Web Desk

മുംബൈ

June 25, 2021, 9:44 pm

മുംബൈയിലെ വ്യാജ വാക്‌സിനേഷന്‍ ക്യാമ്പ്; എട്ടുപേര്‍ അറസ്റ്റിൽ

Janayugom Online

മുംബൈയിലെ വിവിധയിടങ്ങളിൽ നടന്ന വ്യാജ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകളിൽ രണ്ടായിരത്തിലേറെ പേര്‍ കുത്തിവയ്പെടുത്ത സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്ക് ശ്രമിച്ചതിനാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഏഴ് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്ത കേസിലെ മുഖ്യപ്രതിയായ മനീഷ് ത്രിപാഠി ഒളിവിലാണ്. കേസിലെ മറ്റൊരു പ്രതി ആദിത്യ കോളജ് ഓഫ് ആര്‍ക്കിടെക്ചറിലെ ആഷിഷ് മിശ്രയെ അറസ്റ്റുചെയ്തിട്ടില്ല. മിശ്രയും മറ്റൊരു പ്രതിയായ രാജേഷ് പാണ്ഡേയും നല്‍കിയ മുന്‍കൂര്‍ ജാമ്യഹർജികള്‍ കോടതി തള്ളിയിട്ടുണ്ട്. 12.40 ലക്ഷം രൂപ പ്രതികളില്‍നിന്ന് കണ്ടെടുത്തു.

പ്രധാന പ്രതികളായ മനീഷ് ത്രിപാഠിയുടെയും മഹേന്ദ്ര സിങിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ജോയിന്റ് പൊലീസ് കമ്മിഷണര്‍ വിശ്വാസ് നംഗ്രെ പാട്ടീല്‍ പറഞ്ഞു. വ്യാജ വാക്‌സിനേഷന്‍ നടന്നെന്ന പരാതികളിലെ അന്വേഷണം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ചീഫ് പബ്ലിക് പ്രോസിക്യൂട്ടര്‍ ദീപക് താക്കറെയാണ് വ്യാഴാഴ്ച മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

വ്യാജ വാക്‌സിന്‍ നല്‍കാന്‍ ഉപയോഗിച്ച കൊവിഷീല്‍ഡ് എന്ന് ലേബലൊട്ടിച്ച ബോട്ടിലുകള്‍ ഗുജറാത്തില്‍നിന്നാണ് ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ഈ കയറ്റുമതിയുടെ ബാച്ച്‌ നമ്പറുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിന് കൊവിഷീല്‍ഡ് നിര്‍മ്മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കത്തെഴുതി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ക്യാമ്പുകളില്‍ 2,053 പേര്‍ക്കാണ് അനധികൃതമായി വാക്‌സിന്‍ നല്‍കിയതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ പൊലീസില്‍ പരാതി നല്‍കിയതായി മുംബൈ നഗരസഭയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അനില്‍ സാഖറെ അറിയിച്ചു. ഗോരേഗാവിലെ നെസ്‌കോ കൊവിഡ് സെന്ററില്‍ ഡേറ്റാ എന്‍ട്രി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡിയ യാദവാണ് സംഭവവുമായി ബന്ധപ്പെട്ട് ഒടുവില്‍ അറസ്റ്റിലായത്. വാക്‌സിനേഷന്‍ വിവരങ്ങള്‍ അനധികൃതമായി കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് ഗുഡിയയുടെ സഹായത്തോടെയാണ്. മനീഷ് ത്രിപാഠിയാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്.

Eng­lish summary:Fake Vac­ci­na­tion camp In Mum­bai, 8 Peo­ple Arrested
You may also like this video;