വഴി തര്‍ക്കം: ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

Web Desk
Posted on October 05, 2019, 8:25 am

തിരുവനന്തപുരം: ആറ്റിങ്ങല്‍ പള്ളിയ്ക്കലില്‍ വഴി തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു  ഇതില്‍  ഒരാളുടെ നില ഗുരുതരമാണ്. പള്ളിയ്ക്കല്‍ കുന്നുംപുറത്ത് വീട്ടില്‍ അബ്ദുള്‍ റഹീമിന്റെ മകന്‍ നജീം (38) ആണ് കൊല്ലപ്പെട്ടത്. നജീമിന്റെ സഹോദരന്‍ നൈസാം, പിതാവ് അബ്ദുള്‍ റഹീം, പള്ളിയ്ക്കല്‍ കാവുവിള വീട്ടില്‍ ഷഹീര്‍, റഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നൈസാമിന്റെ നില ഗുരുതരമാണ്.

നജീം ഇന്ന് വിദേശത്തേയ്ക്ക് പോകാനിരുന്നതാണ്. വീടിനു സമീപത്തെ മതില്‍ നിര്‍മ്മാണത്തെത്തുടര്‍ന്നുണ്ടായ വഴി തര്‍ക്കമാണ് അയല്‍പക്കക്കാരായ ബന്ധുക്കള്‍ തമ്മില്‍ അക്രമത്തില്‍ കലാശിച്ചത്. പള്ളിയ്ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നജീമിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.