Web Desk

December 23, 2020, 5:15 am

കാര്‍ഷിക കേരളം പറയുന്നു: പേറുക വന്നീ പന്തങ്ങള്‍

Janayugom Online

ഡിസംബർ 23, ദേശീയ കർഷകദിനം. കർഷകരെ ചൂഷണത്തിൽ മോചിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്കുവേണ്ടി യത്നിച്ച ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ജന്മദിനം

 

ഇന്ന് ഡിസംബർ 23,ദേശീയ കർഷകദിനം. ഇന്ത്യയെ ഒരു കാർഷിക രാജ്യമായി ലോകത്താകമാനം ശ്രദ്ധിക്കുംവിധം മാറ്റിയെടുത്ത കർഷക സൗഹൃദനയങ്ങളുടെ പിതാവായ, ഇന്ത്യയുടെ ഏഴാമത്തെ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ജന്മദിനമാണ് ‘കിസാൻ ദിവസ്’ അഥവാ ‘ദേശീയ കർഷകദിനം’ എന്ന നിലയിൽ ആഘോഷിക്കുന്നത്. സമ്പദ്‌വ്യവസ്ഥയിൽ കർഷകരുടെ പങ്ക് ഓർമ്മിക്കേണ്ട ദിവസമായിട്ടാണ് 2001 മുതൽ ഈ ദിവസം ആഘോഷിക്കുന്നത്.

കർഷകർക്ക് പണമിടപാടുകാരിൽ നിന്ന് ആശ്വാസം നൽകുന്നതിനായി 1939ൽ ചൗധരി ചരൺ സിങ്ങാണ് പാർലമെന്റിൽ കടം വീണ്ടെടുക്കൽ ബിൽ അവതരിപ്പിച്ചത്. 1952ൽ കൃഷിമന്ത്രിയായിരിക്കെ സമീന്ദാരി സമ്പ്രദായം നിർത്തലാക്കാൻ പ്രവർത്തിക്കുകയും 53ൽ ഹോൾഡിംഗ്സ് ഏകീകരണ നിയമം പാസാക്കുകയും ചെയ്തു. ഇതോടെ കർഷകർക്ക് ഓരോരുത്തർക്കും ഓരോ കൃഷിസ്ഥലം ലഭ്യമാക്കുന്നതിന് സർക്കാരിന് കഴിഞ്ഞു. കർഷകരെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കാനുള്ള പരിശ്രമങ്ങളും അദ്ദേഹത്തിൽ നിന്നുണ്ടായി. അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെയും ചെറുകിട കർഷകരുടെയും താല്പര്യങ്ങൾക്കായാണ് അദ്ദേഹം നിലകൊണ്ടത്. ഗ്രാമീണ സോഷ്യലിസത്തിന്റെ വക്താവായ ചൗധരി ചരൺ സിങ്, 1979 ജൂലൈ മുതൽ 1980 ജനുവരി വരെയാണ് പ്രധാനമന്ത്രിയായിരുന്നത്. കർഷകരുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ അദ്ദേഹം കാണിച്ച ശുഷ്കാന്തിയെ മാനിച്ചാണ് ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സമാധി ‘കിസാൻഘട്ട്’ എന്ന് നാമകരണം ചെയ്തത്.

