പപ്പായ വരുമാനമാര്‍ഗമാക്കിയ കര്‍ഷകന്‍

Web Desk
Posted on October 13, 2018, 2:30 pm

മനുപോരുവഴി

വ്യത്യസ്തമായ കൃഷി രീതിയിലൂടെ ശ്രദ്ധേയനാകുകയാണ് കോഴിക്കോട്ടുകാരനായ പി എം സെബാസ്റ്റ്യന്‍. പപ്പായയെന്നു കേട്ടാല്‍ അത്ഭുതം തോന്നാത്ത നമുക്ക് പപ്പായ കൃഷി ഒരു മെച്ചപ്പെട്ടവരുമാന മാര്‍ഗമാണെന്ന് ഇദ്ദേഹം സ്വന്തം അധ്വാനത്തിലൂടെ തെളിയിക്കുന്നു.
ഔഷധ ഗുണമുള്ള റെഡ് ലേഡി പപ്പായ കൃഷിക്കായി തിരഞ്ഞെടുത്താണ് സ്വന്തം അധ്വാനത്തിലൂടെ ഇദ്ദേഹം നൂറുമേനി വിളവു കൊയ്യുന്നത്.

വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ സൂപ്രണ്ടായി രണ്ട് വര്‍ഷം മുന്‍പ് വിരമിച്ച കോഴിക്കോട് കട്ടിപ്പാറ സ്വദേശിയായ സെബാസ്റ്റ്യന്‍ നഗരത്തില്‍ തന്നെയുള്ള വെള്ളിമാടുകുന്ന് സിഎച്ച് കോളനിയിലാണ് താമസം. താമസസ്ഥലത്തിന് സമീപത്തായി കാട് പിടിച്ചുകിടന്നിരുന്ന ഏഴ് സെന്റ് സ്ഥലത്ത് ഒരു വര്‍ഷം മുന്‍പ് അഞ്ച് റെഡ് ലേഡി പപ്പായ തൈകള്‍ നടുകയായിരുന്നു. രണ്ടരമാസം കൊണ്ട് പൂവിട്ട പപ്പായ ആറര മാസമായപ്പോള്‍ വിളവെടുക്കാനായി പാകമായി. അഞ്ച് എണ്ണത്തില്‍ നിന്നായി ഏകദേശം അഞ്ച് കിന്റലോളം പപ്പായ ലഭിച്ചു. ഏകദേശം നാല് കിലോഗ്രാം തൂക്കമുള്ള കായ്കള്‍ വരെ ഇതിലുണ്ടായിരുന്നു. വിപണിയില്‍ എത്തിച്ചപ്പോഴാകട്ടെ കിലോയ്ക്ക് ശരാശരി ഇരുപത്തിയഞ്ച് രൂപ നിരക്കില്‍ ലഭിച്ചു. ലാഭകരമായി കൃഷി ചെയ്യുവാന്‍ കഴിയുന്നതിനാല്‍ പിന്നെ റെഡ് ലേഡി പപ്പായയുടെ കൃഷി വ്യാപിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

