Web Desk

November 27, 2020, 2:15 am

ചരിത്രം തിരുത്തിക്കുറിക്കുന്ന കർഷക, തൊഴിലാളി സമരൈക്യം

Janayugom Online

ഭൂതപൂർവമായ കർഷക‑തൊഴിലാളി ഐക്യദാർഢ്യത്തിന്റെയും ഭരണകൂട ഭീകരതയ്ക്കു മുന്നിൽ തളരാത്ത പോരാട്ടവീര്യത്തിന്റെയും ദിനങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ജനങ്ങൾക്ക് സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പുനല്കുന്ന ഭരണഘടനാ സ്ഥാപന ദിനാചരണത്തിൽ തന്നെ ഭരണഘടനയുടെ അന്തസ്സത്തയെ നിരാകരിക്കുന്ന കർഷക‑തൊഴിലാളി വിരുദ്ധ നിയമനിർമ്മാണങ്ങൾക്കെതിരെ രാജ്യം ഒന്നാകെ പ്രതിഷേധത്തിൽ അണിനിരന്നു. ഇരുപത്തിയഞ്ച് കോടി തൊഴിലാളികളും ജീവനക്കാരും ഇന്നലത്തെ പണിമുടക്കിൽ പങ്കാളികളായപ്പോൾ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് തുടങ്ങി സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുടെ മാർച്ച് തടയാൻ മോഡി ഭരണകൂടത്തിന് പൊലീസിന് പുറമെ അതിർത്തി സുരക്ഷാസേന (ബിഎസ്എഫ്), കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്) തുടങ്ങിയ സൈനിക വിഭാഗങ്ങളെ നിയോഗിക്കേണ്ടിവന്നു. രാഷ്ട്രതലസ്ഥാനത്തേക്ക് രാജ്യത്തെ തീറ്റിപ്പോറ്റുന്ന കർഷകർ എത്തിച്ചേരുന്നത് തടയാൻ പൊലീസിന്റെയും സൈനികരുടെയും നിരവധി സുരക്ഷാവലയങ്ങൾ തീർക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാന ഭരണകൂടങ്ങളും കേന്ദ്രസർക്കാരും നിർ‍ബന്ധിതരായി. ഡൽഹിയിലേക്ക് നയിക്കുന്ന ദേശീയപാതകളിലെല്ലാം കർഷകരെ തടയാൻ യുദ്ധസമാനമായ തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. രണ്ട് മാസത്തോളമായി കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ തികച്ചും സമാധാനപരമായ സമരം നയിച്ചിരുന്ന കർഷകരെ യാതൊരു പ്രകോപനവും കൂടാതെയാണ് പഞ്ചാബ്, ഹരിയാന അതിർത്തിയിലെ അംബാലയിലടക്കം പൊലീസ് കടന്നാക്രമിച്ചത്. സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനല്കുന്ന അവകാശമാണ് കോൺക്രീറ്റ് ബ്ലോക്കുകളും മുള്ളിവേലികളുമടക്കം ബാരിക്കേഡുകൾ സ്ഥാപിച്ച് ഭരണകൂടം വഴിതടയുകയും കടന്നാക്രമിക്കുകയും ചെയ്തിരിക്കുന്നത്. നരേന്ദ്രമോഡി സർക്കാർ തുടക്കം കുറിച്ച ഭരണഘടനാ ദിനാചരണം അക്ഷരാർത്ഥത്തിൽ ഭരണഘടന ഉറപ്പുനല്കുന്ന പൗരസ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാ മൂല്യങ്ങളുടെ നിഷേധത്തിന്റെയും വിരോധാഭാസമായി മാറുകയായിരുന്നു.

കക്ഷിരാഷ്ട്രീയത്തിനും ആശയവൈജാത്യങ്ങൾക്കും ഉപരിയായി ജീവിക്കാനുള്ള മൗലിക അവകാശത്തിനു വേണ്ടിയാണ് കോടാനുകോടി തൊഴിലാളികളും കർഷകരും സമാനതകളില്ലാത്ത പോരാട്ടത്തിന് നിർബന്ധിതരായത്. അധികാരത്തിനുവേണ്ടി ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ സമസ്തതന്ത്രങ്ങളും പ്രയോഗിക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഒറ്റക്കെട്ടായി അടിസ്ഥാന ജനവിഭാഗങ്ങൾ മുന്നോട്ടുവന്നുവെന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന ദശാസന്ധിയെയാണ് അടയാളപ്പെടുത്തുന്നത്. കർഷകരും തൊഴിലാളികളും കൈകോർത്തുള്ള ചെറുത്തുനില്പ് പോരാട്ടത്തിനു പിന്തുണയുമായി വിദ്യാർത്ഥികളും ബുദ്ധിജീവികളും പൊതുസമൂഹവും അണിനിരന്നിരിക്കുന്നു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി പതിറ്റാണ്ടുകളായി പൊരുതി നേടിയെടുത്ത നിയമങ്ങൾ കൂട്ടത്തോടെ അസാധുവാക്കി കോർപ്പറേറ്റ് മേലാളന്മാരുടെ ഔദാര്യത്തിനു വിട്ടുനല്കുന്ന നിയമങ്ങൾക്കെതിരെയാണ് തൊഴിലാളിവർഗം പൊരുതുന്നത്. കർഷകരെ കോർപ്പറേറ്റ് അടിമകളാക്കി മാറ്റുകയും ഉല്പന്നങ്ങൾക്ക് ന്യായവില നിഷേധിക്കുകയും ചെയ്യുന്ന നിയമങ്ങളെയാണ് കർഷകർ ചോദ്യംചെയ്യുന്നത്. ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പു സമ്പ്രദായത്തിന്റെയും പരിമിതികളെ മുതലെടുത്ത് ഭരണാധികാരം കയ്യാളുന്നവർക്ക് ഒപ്പമല്ല കർഷകരും തൊഴിലാളികളും ഉൾപ്പെടെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളുമെന്നാണ് രാജ്യത്താകെ വളർന്നുവന്നിരിക്കുന്ന തൊഴിലാളി-കർഷക സമരൈക്യം വിളിച്ചറിയിക്കുന്നത്.

ആർഎസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ് ഒഴികെ മുഴുവൻ കേന്ദ്ര ട്രേഡ് യൂണിയനുകളും കേന്ദ്ര, സംസ്ഥാന ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധ വ്യവസായം എന്നിവകളിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും അസോസിയേഷനുകളും ഫെഡറേഷനുകളും ഐതിഹാസിക പണിമുടക്കിൽ പങ്കാളികളായി. നാനൂറിലധികം കർഷക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കർഷക പ്രക്ഷോഭം തുടർന്നുവരുന്നത്. ഇരുവിഭാഗങ്ങളും വ്യക്തമായ ഏകോപനത്തോടെയാണ് സമരമുഖത്ത് അണിനിരന്നിട്ടുള്ളത്. കർഷകരുടെയും തൊഴിലാളികളുടെയും ഈ ഐക്യം രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വൻ മാറ്റങ്ങൾക്കാണ് നാന്ദികുറിക്കുന്നത്.