ഇത്രയും ഒരു കാലഘട്ടത്തിന്റെ ചരിത്രം. ഇന്ന് കര്‍ഷകര്‍ ജീവനത്തിനായുള്ള പ്രക്ഷോഭ പാതയിലാണ്. ജനാധിപത്യ, മതേതരത്വ, കാര്‍ഷിക സംസ്കാരത്തില്‍ ഇന്ത്യക്കുള്ള പേരും നേരും പഴങ്കഥയാക്കുകയാണ് നരേന്ദ്രമോഡി ഭരണകൂടം. നാള്‍ക്കുനാള്‍ ശക്തിയാര്‍ജിച്ചുവരുന്ന കര്‍ഷക സമരം മോഡി സര്‍ക്കാരിനും സംഘപരിവാറിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കുമെതിരെയുള്ള ജനകീയ മുന്നേറ്റത്തിന്റെ മുന്നറിയിപ്പാണ്. പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ഈ നയത്തിനെതിരെ നിയമം പാസാക്കിക്കഴിഞ്ഞു. കേരളം ഒന്നടങ്കം കര്‍ഷകര്‍ക്കൊപ്പമെന്ന പ്രമേയം പാസാക്കാന്‍ ഇന്ന് പ്രത്യേക നിയമസഭ ചേരേണ്ടതായിരുന്നു. എന്നാല്‍, സംഘപരിവാര്‍ അജണ്ടയ്ക്കനുസരിച്ച് രാഷ്ട്രീയം പയറ്റുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭാസമ്മേളനത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണ്. കാര്‍ഷിക കേരളത്തിന്റെ തനതവകാശങ്ങളെ ഉപയോഗപ്പെടുത്തി, കര്‍ഷകര്‍ക്കനുകൂലമായ പുതിയ നിയമം നിര്‍മ്മിച്ചെടുക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ മുന്നൊരുക്കത്തിന്റെ വിളംബരമായി മാറേണ്ടിയിരുന്ന നിയമസഭാ സമ്മേളനം തടഞ്ഞതും പ്രതിഷേധാര്‍ഹമാണ്. തിരുവനന്തപുരത്തെ പാളയം രക്തസാക്ഷിമണ്ഡപത്തിന് മുന്നില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭം ഇന്നലെ മുതല്‍ ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ഗവര്‍ണറുടെ അസാധാരണ നടപടിയോടെ സംസ്ഥാനത്തെ കര്‍ഷക പ്രതിഷേധങ്ങളുടെയും വ്യാപ്തി വര്‍ധിക്കും. ജനകീയ പ്രതിഷേധങ്ങളുയരും. ഇവിടെ കര്‍ഷകര്‍ രേഖപ്പെടുത്തുന്നതും ആ സൂചനകളാണ്.

കർഷകർ നാടിന്റെ സേന

കാർഷിക രംഗം രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ്. ജിഡിപിയുടെ 19 ശതമാനം വരെ കാർഷിക മേഖലയുടെ സംഭാവനയാണ്.അരി, ഗോതമ്പ്, പാലുൽപ്പാദനം എന്നിങ്ങനെയുള്ള മേഖലകളിലെല്ലാം രാജ്യത്തിന് മുന്‍പന്തിയിലെത്താൻ കഴിഞ്ഞത് നമ്മുടെ നാട്ടിലെ കോടിക്കണക്കായ കർഷകരുടെ അധ്വാനം ഒന്നുകൊണ്ടു മാത്രമാണ്. അവരെ നാം സംരക്ഷിച്ചേ മതിയാവൂ. കർഷകർ ഒരർത്ഥത്തിൽ നാടിന്റെ കാവൽ സേനയാണ്. അവർക്ക് ക്ഷേമം ഉറപ്പുവരുത്തുന്നതിനൊപ്പം അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമാവണം സർക്കാരിന്റെ മുന്തിയ പരിഗണന.

ഡോ. ബി മധുസൂദനകുറുപ്പ്

(മുൻ വൈസ് ചാൻസലർ, കുഫോസ്)

നിയമം സ്ത്രീകള്‍ക്കാണ് ഏറ്റവും ദോഷം

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന നിയമം നിലവില്‍ വന്നാല്‍ സ്ത്രീകള്‍ക്കാണ് ഏറ്റവും ദോഷം ചെയ്യുക. ഇപ്പോള്‍ സ്ത്രീകളും തൊഴിലില്ലാത്ത ചെറുപ്പക്കാരുമാണ് ഏറ്റവും കൂടുതല്‍ ഇവിടെ കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ ആ കുടുംബം മുഴുവന്‍ പട്ടിണിയിലാകുന്ന അവസ്ഥയാണുണ്ടാവുക.

കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടാത്ത സ്ഥിതിയുണ്ടാകുന്നത് ഏറെ ദുരിതമാണുണ്ടാക്കുന്നതെന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് തന്നെ ബോധ്യമുള്ളതാണ്. ഇത്രയധികം കഷ്ടപ്പാടുകള്‍ സഹിച്ചുകൊണ്ട് ഡല്‍ഹിയില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ സമരം ചെയ്യുന്നത്, അവരുടെ ജീവിതം തന്നെ നഷ്ടപ്പെട്ടുപോകുമെന്ന തിരിച്ചറിവില്‍ നിന്നാണ്. എത്രയും പെട്ടെന്ന് ഈ നിയമം നടപ്പിലാക്കുന്നത് പിന്‍വലിക്കാനും കര്‍ഷകരുടെ സമരം അവസാനിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

ശാന്ത പയ്യരട്ട

കാഞ്ഞിരങ്ങാട് (കണ്ണൂര്‍ ജില്ല)

അന്നം ഊട്ടുന്നവരെ സംരക്ഷിക്കണം

അന്നം ഊട്ടുന്നവരെ സംരക്ഷിക്കണം. കർഷകർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെ അംഗീകരിച്ചു കൊടുക്കുകതന്നെ വേണം. വസ്ത്രം, പാർപ്പിടം, ഭക്ഷണം എന്നീ അടിസ്ഥാന ആവശ്യങ്ങൾ നേടിയെങ്കിലേ രാജ്യം വിജയിക്കുകയൊളളു.

ചെറുവയൽ രാമൻ

(വയനാട്ടിലെ പാരമ്പര്യ നെൽവിത്തുകൾ

സംരക്ഷിക്കുന്ന കർഷകന്‍)

കേന്ദ്ര നീക്കം അംഗീകരിക്കാനാവില്ല

കാർഷിക മേഖലയുടെ നിലനിൽപ്പിലൂടെയേ രാജ്യത്ത് പുരോഗതിയുണ്ടാവൂ. അതിനെ കോർപ്പറേറ്റുകൾക്ക് മുമ്പിൽ അടിയറ വയ്ക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം അംഗീകരിക്കാനാവില്ല. കാർഷിക ഉല്പന്നങ്ങൾക്ക് വിപണിയില്ലാത്ത സ്ഥിതിയാണുണ്ടാവാൻ പോവുന്നത്. ഇത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. മുമ്പ് കോഫീ ബോർഡ് രൂപീകരിച്ച് നാട്ടിലെ കർഷകരിൽ നിന്നും കാപ്പിക്കുരു സംഭരിക്കാനുള്ള നടപടികൾ ചെയ്തിരുന്നു. കർഷകന് ന്യായമായ വില ഇതിലൂടെ ഉറപ്പാക്കിയിരുന്നു. എന്നാൽ പിന്നീട് നിയമത്തിൽ മാറ്റം വരുത്തിയതോടെ വൻകിട മുതലാളിമാർ കാപ്പി സ്വയം കൃഷി ചെയ്യാനും സംഭരിക്കാനും തുടങ്ങി. ഇതോടെ ചെറുകിട കർഷകരുടെ ഉൽപ്പന്നത്തിന് വിപണിയും വിലയും ഇല്ലാതെയായി. ഇതേ സാഹചര്യമാണ് നാട്ടിൽ ഉണ്ടാവാൻ പോവുന്നത്.

