കാഞ്ഞങ്ങാട്ടേക്ക് വന്നതല്ലേ… ഇതെല്ലാം ഒന്ന് കണ്ട് പോയ്ക്കോപ്പാ

ഒ പ്രതീഷ്
Posted on November 28, 2019, 9:15 am

കാഞ്ഞങ്ങാട്: ” കാഞ്ഞങ്ങാട്ടേക്ക് വന്നതല്ലേ… ഇതെല്ലാം ഒന്ന് കണ്ട് പോയ്ക്കോപ്പാ’… സ്കൂൾ കലോത്സവത്തിനായി കാഞ്ഞെങ്ങാട്ടെത്തിയവരോട് നാട്ടുകാർ പറയുന്നത് ബേക്കൽ കോട്ട കാണാൻ പോകാനാണ്. കാഞ്ഞങ്ങാടിന്റെ പ്രധാന ആകർഷണമാണ് ബേക്കൽ കോട്ട.

കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും പതിനൊന്ന് കിലോമീറ്റർ അപ്പുറത്ത് അറബി കടലിനരികിലാണ് ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. മുപ്പത്തിയഞ്ച് ഏക്കർ സ്ഥലത്തായി കോട്ട പരന്ന് കിടക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 130 അടിയോളം ഉയർന്നാണ് ബേ­ക്കൽ കോട്ടയുളളത്. ചെങ്കല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്ന കോട്ട ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. സമുദ്രതീരത്ത് വൻ കോട്ടമതിലുണ്ട്, ഇതിൽ ഇടക്കിടെ കൊത്തളങ്ങൾ തീർത്ത് ശക്തിപ്പെടുത്തിയിരിക്കുന്നു. ഇവയ്ക്കു പുറമേ നിരീക്ഷണഗോപുരങ്ങൾ, ഭൂമിക്കടിയിലെ തുരങ്കങ്ങൾ എന്നിവയും കോട്ടയുടെ പ്രത്യേകതയാണ്. കോട്ടയുടെ മദ്ധ്യത്തിലുള്ള ചെരിഞ്ഞ പ്രവേശനമാർഗ്ഗമുള്ള നിരീക്ഷണഗോപുരവും കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണഗോപുരവും പ്രത്യേകം പരാമർശയോഗ്യമാണ്. 24 മീറ്റർ ചുറ്റളവും 9 മീറ്ററിലധികം ഉയരവുമുള്ള ഇതിലേക്കുള്ള പ്രവേശനമാർഗ്ഗം, യുദ്ധോപകരണങ്ങൾ മുകളിലേക്കെത്തിക്കുന്നതിനായി ചെരിവുതലമായി രൂപപ്പെടുത്തിയിരിക്കുന്നു.

ബേക്കലിൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന കോട്ട ഇക്കേരി നായ്ക്കന്മാരുടെ ആധിപത്യത്തിൽ 1657‑ൽ പണികഴിപ്പിച്ചതും പിന്നീട് മൈസൂർ രാജാക്കന്മാരുടെ കാലത്ത് പുതുക്കി പണിതതുമാണ്. നായ്ക്കന്മാരിൽ നിന്ന് 1763‑ലാണ് ഹൈദരലി ബേക്കൽ കോട്ട പിടിച്ചടക്കുന്നത്. 1792‑ൽ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മേഖലയിലെ വസ്തുവകകളെല്ലാം ഈസ്റ്റിന്ത്യ കമ്പനിയുടെ അധീനതയിലായെങ്കിലും ബേക്കൽ കോട്ട മാത്രം ഹൈദരലിയുടെ മകൻ ടിപ്പു സുൽത്താന്റെ കൈകളിലായിരുന്നു. എന്നാൽ 1799ൽ ടിപ്പു മരിച്ചപ്പോൾ ബേക്കൽ കോട്ട ഈസ്റ്റിന്ത്യ കമ്പനിയുടെ കൈകളിലായി.

ബേക്കൽ കോട്ട നിലവിൽ ലോക പ്രശസ്തമായ ടൂറിസം കേന്ദ്രമാണ്. ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ബേക്കൽ ടൂറിസം ഡവലപ്മെന്റ് പ്രോജക്ട് 1996 ഏപ്രിലിൽ ആരംഭിച്ചതോടെ മേഖല ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമാണ് നടത്തിയിരിക്കുന്നത്. 210 ഏക്കറിൽ 1500 കോടി രൂപയോളം വരുന്ന ടൂറിസം വികസനം ഈ മേഖലയിൽ ബിആർഡിസിയുടെ കീഴിൽ നടക്കുന്നു. നിലവിൽ താജ് ഗ്രൂപ്പിന്റെതടക്കമുള്ള ഹോട്ടൽ ശൃംഖല ഇവിടെ പ്രവർത്തിച്ച് വരുന്നു. ബേക്കലിൽ കോട്ടയ്ക്കടുത്ത് ഇരുപത്തിയഞ്ച് ഏക്കർ സ്ഥലത്ത് മനോഹരമായ ബീച്ചും സഞ്ചാരികളെ ആകർഷിച്ചുവരുന്നു. മനോഹരമായ പൂന്തോട്ടവും കുതിരവണ്ടി സവാരിക്കുള്ള സൗകര്യവുമൊക്കെ ബീച്ചിനെ ശ്രദ്ധേയമാക്കുന്നു.