25 July 2024, Thursday
KSFE Galaxy Chits Banner 2

Related news

July 14, 2024
July 12, 2024
June 28, 2024
June 22, 2024
June 20, 2024
May 22, 2024
May 6, 2024
April 28, 2024
March 20, 2024
February 18, 2024

ഭക്ഷ്യ സുരക്ഷയില്‍ ദീര്‍ഘകാല ആഘാതം സൃഷ്ടിക്കുമെന്ന് എഫ്എഒ

Janayugom Webdesk
July 11, 2022 11:48 pm

ഉക്രെയ്‍നിലെ റഷ്യന്‍ സെെനിക നടപടി അഭയാര്‍ത്ഥി പ്രതിസന്ധികള്‍ക്കൊപ്പം ഗുരുതര ആഗോള ഭക്ഷ്യക്ഷാമത്തിനും കാരണമായതായി ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനെെസേഷന്‍(എഫ്എഒ). കാര്‍ഷിക വിപണിയിലെ ഉക്രെയ്‍ന്റെയും റഷ്യയുടെയും പ്രാധാന്യവും സംഘര്‍ഷവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും വിശദീകരിക്കുന്ന എഫ്എഒ റിപ്പേ­ാര്‍ട്ടിലാണ് ആഗോള ഭക്ഷ്യസുരക്ഷ ഗുരുതര ഭീഷണി നേരിടുന്നതായി പറയുന്നത്.
ലോകത്തിലെ കാര്‍ഷിക ഉല്പന്നങ്ങളുടെ ഏറ്റവും വലിയ ഉല്പാദകരാണ് റഷ്യയും ഉക്രെയ്‍നും. 2021 ലെ കണക്കനുസരിച്ച് ബാര്‍ലി, ചോളം, സൂര്യകാന്തി എണ്ണ എന്നിവയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ഇരുരാജ്യങ്ങളും. അഞ്ച് മാസമായി നീളുന്ന സെെനിക നടപടി ഉക്രെയ്‍ന്റെ കാര്‍ഷിക ഉല്പാദനത്തെയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും പരിമിതപ്പെടുത്തി. ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറഞ്ഞതോടെ ഭക്ഷ്യ അരക്ഷിതത്വവും പോഷാകാഹാര കുറവും രാജ്യത്ത് വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യയുടെയും ഉക്രെയ്‌ന്റെയും ഭക്ഷ്യ കയറ്റുമതിയിൽ സെെനിക നടപടി ദീര്‍ഘകാല ആഘാതം സൃഷ്ടിക്കുകയാണെങ്കിൽ, 2022–23 വര്‍ഷത്തില്‍ ആഗോളതലത്തില്‍ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം എട്ട് മുതല്‍ 13 ദശലക്ഷം വരെ വർധിക്കുമെന്നാണ് എഫ്എഒ കണക്കാക്കുന്നത്. റഷ്യയില്‍ നിന്നും ഉക്രെയ്‍‍നില്‍ നിന്നും ഭക്ഷ്യവസ്തുക്കളും വളവും ഇറക്കുമതി ചെയ്യുന്ന അവികസിത രാജ്യങ്ങളെയും ( എല്‍ഡിസി) കുറഞ്ഞവരുമാനമുള്ള ഭക്ഷ്യകമ്മി രാജ്യങ്ങളെയുമാണ് സംഘര്‍ഷം ഏറ്റവും കൂടുതല്‍ ബാധിച്ചത്.
ഗോതമ്പിന്റെയും ബാർലിയുടെയും ആഗോളതലത്തിലെ വില 2021‑ൽ 31 ശതമാനമായാണ് ഉയര്‍ന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ സ്വീകരിച്ച കയറ്റുമതി നിയന്ത്രണങ്ങൾ ആഗോള ആവശ്യകതയിലും വിതരണത്തിലുമുള്ള വിടവ് വർധിപ്പിച്ചു. 2021–22 ലെ അപേക്ഷിച്ച് 2022–23 ൽ ഉക്രെയ്‍നിന്റെ ഗോതമ്പു കയറ്റുമതി 50 ശതമാനം കുറയുമെന്നാണ് എഫ്എഒയുടെ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ചോള ഉല്പാദനത്തിൽ 32 ശതമാനം ഇടിവുണ്ടായേക്കും.
സൂര്യകാന്തി എണ്ണയുടെ ലോക കയറ്റുമതി വിഹിതത്തിന്റെ 72 ശതമാനവും ഉക്രെയ്‌നും റഷ്യയും ചേർന്നുള്ളതാണ്. സൂര്യകാന്തി എണ്ണയ്ക്കുള്ള ബദൽ വിതരണങ്ങൾ പരിമിതമായതിനാല്‍, ആഗോളതലത്തിൽ പച്ചക്കറിയുടെയും മറ്റ് പാചക എണ്ണയുടെയും വില വർധനയ്ക്കും സംഘര്‍ഷം കാരണമായി.
മറ്റ് അവശ്യസാധനങ്ങള്‍ കൂടാതെ, ഊർജ സ്രോതസുകൾ കാർഷിക മേഖലയ്ക്ക്, പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍ വളരെ നിർണായകമാണ്. ഊർജത്തിനായി റഷ്യയെ ആശ്രയിക്കുന്ന വികസിത പ്രദേശങ്ങളിലെ കാർഷിക ഉല്പന്നങ്ങളെയും യുദ്ധം ബാധിക്കും. ഊർജ ഉല്പാദനത്തിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിലൊന്നാണ് റഷ്യ. ഉയർന്ന ഊർജ വില ക്രമേണ ഭക്ഷ്യധാന്യങ്ങളുടെ വില വർധിപ്പിക്കുകയും ആഗോള ഭക്ഷ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുകയും ചെയ്യും. സംഘര്‍ഷം ആരംഭിച്ചതോടെ റെക്കോഡ് വേഗത്തിലാണ് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചത്.
സംഘര്‍ഷത്തിനിടയില്‍ ഈ വർഷം ഉക്രെയ്‍നിൽ സാധാരണ വിളവെടുപ്പ് ചക്രങ്ങൾ പൂർത്തിയാകുമോ എന്ന ആശങ്കയുണ്ട്. ഉക്രെയ്‍നിലെ തുറമുഖങ്ങളും എണ്ണക്കുരു ഫാക്ടറികളും അടച്ചുപൂട്ടിയതിനാൽ വിളകളുടെ കയറ്റുമതിയെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്. റഷ്യക്ക് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ കയറ്റുമതിയെ അനിശ്ചിതത്വത്തിലാക്കി.
സജീവ പോരാട്ടത്തിന്റെ പ്ര­ത്യാഘാതങ്ങള്‍ റഷ്യയെ ബാധിക്കുന്നില്ലെങ്കിലും, സാമ്പത്തിക ഉപരോധം കീടനാശിനികളും വിത്തുകളും പോലുള്ള കാർഷിക ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിനെ തടസപ്പെടുത്തി. വരാനിരിക്കുന്ന വിളവെടുപ്പ് ചക്രങ്ങളിൽ റഷ്യ ഉല്പാദിപ്പിക്കുന്ന വിളകളുടെ ഗുണനിലവാരത്തിലും അളവിലും ഇത് ദോഷകരമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നും എഫ്എഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: FAO says it will have a long-term impact on food security

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.