ഇന്തോനേഷ്യ; സ്ഫോടനം നടത്തിയത് കുടുംബ ചാവേറുകൾ

Web Desk
Posted on May 14, 2018, 12:57 pm

സുരബായ: ഞായറാഴ്ച ഇന്തോനേഷ്യയിലെ  സുരബായ നഗരത്തില്‍7  പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരക്ക് നേതൃത്വം നൽകിയത്  ആറംഗ കുടുംബം. ഒരു പള്ളിയില്‍ അമ്മയും രണ്ടു പെണ്‍മക്കളും പൊട്ടിത്തെറിച്ചപ്പോള്‍ അച്ഛനും രണ്ടാണ്‍മക്കളും ലക്ഷ്യം വെച്ചത് ഇന്തോനേഷ്യയിലെ രണ്ടാമത്തെ നഗരമായ സുരബായ. യുവതിയും പെണ്‍മക്കളും ബോംബ് സെറ്റ് ചെയ്ത ബാഗുമായിട്ടാണ് ഡിപ്പോ നെഗോറോ പള്ളിയിലേക്ക് വന്നത്. സുരക്ഷാഭടന്മാരെ അവഗണിച്ച്‌  ഇവർ പള്ളിയിലേക്ക് തള്ളിക്കയറുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ഒരാളെ കെട്ടിപ്പിടിച്ചപ്പോള്‍ സ്‌ഫോടനമുണ്ടായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുട്ടികളും അമ്മയുടെ മാതൃക പിന്തുടര്‍ന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പള്ളികള്‍ക്കും സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും നാശമുണ്ടായി.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ഐഎസിന്റെ ഉപവിഭാഗമായ ജെമാ അന്‍ഷാരത്ത് ദൗളയാണ് (ജെഎഡി) സ്‌ഫോടനം നടത്തിയതെന്ന് ഇന്തോനേഷ്യന്‍ പൊലീസ് തലവന്‍ ടിറ്റോ കര്‍ണാവിയാന്‍ പറഞ്ഞു. ജിഹാദി പോരാട്ടത്തിനായി സിറിയയില്‍ പോയി മടങ്ങി വന്ന നൂറുകണക്കിന് പേരില്‍ പെടുന്നവരാണ് ഈ കുടുംബവും.

സ്‌ഫോടനം നടത്തിയ പിതാവ് ജെഎഡിയുടെ പ്രാദേശികതലവന്‍ ഡിറ്റാ ഓയീപ്രിയാര്‍ട്ടോയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിപ്പോനെഗോറോയിലെ ഇന്തോനേഷ്യന്‍ ക്രിസ്ത്യന്‍ പള്ളിയിലേക്ക് ഓയീപ്രിയാര്‍ട്ടോ ഭാര്യ പുജി കുസ്‌വതിയെയും ഒൻപതും  പന്ത്രണ്ടും വയസ്സുകാരായ പെണ്‍മക്കളെയും ചാവേറുകളായി ഇറക്കി വിടുകയായിരുന്നു. ഇവര്‍ സ്വയം പൊട്ടിത്തെറിച്ച്‌ നാശം വിതച്ചു. ഭാര്യയെയും പെണ്‍മക്കളെയും ഇറക്കി വിട്ട ശേഷം ബോംബ് സജ്ജീകരിച്ചിരുന്ന കാര്‍ ഓയീപ്രിയാര്‍ട്ടോ സുരബായ സെന്ററിലെ പെന്തകോസ്തു പള്ളിയിലേക്കാണ് ഓടിച്ചു പോയത്. പതിനാറും പതിനെട്ടും പ്രായത്തിലുള്ള ആണ്‍മക്കളെ ബോംബ് ഘടിപ്പിച്ച മോട്ടോര്‍ സൈക്കിളില്‍ സാന്താമരിയാ കത്തോലിക്കാ പള്ളിയിലേക്കും പറഞ്ഞുവിട്ടു. പ്രാദേശികസമയം രാവിലെ 7.30 യ്ക്ക് രണ്ടു പേരും കേവലം അഞ്ചു മിനിറ്റ് വ്യത്യാസത്തിലാണ് പൊട്ടിത്തെറിച്ചത്. 40 ലധികം പേര്‍ക്ക് പരിക്കേറ്റ സ്‌ഫോടനം ഇന്തോനേഷ്യയുടെ പത്തു വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും മാരകമാണ്.

ഏറ്റവും ഒടുവിലാണു പ്രിയാന്തോ ആക്രമണം നടത്തിയത്. പെന്തക്കോസ്ത് പള്ളിയിലായിരുന്നു ആക്രമണം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇയാള്‍ പള്ളിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 10 മിനിറ്റിനുള്ളില്‍ ആക്രമണങ്ങളെല്ലാം പൂര്‍ത്തിയായി. അതേസമയം കുടുംബത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇന്തോനേഷ്യ പുറത്തു വിട്ടിട്ടില്ല. ഞായറാഴ്ച സുരബായയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരണമടഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ സുരബായ പൊലീസ് സ്‌റ്റേഷനു സമീപവും സ്‌ഫോടനമുണ്ടായി. വാഹനത്തില്‍ വെച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.