
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാന്‍ കൂടുതൽ ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭ. ഡാർഫർ, കോർഡോഫാൻ എന്നീ പ്രദേശങ്ങളിൽ യുദ്ധവും ഉപരോധവും മൂലം ഭക്ഷണം, വെള്ളം, മാനുഷിക സഹായം എന്നിവ തടസപ്പെട്ടിരിക്കുകയാണ്. ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സുഡാനിലുടനീളം 21 ദശലക്ഷത്തിലധികം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. എൽ ഫാഷർ, നോർത്ത് ഡാർഫർ, സൗത്ത് കോർഡോഫാൻ, കടുഗ്ലി എന്നീ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടുംബങ്ങൾ ഇലകൾ, പുല്ല്, മൃഗങ്ങളുടെ തീറ്റ എന്നിവ കഴിച്ച് ജീവിക്കുന്നതായാണ് റിപ്പോര്‍ട്ട്.
സുഡാനിൽ ഏകദേശം 3,75,000 ആളുകൾ ഇതിനകം തന്നെ ദുരന്തകരമായ പട്ടിണി നേരിടുന്നുവെന്ന് ഐപിസി പറയുന്നു. കഴിഞ്ഞ ആഴ്ച എൽ ഫാഷർ അര്‍ധസെെനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്‌എഫ്) ഏറ്റെടുത്തതിനെത്തുടർന്ന് സ്ഥിതിഗതികൾ കൂടുതല്‍ വഷളാക്കി. സഹായ പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നു. സഹായ വാഹനവ്യൂഹങ്ങൾക്ക് ഉടനടി സുരക്ഷിതമായ വഴിയൊരുക്കണമെന്ന് യുഎൻ ഓഫിസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (ഒസിഎച്ച്എ) ആവശ്യപ്പെട്ടു. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) പ്രകാരം, ഒക്ടോബർ അവസാനം മുതൽ ഏകദേശം 71,000 ആളുകൾ എൽ ഫാഷറിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും പലായനം ചെയ്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും തവില പട്ടണത്തിലെ തിരക്കേറിയ ക്യാമ്പുകളിലേക്കാണ് പലായനം ചെയ്തത്. നഗരത്തിന് ഏകദേശം 70 കിലോമീറ്റർ പടിഞ്ഞാറുള്ള തവിലയിൽ, സ്ഥിതി വളരെ മോശമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച കടുഗ്ലിയിലുണ്ടായ മിസൈൽ ആക്രമണങ്ങളിൽ അഭയാർത്ഥി ക്യാമ്പുകളിലുള്ള എട്ട് കുട്ടികൾ കൊല്ലപ്പെട്ടതായി യുഎൻ ചിൽഡ്രൻസ് ഫണ്ട് (യുണിസെഫ്) റിപ്പോർട്ട് ചെയ്തു. സുഡാന്റെ 4.16 ബില്യൺ ഡോളറിന്റെ മാനുഷിക പ്രതികരണ പദ്ധതിയുടെ 28% മാത്രമേ ഈ വർഷം നൽകിയിട്ടുള്ളൂ. ഇതുമൂലം ദുരിതാശ്വാസ പ്രവർത്തനങ്ങൾ അപകടത്തിലാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
അതേസമയം, എൽ ഫാഷർ നഗരം ആർഎസ്‌എഫ് പിടിച്ചെടുത്തതിനുശേഷം, സാധാരണക്കാര്‍ക്കെതിരായ കൂട്ട വധശിക്ഷകളും ലൈംഗിക അതിക്രമങ്ങളും തുടരുകയാണെന്ന് ഒസിഎച്ച്എ പറഞ്ഞു. ഒക്ടോബർ 26 നും 31 നും ഇടയിൽ ബാര, ഉം റവാബ, പരിസര ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 37,000 ആളുകളെ മാറ്റിപാർപ്പിച്ചതായി ഐഒഎം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.