സ്വന്തം ലേഖകൻ

ന്യൂഡൽഹി

December 18, 2020, 10:56 pm

മോഡിക്ക് അങ്കക്കലി

കർഷകര്‍ക്കെതിരെ പ്രധാനമന്ത്രിയും പരിവാരവും
Janayugom Online

മൂന്നാഴ്ച പിന്നിട്ട കർഷക പ്രക്ഷോഭത്തിന് ജനപിന്തുണയേറുന്നതിനിടെ കർഷകർക്കെതിരെ പടയൊരുക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്രമന്ത്രിമാരും. സമരത്തെ ഭിന്നിപ്പിച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കർഷകസംഘടനകൾ ഫലപ്രദമായി പ്രതിരോധിച്ചതോടെയാണ് രാജ്യത്തിന്റെ ജീവനാഡിയായ കർഷകർക്കെതിരെ തുറന്ന ആക്രമണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്. പുതിയ നിയമങ്ങളെ വീണ്ടും ന്യായീകരിക്കുന്നതായിരുന്നു മോഡിയുടെ വാക്കുകൾ. സുപ്രീംകോടതി കർഷകർക്ക് അനുകൂലമായി നിലപാടെടുത്തതോടെയാണ് പ്രധാനമന്ത്രിക്ക് നേരിട്ട് രംഗത്തിറങ്ങേണ്ടിവന്നിട്ടുള്ളത്. സമരത്തെ പിന്തുണയ്ക്കുന്ന പ്രതിപക്ഷപാർട്ടികളെയും മോഡി കടന്നാക്രമിച്ചു.

സമരത്തെ അടിച്ചമര്‍ത്താനും കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്നു വരുത്തി തീര്‍ക്കാനും നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് കേന്ദ്ര മന്ത്രിസഭ ഒന്നടങ്കം രംഗത്തെത്തിയിട്ടുള്ളത്. അതേസമയം മൂന്ന് നിയമങ്ങളും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കാര്‍ഷിക നിയമങ്ങള്‍ ഒരൊറ്റ രാത്രികൊണ്ട് നടപ്പിലാക്കിയതല്ലെന്നും പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാകുന്നതോടെ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം തെറ്റാണെന്നും മോഡി ആവർത്തിച്ചു. കഴിഞ്ഞ 20–30 വര്‍ഷമായി ഈ പരിഷ്‌കാരങ്ങളെ കുറിച്ച്‌ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ മാസം തന്നെ കിസാൻ സമ്മാൻ നിധിയുടെ അടുത്തഗഡു കർഷകരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുമെന്നും മോഡി പ്രഖ്യാപിച്ചു. കർഷകർ പട്ടാളക്കാരുടെ ശത്രുക്കളാണെന്ന പരാമർശമാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ നടത്തിയത്. പുതിയ നിയമങ്ങൾ കർഷകനന്മയ്ക്കുവേണ്ടിയാണെന്നും കർഷകസംഘടനകൾ സ്ഥിരമായി നിലപാട് മാറ്റുന്നുവെന്നും മന്ത്രി ആവർത്തിച്ചു.

പ്രതിപക്ഷനേതാക്കൾ തെറ്റിദ്ധാരണ പടർത്തുന്നുവെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് ന‌ഖ‌്‌വിയും രംഗത്തെത്തി. എട്ടുലക്ഷം കോടി രൂപ താങ്ങുവിലയായി കർഷകർക്ക് നൽകിയെന്നായിരുന്നു സ്മൃതി ഇറാനി ഉയർത്തിയ അവകാശവാദം. യുപിയിൽ മന്ത്രി പങ്കെടുത്ത യോഗത്തിൽ ബിജെപി എംഎൽഎ സുരേന്ദ്രസിങാണ് കൊലവിളി പ്രസംഗം നടത്തിയത്. വിദേശശക്തികളാണ് സമരത്തിന് പിന്നിലെന്ന് സുരേന്ദ്രസിങ് ആരോപിച്ചു. പ്രക്ഷോഭകാരികൾ കർഷകരല്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും പുരുഷോത്തം രുപാലയും ആരോപിച്ചു. കർഷകരുമായി ഇതുവരെ നടത്തിയ ആറ് ചർച്ചകളും പരാജയപ്പെട്ടു. അതേസമയം രാജ്യത്ത് വിവിധയിടങ്ങളിൽ സമരത്തിന് ഐക്യദാർഢ്യവുമായി പ്രതിഷേധ സമരങ്ങളും ഉപവാസ സമരങ്ങളും നടന്നു. ഓരോ ദിവസം ചെല്ലും തോറും സമരത്തിന് പിന്തുണ വർധിക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്നുമുള്ള 3000 കർഷകരടങ്ങുന്ന സംഘം നാസിക്കിൽ നിന്നും ഡൽഹിയിലേക്ക് യാത്ര തുടങ്ങി. രാജസ്ഥാൻ‑ഹരിയാന അതിർത്തിയിലെ ഷാജഹാൻപൂരിലെ സമരകേന്ദ്രത്തിലാണ് ഇവർ സമരത്തിൽ അണിചേരുക.

Eng­lish Sum­ma­ry: The Prime Min­is­ter and his entourage against the farmers

You may like this video also