തായ്‌ലന്റിലെ ഹൈബ്രീഡ് വിത്തായതിനാല്‍ നമ്മുടെ കാലാവസ്ഥയില്‍ വളരുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും നല്ല വിളവാണ് തുടക്കത്തില്‍ തന്നെ ലഭിച്ചത്. പിന്നീട് വീടിനടുത്തായി അന്‍പത്തിയാറോളം തൈകളും പാട്ടത്തിനെടുത്ത ഏഴ് ഏക്കര്‍ സ്ഥലത്തായി മുന്നൂറ്റി ഇരുപത്തിയഞ്ച് തൈകളും നട്ട് റെഡ് ലേഡി പപ്പായ കൃഷി വിപുലമാക്കി കൃഷിയിലൂടെ നേട്ടമുണ്ടാക്കി മുന്നേറുകയാണ് സെബാസ്റ്റ്യന്‍. ബിഎസ്‌സി സുവോളജി കഴിഞ്ഞ ഇദ്ദേഹം കൃഷിയില്‍ വ്യത്യസ്തമായ പല കൃഷിരീതികളും വിജയകരമായി നടപ്പാക്കി വിജയിച്ചയാളാണ്.
രണ്ട് അടി സമചതുരത്തില്‍ കുഴിയെടുത്ത് പകുതിഭാഗം ഉമിയും മണ്ണും അരയടി കംമ്പോസ്റ്റ് മണ്ണും നിറച്ച് തൊണ്ണൂറ് കിലോഗ്രാം ഉണക്ക ചാണകപ്പൊടി, പത്ത് കിലോ ഗ്രാം വേപ്പിന്‍ പിണാക്ക്, ഒരു കിലോഗ്രാം ട്രെക്കോ ഡേര്‍മ എന്നിവ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന കംമ്പോസ്റ്റ് ആണ് കൃഷിക്കായി ഉപയോഗിക്കുന്നത്. രണ്ടരമീറ്റര്‍ അകലത്തിലാണ് പപ്പായ ചെടികള്‍ നടുന്നത്.

സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസത്തില്‍ നട്ടാല്‍ വളര്‍ച്ചയ്ക്ക് പ്രയോജനകരമാകുമെന്നതിനാല്‍ ഈ കാലയളവിലാണ് ചെടികള്‍ നടാറുള്ളത്. ചെടികള്‍ നട്ട ശേഷം പതിനഞ്ച് മുതല്‍ ഇരുപത് ദിവസത്തിനുള്ളില്‍ മേല്‍മണ്ണ് ചെറുതായി ഇളക്കി കരിയിലയിട്ടുകൊടുക്കുകയും ഇരുപത് ദിവസം കഴിയുമ്പോള്‍ മണ്ണ്, പച്ചച്ചാണകം, കടലമാവ്, ശര്‍ക്കര, കടലപ്പിണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് ബാരലില്‍ കലക്കി വച്ച പച്ചിലവളം നേര്‍പ്പിച്ച് ചെടികളുടെ മൂട്ടില്‍ ഒഴിക്കുകയും ചെയ്യണം. ഒരുമാസം കഴിയുമ്പോള്‍ പത്ത് ഗ്രാം മഗ്‌നീഷ്യം സള്‍ഫേറ്റ് ഇട്ടു കൊടുക്കുകയും രണ്ട് മാസങ്ങള്‍ കഴിയുമ്പോള്‍ കുഴികളില്‍ കുറച്ചുകൂടി മണ്ണിട്ട് ഉയര്‍ത്തുകയും ചെയ്യണം. രണ്ടരമാസമാകുമ്പോള്‍ ഭൂമിനിരപ്പില്‍ മണ്ണിട്ട് മൂട് നന്നായി ഉറപ്പിക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറയുന്നു. ഒന്നരമാസം കൂടുമ്പോള്‍ തൈയില്‍ നിന്നും രണ്ട് അടി അകലെ കുറച്ച് ചാരമിടുന്നത് നല്ലതാണ്. അധികം വെള്ളം ആവശ്യമില്ലാത്തതിനാല്‍ ദിവസേന വെള്ളമൊഴിക്കുന്നത് ഒഴിവാക്കുകയും പതിനഞ്ച് ദിവസത്തില്‍ ഒരിക്കല്‍ പച്ചിലവളം ഒരു ലിറ്ററില്‍ പത്ത് ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഒഴിക്കാവുന്നതുമാണ്. ചെടിയുടെ തടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം. വേനല്‍കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ടരലിറ്റര്‍ വെള്ളം മതിയാകും. ഡ്രിപ്പ് ഇറിഗേഷനാണ് ഉത്തമം. നല്ലവണ്ണം സൂര്യപ്രകാശമുള്ള സ്ഥലത്ത് റെഡ് ലേഡി കൃഷി ചെയ്താല്‍ പെട്ടെന്ന് വളര്‍ച്ചയുണ്ടാകും. നന്നായി പരിപാലിച്ചാല്‍ ഒരു ചെടിയില്‍ നിന്ന് ശരാശരി ഒരു വര്‍ഷം ഒരു ക്വിന്റല്‍ വരെ പപ്പായ ലഭിക്കും. പരമാവധി മൂന്ന് വര്‍ഷം വരെ വിളവ് ലഭിക്കുകയും ചെയ്യും.

