September 29, 2023 Friday

Related news

September 24, 2023
July 12, 2023
July 11, 2023
July 7, 2023
July 1, 2023
June 26, 2023
June 15, 2023
June 13, 2023
June 12, 2023
June 10, 2023

ഒത്തുതീര്‍പ്പിനില്ല; കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം, ഒമ്പതിനുള്ളില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം

Janayugom Webdesk
ന്യൂഡല്‍ഹി
June 2, 2023 10:52 pm

ഗുസ്തിതാരങ്ങളുടെ പരാതിയില്‍ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ഈ മാസം ഒമ്പതിന് മുമ്പ് അറസ്റ്റ് ചെയ്കില്ലെങ്കില്‍ ദേശവ്യാപക പ്രക്ഷോഭത്തിലേക്കെന്ന് കര്‍ഷക നേതാക്കള്‍. ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ഹരിയാനയിലെ കുരുക്ഷേത്രയില്‍ ഖാപ് പഞ്ചായത്ത് ചേര്‍ന്നു.

ബ്രിജ് ഭൂഷണിന്റെ അറസ്റ്റില്‍ കുറഞ്ഞ ഒരു ഒത്തുതീര്‍പ്പിനും ഞങ്ങള്‍ തയ്യാറല്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. അല്ലാത്തപക്ഷം ഈ മാസം ഒമ്പതിന് ഗുസ്തിതാരങ്ങള്‍ക്കൊപ്പം ജന്തര്‍മന്ദറിലേക്ക് പോകുകയും രാജ്യവ്യാപകമായി കര്‍ഷക പഞ്ചായത്തുകള്‍ വിളിച്ചുചേര്‍ക്കുമെന്നും ടിക്കായത് അറിയിച്ചു. കായിക താരങ്ങള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നും ടികായത് ആവശ്യപ്പെട്ടു.

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടി ഉണ്ടായില്ല. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ഒടുവില്‍ പരാതിയിന്മേല്‍ കേസ് എടുക്കാന്‍ ഡല്‍ഹി പൊലീസ് തയ്യാറായത്. ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്ന കേന്ദ്ര നിലപാടിനെതിരെ മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ താരങ്ങള്‍ തീരുമാനിച്ചെങ്കിലും കര്‍ഷക നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

അതേസമയം ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിനെതിരെ ബ്രിജ് ഭൂഷണ്‍ പ്രഖ്യാപിച്ച റാലി റദ്ദാക്കി. അ‍ഞ്ചിന് അയോധ്യയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ജന്‍ ചേതന്‍ മഹാറാലിയാണ് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് മാറ്റിവച്ചത്. പതിനായിരക്കണക്കിന് ആളുകളെ റാലിയില്‍ അണിനിരത്തുമെന്ന് ബ്രിജ് ഭൂഷണ്‍ പ്രഖ്യാപിച്ചിരുന്നു.

15 തവണ ലൈംഗികാക്രമണം നടത്തി

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. 15 തവണ ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നതായി കണ്ടെത്തി. ബ്രിജ് ഭൂഷണെതിരെ രണ്ട് എഫ്‌ഐആറാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിതാ താരങ്ങളാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയത്.

ലൈംഗിക ഉദ്ദേശത്തോടെ മാറിടത്തില്‍ സ്പര്‍ശിച്ചുവെന്നും സംസാരിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു. 2012 മുതല്‍ 2022 വരെയുള്ള കാലയളവിലാണ് അതിക്രമങ്ങള്‍ നടന്നിട്ടുള്ളത്. മൂന്നുവർഷത്തെ തടവുശിക്ഷ ലഭിക്കാവുന്ന 354, 354 (എ), 354 (ഡി), 34 എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Eng­lish Sum­ma­ry: Farmer leader Rakesh Tikait warns govt: ‘Arrest wrestling body chief Brij Bhushan by June 9
You may also like this video

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.