റെജി കുര്യന്‍

December 21, 2020, 11:01 pm

നാസിക്കിൽ നിന്നുള്ള 7000 കർഷകർകൂടി ഡൽഹിയിലേക്ക്

ചര്‍ച്ചയ്ക്കു ക്ഷണിച്ച് കേന്ദ്രം
Janayugom Online

റെജി കുര്യന്‍

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനെതിരെ പൊതുജന പിന്തുണ തേടാന്‍ കര്‍ഷകരെ തുടര്‍ചര്‍ച്ചയ്ക്കു ക്ഷണിച്ച് കേന്ദ്രം. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പു നല്‍കാനാണ് ചര്‍ച്ചയെങ്കില്‍ മാത്രം സഹകരിക്കാമെന്ന് കര്‍ഷകർ. കഴിഞ്ഞ മാസം 26ന് തുടങ്ങിയ കര്‍ഷക സമരം അതിശക്തമായി മുന്നോട്ട് പോകുകയാണ്. നാസിക്കിൽ നിന്നുള്ള 7000 കർഷകർകൂടി സമരത്തിനൊപ്പം ചേരും.

കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതിന് കേന്ദ്രം കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയാണ് രാജ്യത്തെ കര്‍ഷകര്‍ പ്രക്ഷോഭവുമായി ഡല്‍ഹി അതിര്‍ത്തികളില്‍ അണിനിരന്നിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ തങ്ങളുടെ ജീവനും ജീവിതത്തിനും ഭീഷണിയാണെന്ന് നിയമങ്ങളിലെ ഓരോ വകുപ്പുകളും ചൂണ്ടിക്കാട്ടി കര്‍ഷകര്‍ അക്കമിട്ട് ആക്ഷേപം ഉയര്‍ത്തുന്നു. ഡല്‍ഹി അതിര്‍ത്തി മേഖലകളില്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി എത്തിയിരിക്കുന്ന കര്‍ഷക പ്രക്ഷോഭകാരികള്‍ പറയുന്നത് ഒരേ മന്ത്രം. സര്‍ക്കാര്‍ കരിനിയമങ്ങള്‍ പിന്‍വലിക്കുക. അതുവരെ പ്രതിഷേധവുമായി ഇവിടെ തുടരും.

കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഒരുക്കമാണെന്നും തുടര്‍ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അറിയിച്ചുകൊണ്ട് കേന്ദ്രം കര്‍ഷക നേതാക്കള്‍ക്കു കത്തയച്ചു. ചര്‍ച്ചയുടെ തീയതി നിശ്ചയിക്കാന്‍ കര്‍ഷകര്‍ക്ക് സ്വതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള അറിയിപ്പാണ് കേന്ദ്രം കര്‍ഷക നേതാക്കള്‍ക്ക് കൈമാറിയിരിക്കുന്നത്.

കര്‍ഷകക്ഷേമം മുന്‍നിര്‍ത്തിയാണ് നിയമങ്ങള്‍ എന്ന പല്ലവി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുന്നു. ഒരു സര്‍ക്കാരിന്റെ നയരൂപീകരണത്തിലെ കോര്‍പറേറ്റ് ഇടപെടലുകളും അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയിക്കുന്ന പാര്‍ട്ടിക്ക് ലഭിക്കുന്ന ഫണ്ടും അനുബന്ധിയായ ക്രയവിക്രയങ്ങളുമാണ് കര്‍ഷകരെ സമരത്തിലേക്ക് തള്ളിവിട്ടതെന്ന് കര്‍ഷകനേതാക്കൾ പറയുന്നു.

ഇന്ന് അതിർത്തികളിൽ കർഷകനേതാക്കൾ 24 മണിക്കൂർ ഉപവാസസമരം തുടങ്ങി. ഗാസിപൂരിൽ സമരം തുടരുന്ന കർഷകർ ദേശീയപാത പൂർണമായി ഉപരോധിച്ചു. ഒഡിഷയിലെ ഭരണകക്ഷിയായ ബിജെഡിയും കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.

Eng­lish Sum­ma­ry: farmer strike

You may like this video also