ജീവകങ്ങളും ധാതുക്കളും ഇതിന്റെ കായയില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഉദരരോഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഇത് ഉപയോഗിക്കാവുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അര്‍ബുദത്തെ പ്രതിരോധിക്കുന്നതിനും രക്തത്തില്‍ പ്ലേറ്റ് ലെറ്റിന്റെ അളവ് കുറയുന്നതിനെ പ്രതിരോധിക്കുന്നതിനും ഇത് ഉപയോഗിച്ചു വരുന്നു. ഇതിന്റെ കൂമ്പാണ് അര്‍ബുദ ചികില്‍സയില്‍ ഉപയോഗിക്കുന്നത്. ഡെങ്കിപ്പനി, വിരശല്യം, വയര്‍സംബന്ധമായ മറ്റ് രോഗങ്ങള്‍ എന്നിവയ്ക്കും റെഡ് ലേഡി പപ്പായകള്‍ ഉത്തമമാണ്. അധികം മധുരം ഇല്ലാത്തതിനാല്‍ പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാം. മറ്റ് ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പഴുത്താലും പതിനഞ്ച് ദിവസം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുമെന്ന പ്രത്യേകത കൂടി റെഡ് ലേഡിപപ്പായക്കുണ്ട്.
സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ മാത്രം ദൂരത്ത് തണല്‍ ജൈവഫാം എന്ന പേരില്‍ സെബാസ്റ്റ്യന്‍ ഒരു ജൈവ ഫാമും നടത്തുന്നുണ്ട്. ജൈവകൃഷിയുടെ പ്രാധാന്യം ഏവരിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഫാം നടത്തുന്നത്. പാലക്കാട് അട്ടപ്പാടി കല്‍കണ്ടിയിലെ ഏഴ് ഏക്കറില്‍ ഒരുക്കിയിരിക്കുന്ന ഈ ജൈവ ഫാമില്‍ കൃഷിയും കൃഷി അറിവുകളും മനസിലാക്കുന്നതിനായി ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാവുന്നതാണ്. നേന്ത്രവാഴ, മൈസൂര്‍ വാഴ, ഞാലിപ്പൂവന്‍ വാഴ, ഇഞ്ചി. മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, വിവിധ തരം പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു.

ജൈവ കൃഷിയുടെ സന്ദേശം ഏവരിലുമെത്തിക്കുക എന്നതാണ് ഫാമിന്റെ ലക്ഷ്യം. പാരമ്പര്യ കൃഷി സംസ്‌ക്കാരവും ജീവിതശൈലിയും പുത്തന്‍ തലമുറയ്ക്കും അനുഭവവേദ്യമാക്കുക, ടൈംമാനെജ്‌മെന്റ് ക്ലാസുകള്‍, ധര്‍മനിഷ്ഠാധിഷ്ഠിതമായ ജീവിതശൈലി ക്ലാസുകള്‍ നല്‍കുക എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഫാം ടൂറിസവും ആരംഭിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് വിഷ രഹിത ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയ ഊണും വിഭവങ്ങളും ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. സ്‌കൂള്‍, കോളജ്, വിവിധ പരിസ്ഥിതി കൂട്ടായ്മകള്‍ക്ക് ഇവിടെ സന്ദര്‍ശനം ഒരുക്കുന്നു. കൂടതെ സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കാനായി വേണ്ട ബുക്കിങ്ങ് സഹായങ്ങളും നല്കി വരുന്നുണ്ട്. വിശ്രമജീവിതം ആനന്ദകരമാക്കി മാറ്റുന്നതിന് കൃഷിയെക്കാള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ വേറെയില്ലെന്ന് തെളിയിക്കുകയാണ് വിരമിച്ച ഈ സര്‍ക്കാര്‍ ജീവനക്കാരന്‍.