കാണുന്നുണ്ടോ ഈ ആരാധകനെ ബ്ലാസ്‌റ്റേഴ്‌സ്

Web Desk
Posted on December 15, 2017, 8:29 pm

കൊച്ചി :ട്രെയിന്‍ വൈകുംതോറും അബ്ദുള്‍ റഹ്മാന്‍ അക്ഷമനായി. എറണാകുളത്തെത്തിയിട്ട് പണിയുണ്ട്. പഴയ ജേഴ്‌സിയണിഞ്ഞ സി.കെ. വിനീതിന്റെ ചിത്രംവച്ച് ഒരു ഫ്‌ളക്‌സ് അടിക്കണം. അതുമായി വൈകുന്നേരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിനു പോകണം.ഇതുപോലുള്ള ആരാധകരാണ് ഫുട്‌ബോളിനെ ഇപ്പോഴും നിലനിര്‍ത്തുന്നത് .കച്ചവട സംസ്‌കാരത്തിന്റെ പേരില്‍ ആരാധകരെ ചവിട്ടികൂട്ടുന്ന പുതിയ ക്ലബ് അധികാരികള്‍ കണ്ടു പഠിക്കണം ഇത്തരം ആരാധകരെ
വെള്ളിയാഴ്ച്ച രാവിലെ ചങ്ങാശേരി റെയില്‍വേ സ്റ്റേഷനിലാണ് വര്‍ഷങ്ങള്‍ക്കുശേഷം ഇദ്ദേഹത്തെ കണ്ടത്. കേരളത്തിലെ ആദ്യത്തെ പ്രഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ് എഫ് സി കൊച്ചിന്റെ നിഴലുപോലെ നടന്നിരുന്ന, ടീമിന്റെ മത്സര വേദികളില്‍ തലയില്‍ ഒട്ടിച്ചുവച്ചതുപോലെ പന്തുകൊണ്ട് മാന്ത്രികവിദ്യകള്‍ കാട്ടിയിരുന്ന ആരാധകന്‍.
എഫ്.സി ചരിത്രമായതിനുശേഷം വിവ കേരളയുടെയും ഈഗിള്‍സിന്റെയുമൊപ്പമുണ്ടായിരുന്ന ഇദ്ദേഹം ഇപ്പോഴും ഫുട്‌ബോള്‍ ആവേശത്തിന്റെ ചിറകേറി പറന്നുകൊണ്ടേയിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ
ഇതുവരെയുള്ള എല്ലാ മത്സരവും നേരിട്ടു കണ്ടു. ഗോവയിലെ കളികഴിഞ്ഞ് നാട്ടിലെത്തി,
ചങ്ങാശേരിയിലെ തറവാട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടാണ് കൊച്ചിയിലേക്കുള്ള യാത്ര. ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍ ജേഴ്‌സിയും കഴുത്തിലണിയാറുള്ള ഫ്‌ളക്‌സ് ബാനറും ജാലവിദ്യക്കുള്ള പന്തുമൊക്കെ കയ്യിലുണ്ട്.
ചങ്ങനാശേരി പുതൂര്‍പ്പള്ളിക്കു സമീപം മുല്ലശ്ശേരി കുടുംബാംഗമായ അബ്ദുള്‍ റഹ്മാന്‍ കളിക്കാരനായാണ് ഫുട്‌ബോളിനൊപ്പം കൂടിയത്.
മുന്‍ ഇന്ത്യന്‍ താരങ്ങളായ
കെ.ടി. ചാക്കോയും കുരികേശ് മാത്യുവുമൊക്കെ ചങ്ങനാശേരിയിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലുണ്ടായിരുന്ന കാലത്ത്. പിന്നീട് താരങ്ങളുടെയും ടീമുകളുടെയും ക്ലബ്ബുകളുടെയും ആരാധകനും സഹായിയും പാചകക്കാരനുമൊക്കെയായി യാത്ര തുടരുകയായിരുന്നു.
കുടുംബസമേതം പയ്യന്നൂരിലാണ് താമസം. വരുമാനമാര്‍ഗം ആക്രി കച്ചവടമാണെങ്കിലും അതിനുവേണ്ടി ഫുട്‌ബോള്‍ യാത്രകള്‍ ഒഴിവാക്കുന്ന പ്രശ്‌നമില്ല.
ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെയും ആരാധകരുടെയുമൊക്കെ അടുപ്പക്കാരന്
കളികാണാനുള്ള ടിക്കറ്റ് എവിടെയും റെഡിയായിരിക്കും. യാത്രയ്ക്കുള്ള കാശ് പോക്കറ്റില്‍നിന്നു പോകും. ഫുട്‌ബോള്‍ ആവേശം പ്രാണവായുപോലെ കൊണ്ടുനടക്കുന്നയാള്‍ക്ക് അതു പ്രശ്‌നമേയല്ല.
‘ബ്ലാസ്റ്റേഴ്‌സിന്റെ കാര്യം ഇത്തവണ പാടാണ് അല്ലേ?” ഞങ്ങളുടെ സംസാരം കേട്ടിരുന്ന യുവാവിന്റെ ചോദ്യം.
‘ആ ജേഴ്‌സി മാറ്റിയാല്‍ തീരുന്ന കുഴപ്പമേയൊള്ളൂ. ആഞ്ഞുപിടിച്ചാല്‍ കപ്പും അടിക്കാം”.