ബാലനടന്റെ പേരില്‍ വാട്സപ്പ് സന്ദേശം: പ്രതി പിടിയില്‍

Web Desk
Posted on October 19, 2019, 10:22 pm

കണ്ണൂര്‍: ബാലനടന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചു യുവ നടിമാര്‍ക്ക് സന്ദേശം അയച്ച യുവാവ് പിടിയില്‍. മലപ്പുറം പൊന്നാനി സ്വദേശി രാഹുല്‍(22) നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് പിടികൂടിയത്. സനൂപിന്റെ പേരില്‍ പ്രൊഫൈലുണ്ടാക്കി താരങ്ങളെ വിളിച്ച് അനാവശ്യം പറയുന്നതായി ചില നടിമാര്‍ സഹോദരി സനുഷയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നു സനൂപിന്റെ അച്ഛന്‍ ടൗണ്‍ പൊലിസില്‍ നല്‍കിയ പരാതിയിന്മേലാണ് ടൗണ്‍ എസ്.ഐ ബാവിഷ്, സി.പി.ഒ സഞ്ജയ് എന്നിവര്‍ യുവാവിനെ അറസ്റ്റ് ചെയ്തത്.

ചേച്ചി പല്ല് പറിക്കുന്‌പോള്‍ വേദന ഉണ്ടാകുമോ… ചേച്ചിയുടെ പാല്‍ പല്ല് കൊഴിഞ്ഞപ്പോള്‍ വേദന ഉണ്ടായിരുന്നോ എന്നിങ്ങനെയുള്ള കൊച്ചു കൊച്ചു സംഭാഷണങ്ങളാണ് രാഹുല്‍ സനൂപിന്റെ പേരില്‍ നടിമാരുമായി നടത്തി കൊണ്ടിരുന്നത്. സനൂപാണെന്ന വിശ്വാസത്തില്‍ തന്നെയായിരുന്നു നടിമാര്‍ മറുപടി നല്കിയിരുന്നതും. പിന്നെ, ചില ചോദ്യങ്ങളില്‍ സംശയം തോന്നിയതിനാലാണ് സനൂഷയോട് നടിമാര്‍ പറഞ്ഞതും. ഒരു നടിയില്‍ നിന്നുമാണ് മറ്റ് നടിമാരുടെ ഫോണ്‍ നന്പര്‍ സംഘടിപ്പിച്ചിരുന്നത്. രാത്രിയിലും പകലുമായിട്ട് നിരവധി കോളുകളാണ് സനൂപിന്റെ പേരില്‍ നടിമാരുടെ ഫോണിലേക്ക് എത്തിയത്. ഒരു ടെലിവിഷന്‍ ചാനലിലെ സരിഗമ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത പെണ്‍കുട്ടികളായ മത്സരാര്‍ഥികളെയും സനൂപിന്റെ പേരില്‍ വിളിച്ച് ഇയാള്‍ ഫോണിലൂടെ സല്ലപിച്ചിരുന്നു. അനു സിത്താര, ഭാമ, മഞ്ജുപിള്ള, റിമി ടോമി എന്നിങ്ങനെ നിരവധി നടിമാരെയാണ് രാഹുല്‍ ഫോണില്‍ വിളിച്ച് പറ്റിച്ചത്.
കണ്ണൂര്‍ ടൗണ്‍ സിഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്‌ഐ ബി.എസ്. ബാബിഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സഞ്ജയ് കണ്ണാടിപ്പറമ്പ്, ബാബു പ്രസാദ് എന്നിവര്‍ ഒരു മാസം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. സിം കാര്‍ഡിന്റെ ഉടമയെ തേടിയുള്ള അന്വേഷണത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത് മലപ്പുറം ജില്ലയിലായിരുന്നു. ഒരു സ്ത്രീയുടെ പേരിലായിരുന്നു സിം കാര്‍ഡ്. അവരുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയല്ലെന്ന് പൊലീസിനു മനസിലായി. വീട് പൊളിക്കുമ്പോള്‍ തങ്ങളുടെ സിം കാര്‍ഡ് നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പായിരുന്നു വീട് പൊളിച്ചത്. തുടര്‍ന്ന് വീട് പൊളിച്ച എല്ലാ തൊഴിലാളികളെയും വിളിച്ചു വരുത്തി പോലീസ് ചോദ്യം ചെയ്തു. ഇവരുടെ ഫോണ്‍കോളുകളുടെ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇവരാരും പ്രതികളെല്ലെന്ന് പൊലീസിനു മനസിലായി.

പൊന്നാനിയിലെ ഒരു ടവര്‍ ലൊക്കേഷന്റെ പരിധിയില്‍ നിന്നാണ് ഫോണ്‍കോളുകള്‍ വരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്ന് കൊണ്ടിരുന്നു. ഇതിനിടയില്‍ പൊന്നാനി സ്വദേശിയായ ഒരു യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. എന്നാല്‍, ഇയാളുടെ ഫോണ്‍ നന്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ടവര്‍ ലൊക്കേഷന്‍ പൊന്നാനി അല്ലെന്ന് കണ്ടെത്തുകയായിരുന്നു. എങ്കിലും പോലീസ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നു കൊണ്ടിരുന്നു. അവസാനം പൊന്നാനി സ്വദേശിയായ രാഹുലിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.