എബി ഐപ്

വേലിക്കകത്ത് പറമ്പിൽ

(കോട്ടയം സൗത്ത് പാമ്പാടിയിലെ കര്‍ഷകന്‍)

നാടിന്റെ നട്ടെല്ലാണ് കർഷകർ. മണ്ണിനോടും കാലവസ്ഥയോടും പൊരുതി നാടിനെ ഊട്ടാനുള്ള പ്രയത്നത്തിൽ ഏർപ്പെട്ടവർ. അവരെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോവാൻ ഭരണകൂടത്തിനാവില്ല. സംസ്ഥാന സർക്കാർ കൃഷിക്കായി പ്രോത്സാഹനവും സഹായവും നൽകി കൂടെനിൽക്കുമ്പോൾ അതിനെയെല്ലാം അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കാർഷിക ഉല്പന്നങ്ങൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം കോർപ്പറേറ്റുകൾക്ക് നൽകിയാൽ നാട്ടിലെ കൃഷിക്കാർ കൂട്ടത്തോടെ ആത്മഹത്യയിലേക്കെത്തേണ്ട സ്ഥിതിയുണ്ടാകും. അതിന് ഇടയാക്കാൻ അനുവദിക്കരുത്.

ലിബിൻ കെ പി

(വൈക്കം കുടവെച്ചൂരിലെ കര്‍ഷകന്‍)

കർഷകർക്ക് വേണ്ടാത്ത നിയമങ്ങൾ എന്തിന്

കർഷകർക്ക് വേണ്ടാത്ത കാർഷിക പരിഷ്കരണ നിയമങ്ങൾ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്നതെന്തിന്. ഒരു നല്ല കർഷക കുടുംബത്തിൽ ജനിച്ച എനിക്ക് അന്നം തരുന്നവരുടെ സമരത്തെ ആദരവോടെ മാത്രമേ നോക്കി കാണാൻ സാധിക്കുകയുള്ളൂ. ഇന്ത്യ കണ്ട ഏറ്റവും വലിയ കർഷക സമരമാണ് ഇപ്പോൾ ഡൽഹിയിൽ നടക്കുന്നത്. അതിജീവനത്തിന് കർഷകർക്ക് നിലവിൽ അതിശക്തമായ സമരമല്ലാതെ മറ്റ് വഴികളൊന്നുമില്ല എന്ന് മനസിലാക്കി കഴിഞ്ഞിരിക്കുന്നു. ഒരു നല്ല കർഷകൻ എന്നതുകൊണ്ട് തന്നെ കർഷകന്റെ ഈ സമരത്തിന് ഐക്യദാർഢ്യം നേരുന്നു.

കെ കെ രാജഗോപാലൻ

റിട്ട. അധ്യാപകൻ — പാരമ്പര്യ കർഷകൻ

കല്യാണി, നട്ടെടുക്കം, കാഞ്ഞങ്ങാട്

ഭക്ഷ്യസുരക്ഷയെയും ബാധിക്കും

1991ലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഉദാരവത്ക്കരണനയങ്ങളാണ് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഉല്പന്നങ്ങളുടെ വിപണന രംഗത്തേയ്ക്ക് കുത്തകകളുടെ കടന്നു കയറ്റം സ്വന്തം ഉല്‍പ്പന്നത്തിന്റെ വില നിയന്ത്രണത്തിലുള്ള സ്വാതന്ത്ര്യത്തെ ഹനിയ്ക്കുന്ന നയം കര്‍ഷകരെ കോര്‍പ്പറേറ്റുകളുടെ ചൂഷണത്തിന് ഇരയാക്കും.

നമ്മുടെ പരമ്പരാഗത ഉല്പന്നങ്ങള്‍ തുച്ഛവില നല്‍കി കുത്തക കമ്പിനികള്‍ കൈക്കലാക്കും വിപണനവും വിലയുമടക്കം അവരുടെ നിയന്ത്രണത്തിലാക്കും. നിലവില്‍ ലഭിച്ചു വരുന്ന താങ്ങുവില ഇല്ലാതാകും. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ അനുഭാവ പൂര്‍ണ്ണമായ ഇടപെടലുകളുണ്ടായില്ലെങ്കില്‍ രാജ്യത്തിന്റെ ഉല്പാദന രംഗത്ത് ഉണ്ടാക്കാന്‍ പോകുന്ന മാന്ദ്യം ഭക്ഷ്യസുരക്ഷയെ പോലും ബാധിച്ചേക്കാം.

