Friday
22 Feb 2019

പൊള്ളയായ കോലാഹലം

By: Web Desk | Saturday 8 September 2018 10:23 PM IST

കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിനുശേഷം വളരെ സുപ്രധാനമായ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നായിരുന്നു സംഘപരിവാര്‍-കോര്‍പ്പറേറ്റ് നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ദീര്‍ഘനാളത്തെ അവധിക്ക് ശേഷം അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായി വീണ്ടും ജോലിയില്‍ പ്രവേശിച്ച ദിവസം നടന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അദ്ദേഹം വിശദീകരിക്കുമെന്നായിരുന്നു മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ ഇത് പിന്നീട് പൊള്ളയായ ഒന്നാണെന്ന് തെളിഞ്ഞു.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന അഴിമതി സംബന്ധിച്ച വിശദീകരണം പ്രതിരോധ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും മന്ത്രിസഭായോഗത്തില്‍ നല്‍കുമെന്നായിരുന്നു കരുതിയത്. അത്തരത്തില്‍ ഒന്നും സംഭവിച്ചില്ല. മറിച്ച് കേന്ദ്രമന്ത്രിസഭയേയോ ബന്ധപ്പെട്ട സമിതികളെയോ വിശ്വാസത്തിലെടുക്കാതെയാണ് റഫാല്‍ കരാര്‍ ഒപ്പിട്ടതെന്ന കാര്യം ഒരിക്കല്‍ക്കൂടി വ്യക്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയാണ് റഫാല്‍ കരാര്‍ ഉറപ്പിച്ചത്. യുപിഎ സര്‍ക്കാരുണ്ടാക്കിയ കരാറിനെക്കാള്‍ മൂന്ന് മടങ്ങ് വില വര്‍ധിപ്പിച്ച തീരുമാനവും അദ്ദേഹത്തിന്റേതായിരുന്നു. ഇപ്പോള്‍ അധികമായി നല്‍കുന്ന ആയിരക്കണക്കിന് കോടി രൂപയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണ്. റിലയന്‍സ് ഉടമയായ അനില്‍ അംബാനിയും ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. റഫാല്‍ കരാറില്‍ അനില്‍ അംബാനിക്ക് സഹായകരമാകുന്ന തീരുമാനങ്ങളും ഉള്‍പ്പെടുത്തി. ഒരു പൊതുമേഖലാ സ്ഥാപനത്തിന് ലഭിക്കേണ്ട നേട്ടങ്ങളാണ് അനില്‍ അംബാനിക്ക് വേണ്ടി പുതിയ കരാറിലൂടെ മോഡി പാഴാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അനില്‍ അംബാനിയും റഫാല്‍ ഇടപാടുമായുള്ള ബന്ധം വിശദീകരിക്കാന്‍ പ്രധാനമന്ത്രി തയാറാകണം.
റഫാല്‍ യുദ്ധവിമാനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം ഏറെ വിചിത്രമാണ്. നിലവിലുള്ള പണപ്പെരുപ്പവും രൂപയുടെ വിനിമയനിരക്കും അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ നേരത്തെ ഉണ്ടാക്കിയ കരാറിനെക്കാള്‍ കുറഞ്ഞ വിലയാണ് ഓരോ വിമാനത്തിനും നല്‍കുന്നതെന്നാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വാദം. ഇത് ഒരു വിശദീകരണമേ അല്ല. ഓരോ റഫാല്‍ വിമാനത്തിനും എത്ര തുകയാണ് ഫ്രഞ്ച് കമ്പനിക്ക് നല്‍കുന്നതെന്ന് ജനങ്ങളോട് വെളിപ്പെടുത്താന്‍ എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തത്. പ്രധാനമന്ത്രി തന്നെ ഉള്‍പ്പെട്ട ഈ ഇടപാടില്‍ എന്തോ മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടപാട് സംബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അനേ്വഷണം എന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഇനിയും ഉറച്ചുനില്‍ക്കണം.
പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ധനവുമായി ബന്ധപ്പെട്ട ആഗോള ഘടകങ്ങള്‍ ധനമന്ത്രി ദീര്‍ഘമായി വിശദീകരിച്ചു. ആഗോളതലത്തില്‍ ക്രൂഡോയിലിന്റെ വില ഗണ്യമായി വര്‍ധിക്കുകയാണെന്നും ഇതാണ് ആഭ്യന്തര ഉപഭോക്തൃ വില കൂടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇത് പൊള്ളയാണ്. കുറച്ചുവര്‍ഷം മുമ്പ് ക്രൂഡോയിലിന്റെ വില ഇപ്പോഴത്തതിനെക്കാള്‍ ഇരട്ടിയായിരുന്നു. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില ഇപ്പോഴത്തെപോലെ മുമ്പൊരിക്കലും വര്‍ധിച്ചിട്ടില്ല. മോഡി അധികാരത്തിലെത്തിയത് മുതല്‍ ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുകയാണ് ചെയ്തത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ധനങ്ങളുടെ വില കുറയ്ക്കാന്‍ മോഡി സര്‍ക്കാര്‍ തയാറായിട്ടില്ല. പകരം ഇന്ധനങ്ങളുടെ നികുതി, സെസ് എന്നിവ 12 മടങ്ങ് വര്‍ധിപ്പിച്ചു. വാങ്ങുന്ന വിലയുടെ 85 ശതമാനവും നികുതിയായാണ് ഉപഭോക്താക്കള്‍ നല്‍കുന്നത്. ഇന്ധനവില വര്‍ധന ഏറെ ബാധിച്ചത് രാജ്യത്തെ കര്‍ഷകരെയാണ്. കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ചരക്ക് ഗതാഗതം മുതല്‍ ജലസേചനം വരെ ഡീസലിന്റെ വിലയെ ആശ്രയിച്ചിരിക്കുന്നു. ഇന്ധനവില വര്‍ധനയും റിലയന്‍സ് കമ്പനിയെ സഹായിക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ധന ഖനനം മുതല്‍ വിപണനം വരെ കൈകാര്യം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ കമ്പനിയാണ് റിലയന്‍സ്. പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയെ തഴഞ്ഞ് റയില്‍വേയ്ക്ക് ഡീസല്‍ നല്‍കുന്ന കരാര്‍ റിലയന്‍സിന് നല്‍കിയത് യാദൃശ്ചികമല്ല.
ഇന്ധനവിലയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ വാദഗതികള്‍ ഉയര്‍ത്തുന്നതിനിടെ ധനമന്ത്രി രൂപയുടെ മൂല്യച്യുതിയെക്കുറിച്ചും പറഞ്ഞു. ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപയുടെ മൂല്യം 72 രൂപയിലധികമായി. ഇതിനുള്ള കാരണവും ആഗോളഘടകങ്ങളാണെന്നാണ് ധനമന്ത്രി പറഞ്ഞത്. മറ്റ് രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യവും ഇടിയുന്നു. രൂപയുടെ മൂല്യം ഇടിഞ്ഞുതുടങ്ങിയപ്പോള്‍ ഇന്തോനേഷ്യയിലെ സമ്പദ്‌വ്യവസ്ഥയാണ് ഇതിനുള്ള കാരണമായി മോഡി സര്‍ക്കാര്‍ നിരത്തിയത്. എന്നാല്‍ അമേരിക്കയും ചൈനയുമായുള്ള വ്യാപാരയുദ്ധമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണമായി പറയുന്നത്. യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിനായി ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ സമ്മര്‍ദമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണമെന്ന് സൂചിപ്പിക്കാന്‍ പോലും ജെയ്റ്റ്‌ലി തയാറായില്ല. ഇന്ത്യയിലെ കയറ്റുമതി മിച്ചം കുറയ്ക്കുക എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് മോഡി സര്‍ക്കാര്‍ രാജ്യത്തെ തള്ളിവിടുന്നത്. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളും തകര്‍ന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നിവയൊക്കെ സാധാരണക്കാരന് അപ്രാപ്യമായി. ഇത് ജനങ്ങളെ തികച്ചും വിഷമാവസ്ഥയില്‍ എത്തിച്ചു.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാര്‍ ഉയര്‍ത്തിയ വാദഗതികള്‍ പൊള്ളയാണെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നു. ചെറുകിട ഇടത്തരം കച്ചവടക്കാരെ മാത്രമല്ല സാധാരണക്കാരെയും ചരക്ക് സേവന നികുതി സംവിധാനം ഇപ്പോഴും വേട്ടയാടുന്നു. പരോക്ഷ നികുതി വര്‍ധിപ്പിച്ചതിലൂടെ സാധാരണക്കാരന്റെ മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കപ്പെട്ടു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം മോഡി-അമിത്ഷാ ദ്വയത്തിന് കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നതിലാണ് താല്‍പര്യം. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേറ്റുകള്‍ നല്‍കിയ തുക മടക്കി നല്‍കുന്നതിനൊപ്പം വരുന്ന തെരഞ്ഞെടുപ്പിനാവശ്യമായ ഫണ്ട് കണ്ടെത്തുകയുമാണ് ഇരുവരും ലക്ഷ്യമിടുന്നത്.