പനാജി: ഉത്തർപ്രദേശ് മന്ത്രി എന്ന വ്യാജേന സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കുകയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയും ചെയ്തയാൾ അറസ്റ്റിലായി. സുനിൽ സിങ്ങ് എന്നയാളെയാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നാലു കൂട്ടാളികളും അറസ്റ്റിലായിട്ടുണ്ട്.
മന്ത്രിയെന്ന വ്യാജേന സുനിലും സംഘവും ഗോവയിൽ 12 ദിവസമാണ് സർക്കാർ അതിഥിയായി ഗസ്റ്റ് ഹൗസിൽ തങ്ങിയത്. യുപിയിലെ സഹകരണ വകുപ്പ് മന്ത്രിയെന്ന വ്യാജേനയാണ് ഇയാൾ പനാജിയിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്നത്. മന്ത്രിയാണെന്നു കാണിക്കുന്ന വ്യാജരേഖകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. മന്ത്രി എന്ന നിലയിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും ഗോവ സർക്കാർ ഇയാൾക്ക് അനുവദിച്ചിരുന്നു. ഒടുവിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചതോടെയാണ് കള്ളിപൊളിഞ്ഞത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മുഖ്യമന്ത്രി അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ചിന് നിർദേശം നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇയാൾ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്താൻ സമയം തേടിയത്. യുപിയിലെ സഹകരണവകുപ്പ് മന്ത്രിയെന്ന് വ്യക്തമാക്കുന്ന രേഖകളും ഇയാൾ ഹാജരാക്കി. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തുടർന്നാണ് അറസ്റ്റ് നടന്നത്.
ഇതിനിടയിൽ ഗോവ സഹകരണവകുപ്പ് മന്ത്രി ഗോവിന്ദ് ഗവാഡെയുമായി ഓഫീസിലെത്തി ഇയാൾ കൂടിക്കാഴ്ച നടത്തിയിരുന്നു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ മന്ത്രിയുമായി ചർച്ചചെയ്യുകയും ചെയ്തു. യുപി മന്ത്രിയാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ തന്നെ കാണാനെത്തിയതെന്ന് ഗവാഡെ പിന്നീട് വ്യക്തമാക്കി.
പത്തു മിനിറ്റു മാത്രമേ കൂടിക്കാഴ്ച നടത്തിയുള്ളൂ. അപ്പോൾത്തന്നെ ഇയാളുടെ പെരുമാറ്റത്തിൽ ചെറിയ സംശയം തോന്നിയിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് ഇന്റർനെറ്റിൽ പരതിനോക്കിയെങ്കിലും ഇങ്ങനെയൊരാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. എന്നാൽ തിരക്കുകൾ മൂലം പിന്നീട് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ, ഇയാൾ മന്ത്രിയായി ചമഞ്ഞ് കാൻകോനയിലെ ഒരു സ്കൂളിൽ നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തിരുന്നു.
English Summery: fake up minister arrested in goa
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.