സദാനന്ദൻ അതാവിൽ

നെൽ കർഷകൻ (വട്ടംകുളം, പോട്ടൂർ, മലപ്പുറം ജില്ല)

രാജ്യത്തെ പ്രതിസന്ധിയിലാക്കും

കര്‍ഷകര്‍ക്ക് മാത്രമല്ല രാജ്യത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ നിയമം. ഇക്കണക്കിന് പോയാല്‍ റേഷന്‍ തന്നെ മുടങ്ങുന്ന സ്ഥിതി വിശേഷമാണുള്ളത്. സര്‍ക്കാര്‍ സംഭരണം ഏറ്റെടുക്കി, താങ്ങുവില ഒഴിവാക്കുക എന്നൊക്കെപ്പറഞ്ഞാല്‍ കര്‍ഷകരുടെ അവസ്ഥ എന്താവും. അല്ലെങ്കില്‍ തന്നെ ഉണ്ടാക്കുന്ന ഉല്പന്നങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അതിന്റെ കൂടെ കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക ബില്ലുകള്‍. കർഷകരുടെ സമരത്തിന് എല്ലാ ഐക്യദാർഢ്യവും നേരുന്നു.

സജാദ് ഹൈദര്‍

കർഷകൻ, പള്ളിക്കല്‍, തിരുവനന്തപുരം

കാർഷിക ഉല്പന്നങ്ങൾക്ക് കർഷകരുടെ പ്രയത്നത്തിന് അനുസൃതമായ വില ലഭിക്കണം. വിപണികളിൽ ഇടനിലക്കാരുടെ കടന്നുകയറ്റം നിയന്ത്രിക്കുവാനും കഴിയണം. കർഷകരെ സംബന്ധിച്ചിടത്തോളം ഉൾപ്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുവാനും ഉല്പന്നങ്ങൾ വിറ്റഴിക്കാനും സൗകര്യം ഒരുക്കണം. ഇടുക്കിയിലെ ശീതകാല പച്ചക്കറികളുടെ കേന്ദ്രമായ വട്ടവട, കാന്തല്ലൂർ മേഖലകളിലെ കാർഷീക ഉല്പന്നങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി പൂർണമായും സംഭരിക്കാനായാൽ കർഷകർക്കും സംസ്ഥാന സർക്കാരിനും അത് പ്രയോജനം ചെയ്യും. കൃഷി മന്ത്രി സുനിൽകുമാറിന്റെ കർഷകരോടുള്ള സമീപനം ഏറെ പ്രശംസനീയമാണ്. സ്കൂളുകളിൽ ഒരു പാഠ്യവിഷയമായി കൃഷി ഉൾപ്പെടുത്തുന്നത് വരുന്ന തലമുറക്ക് വലിയ പ്രചോദനമാകും.

ചെറുകുന്നേൽ ഗോപി

(ക്വിന്റൽ ഗോപി-ഉദ്യാൻ പണ്ഡിറ്റ് അവാർ‍ഡ് ജേതാവ് )

അടിമാലി

കര്‍ഷകരിന്ന് ശക്തരാണ്

ഡൽഹിയിലേത് അതിജീവനത്തിനായുള്ള കര്‍ഷക കൂട്ടായ്മയാണ്. സംരക്ഷിക്കേണ്ടവരാല്‍ അവഗണിക്കപ്പെടുമ്പോള്‍, അവരെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിടുമ്പോള്‍ അവരിങ്ങനെ ശക്തമായി സംഘടിക്കും. ഭരണകൂടത്തിന് നിയന്ത്രിക്കാന്‍ പറ്റാവുന്നതിലപ്പുറം അവരിന്ന് ശക്തരാണ്. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള കര്‍ഷകരുടെ പോരാട്ടത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യങ്ങളും നേരുന്നു.

