തിന്റെ കെണിയിൽ അകപ്പെട്ട് മുന്നൂറിലധികം വിദ്യാർത്ഥികൾ ദൃശ്യങ്ങൾ പകർത്തി നൽകിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഗൾഫ് നമ്പറുകളും നെറ്റ് നമ്പറും മറയാക്കി പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ഈ സംഘത്തിലുണ്ടെന്നും പൊലീസ് നൽകുന്ന സൂചന നല്‍കുന്നു. പല വിദ്യാർത്ഥികളും രക്ഷിതാക്കളും തട്ടിപ്പിന് ഇരയായ വിവരങ്ങൾ മറച്ചു വയ്ക്കുന്നത് പൊലീസിനും വെല്ലുവിളിയാകുന്നത്.

Eng­lish summary:fake teach­ers tar­get­ing stu­dents in online class
You may also like this video: