ഒരു കളിയും നടക്കില്ല: സുരേഷ് ഗോപിയെ പൂട്ടാനൊരുങ്ങി തച്ചങ്കരി

Web Desk
Posted on December 07, 2019, 11:03 am

തിരുവനന്തപുരം: ടോമിൻ തച്ചങ്കരിയും സുരേഷ് ഗോപിയും മലയാളികളുടെ പ്രിയ താരങ്ങളാണ്. രണ്ട് പേരും തങ്ങളുടെ മേഖലകളിൽ കഴിവു തെളിയിച്ചവരും. കേരളത്തിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ക്രൈം ബ്രാഞ്ച് മേധാവിയുമാണ് ടോമിൻ ജെ തച്ചങ്കരി. സിനിമ സംഗീതം തുടങ്ങി കലാ മേഖലയിലും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. തച്ചങ്കരി കെഎസ് ആർടിസ് മാനേജിംങ് ഡയറക്ടർ ചുമതല വഹിച്ചിരുന്നപ്പോൾ യൂണിയൻ കാരെ നേരിട്ടത് സുരേഷ് ഗോപിയെ വെല്ലുന്ന ഡയലോഗുകളിലൂടെയാണ്. കൃത്യമായി ജോലിചെയ്യിപ്പിച്ചു. മുടങ്ങാതെ ശമ്പളം ലഭിക്കാനും അല്ലലില്ലാതെ പൊതുജനങ്ങൾക്ക് യാത്രചെയ്യാനും ഇത് വഴിയൊരുക്കി. പിന്നീട് ക്രൈംബ്രാഞ്ച് മേധാവിയായി ചുമതലയേറ്റ ശേഷം അദ്ദേഹത്തെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇല്ലായിരുന്നു.

എന്നാൽ ഇപ്പോൾ ആഡംബര കാറുകളുടെ നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപി എം.പിക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ ടോമിൻ തച്ചങ്കരി അനുമതി നൽകിയതോടെ അദ്ദേഹം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്.രണ്ട് ഓഡി കാറുകൾ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വ്യാജരേഖ ചമയ്ക്കൽ, മോട്ടോർ വാഹന നിയമലംഘനം, സർക്കാരിന് നഷ്ടമുണ്ടാക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരമാവധി ഏഴ് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. ‚കേസിൽ തനിക്ക് അനുകൂലമായി മൊഴി നൽകുന്നതിന് വ്യാജ രേഖയ്ക്കായി ഉപയോഗിച്ച വിലാസത്തിലുള്ള പുതുച്ചേരിയിലെ ഫ്ളാറ്റിന്റെ ഉടമയെ സുരേഷ് ഗോപി സ്വാധീനിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. കേരളത്തിൽ നികുതി വെട്ടിക്കാൻ സുരേഷ് ഗോപി പുതുച്ചേരിയിൽ താമസിച്ചെന്ന് വ്യാജരേഖ ചമച്ചുവെന്നായിരുന്നു കേസ്. ഇതിൽ ക്രൈംബ്രാഞ്ച് കേസെടുക്കുകയും സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. രണ്ട് കാറുകളിലുമായി 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നത്. രണ്ട് വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം തയ്യാറാക്കിയത്.

you may also like this video

ഈ സംഭവത്തിൽ തച്ചങ്കരി നിയമം കടുകിഴ വിടാതെ നടപ്പിലാക്കിയാൽ ബിജെപി എംപി കുടുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്ന സമത്ത് ഇത്തരമൊരു സംഭവം നടക്കുന്നത് ബിജെപിയുടെ പ്രതിച്ഛായയെതന്നെ ബാധിക്കും. എന്നാൽ തന്റെ നിലപാടിലുറച്ച് തന്നെ നിൽക്കുകയാണ് തച്ചങ്കരി.കേസിന്റെ തുടക്കത്തിൽ അപ്പാർട്ട്മെന്റ് ഉടമയെ സ്വാധീനിച്ച് സുരേഷ് ഗോപിക്ക് അനുകൂലമായി മൊഴികൊടുപ്പിക്കാൻ ശ്രമം നടന്നു. എന്നാൽ അന്വേഷമ ഉദ്യോഗസ്ഥനായ ഡിവൈഎസ് പി ജോസി ചെറിയാനോട് കെട്ടിട ഉടമ സത്യങ്ങൾ തുറന്ന് പറഞ്ഞതോടെ കേസ് മാറി മറിയുകയായിരുന്നു. മുമ്പും മലയാള താരങ്ങൾ വാഹന രജിസ്ട്രേഷൻ കേസിൽ കുടുങ്ങിയിരുന്നു. അതിൽ ഫഹദ് പിഴയടച്ച് കേസ് ഒത്തുതീർപ്പാക്കി. അമലാ പോൾ ബംഗളുരുവിൽ രജിസ്റ്റർ ചെയ്ത വാഹനം തമിഴ് നാട്ടിലാണ് ഉപയോഗിക്കുന്നത് എന്നത് കൊണ്ട് കേസ് മുന്നോട്ടു പോയില്ല. എന്നാൽ സുരേഷ് ഗോപിയുടെ കാര്യത്തിൽ സ്ഥിതി അങ്ങനെയല്ല. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാറുകൾ തിരുവനന്തപുരത്താണ് ഉപയോഗിച്ചിരിക്കുന്നത്. തച്ചങ്കരി അന്വേഷണത്തിൽ ഉറച്ച് നിന്നാൽ രണ്ട് താരങ്ങൾ തമ്മിലുള്ള ഏറ്റ് മുട്ടലാണ് അരങ്ങേറുക. അതേസമയം അന്വേഷണത്തിൽ സുരേഷ് ഗോപിയുടെ കാറുകൾ ഡൽഹി ബംഗളുരു എന്നിവിടങ്ങളിലേക്ക് മാറ്റിയതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.