ഇ ജെ ജോസഫ്

ഗ്രാമലക്ഷ്മി കര്‍ഷക ക്ലബ് പ്രതിനിധി, കാസര്‍കോട്

ഭാവിയെ ദുരിതത്തിലാക്കും

കർഷക ബിൽ തികച്ചും കർഷക ദ്രോഹമാണ്. കർഷകർക്ക് ദോഷമെന്ന് മാത്രമല്ല നമ്മുടെ ആഹാരം പോലും ഇല്ലാതാക്കുന്ന ബില്ലാണിത്. കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരുടെ ഭാവി ഇത് ദുരിതത്തിലാക്കും. ഒരിക്കലും ഈ ബിൽ അംഗീകരിക്കാനാവില്ല. കർഷകർനടത്തുന്ന പ്രക്ഷോഭത്തിന് സർവ്വ വിധ പിന്തുണയും അറിയിക്കുന്നു.

ചന്ദ്രൻ പുതുക്കുടി,

ചെമ്മരത്തൂർ, വടകര

ഭൂമിയുണ്ടാകും വിത്തുണ്ടാവില്ല

കിസാൻ ദിനത്തിൽ രാജ്യത്തെ കർഷകർ അതീവ ഭയാശങ്കകളോടെയാണ് കഴിയുന്നത്. കൃഷിയിടത്തിൽ സ്വകാര്യ മുതലാളിമാർ കടന്നു വരുമ്പോൾ നാടൻ വിത്തിനങ്ങൾ നശിക്കപ്പെടുകയും ഹൈബ്രീഡ് വിത്തുകളെ മുഴുവനായും ആശ്രയിക്കേണ്ടിവരികയും ചെയ്യും. കുറച്ചുനാൾ കഴിയുമ്പോൾ കർഷകന് ഭൂമി ഉണ്ടെങ്കിലും കൃഷിയിറക്കാൻ വിത്ത് ഇല്ലാത്ത അവസ്ഥയുണ്ടാകും. മണ്ണിൽ പണിയെടുക്കുന്ന കർഷകനെ മണ്ണിൽ നിന്നും അകറ്റാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇത് ചെറുത്തില്ലെങ്കിൽ നാളെ കൃഷിയും കൃഷിഭൂമിയും കർഷകനിൽ നിന്നും അന്യമാകും.

വി പി സുനിൽ

ആലപ്പുഴ കഞ്ഞിക്കുഴിയിലെ കർഷകൻ

കര്‍ഷക പ്രക്ഷോഭം ആവേശം

അന്നം തരുന്ന കർഷകരെ ദ്രോഹിക്കുന്ന നയമാണ് നരേന്ദ്രമോദി നടപ്പാക്കുന്നത്. കാർഷിക ബിൽ ഇന്ത്യയുടെ സമ്പത്തിനെ കോർപ്പറേറ്റുകൾക്ക് അടിയറ വെക്കാനുള്ളതാണ്. കൊടുംതണുപ്പിലും സമരം നടത്തുന്ന കർഷകർ ഏവർക്കും ആവേശമാണ്.

നാണു ആയഞ്ചേരി,

കോഴിക്കോട്

കര്‍ഷകരെ ഇല്ലായ്മചെയ്യാന്‍ അനുവദിക്കില്ല

പ്രതിസന്ധികളോട് പടവെട്ടി മണ്ണിൽ പൊന്ന് വിളയിക്കുന്നവരാണ് കർഷകർ. ഉപജീവനത്തായി കൃഷിയെ ആശ്രിക്കുന്നവരാണ് ഏറെയും. അവരെ ഇല്ലായ്മ ചെയ്യുവാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. പല പ്രതിസന്ധികളോടും പടവെട്ടി കൃഷി ചെയ്യാനിറങ്ങുന്നവർക്ക് അർഹിക്കുന്ന വില കൂടി ലഭിക്കാതെ വന്നാൽ ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ടാവും. നാടിന്റെ കാർഷിക മേഖല തന്നെ തകരും.

പി കെ രാഘവൻ

(കോട്ടയം കൈപ്പുഴയിലെ കര്‍ഷകന്‍)