Web Desk

ന്യൂഡല്‍ഹി

January 14, 2021, 2:54 pm

കര്‍ഷക സമരം; സുപ്രീംകോടതി സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മാൻ പിൻമാറി

Janayugom Online

കര്‍ഷക സമരം പരിഹരിക്കുന്നതിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മാൻ പിൻമാറി.കര്‍ഷക താല്‍പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കാൻ താല്‍പര്യമില്ലാത്തതു കൊണ്ടാണ് സമിതിയില്‍ നിന്ന് പിൻമാറുന്നതെന്ന് ഭൂപീന്ദര്‍ സിങ് പറഞ്ഞു.ഭൂപീന്ദർ സിങ് മൻ കഴിഞ്ഞമാസം ഒരു സംഘവുമായി കേന്ദ്ര കൃഷിമന്ത്രിയെ കണ്ട് നിയമങ്ങൾ ചില ഭേദഗതിയോടെ നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. സമിതി അംഗങ്ങൾ നിയമങ്ങൾക്ക് അനുകൂലമായി നിലപാടെടുത്തവരാണെന്നും അതിനാൽ ചർച്ചയ്ക്കില്ലെന്നും കർഷക നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

‘ഒരു കർഷകനെന്ന നിലയിലും ഒരു യൂണിയൻ നേതാവെന്ന നിലയിലും കർഷക സംഘടനകളിലും പൊതുജനങ്ങളിലും പൊതുവെ നിലനിൽക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുത്ത്, പഞ്ചാബിന്റെയും കർഷകരുടേയും താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ എനിക്ക് വാഗ്ദാനം ചെയ്ത ഏത് സ്ഥാനത്ത് നിന്നും പിന്മാമാറാൻ ഞാൻ തയ്യാറാണ്. സമിതിയിൽ നിന്ന് ഞാൻ പിന്മാറുന്നു. ഞാൻ എല്ലായ്പ്പോഴും എന്റെ കർഷകർക്കൊപ്പവും പഞ്ചാബിനൊപ്പവും നിൽക്കുന്നു’, മൻ പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേഗദതിക്ക് സുപ്രീംകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു.

യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സ്ഥിതി ഇത്രയും വഷളാകുന്നത് വരെ നിശബ്ദത പാലിച്ച പ്രധാനമന്ത്രി തങ്ങളോട് മാപ്പ് പറയണമെന്നും കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞിരുന്നു.കര്‍ഷകസമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയില്‍ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്നാണ് കര്‍ഷക സംഘടനകള്‍ പറഞ്ഞത്.

Eng­lish sum­ma­ry: Farm­ers protest followup
You may also like this video: