ഒരേക്കറില്‍ ഒറ്റയ്ക്ക്; ഏഴാം വിളവെടുപ്പിലും പ്രഭാകരന് നൂറുമേനി

Web Desk
Posted on December 27, 2018, 6:12 pm
മാനന്തവാടി: ഒരു കര്‍ഷകന്‍ ഒറ്റ്ക്ക് ക്യഷി ചെയ്ത നെല്ല് വിളവെടുപ്പ് നടത്തി ചരിത്രം സൃഷ്ടിച്ചത് ഇത് ഏഴാം തവണ. ഏച്ചോം വിളമ്പുകണ്ടം പുൽത്തണമേലേവീട് പ്രഭാകരനാണ് (49) നന്മയുടെ പുതുചരിത്രം സൃഷ്ടിച്ചത്.
പല സ്ഥലങ്ങളിലായി നെൽകൃഷി ചെയ്തിട്ടുള്ള പ്രഭാകരൻ ഈ വർഷം സ്വന്തം നാട്ടിലാണ് ക്യഷി ഇറക്കിയത്. തന്റെ സ്വദേശമായ വിളമ്പുകണ്ടത്ത് ഏതാണ്ട് മുപ്പതേക്കറിലധികം വയൽ തരിശായി കിടന്നത് പ്രഭാകരനെ ഏറെ വേദനിപ്പിച്ചു.നെല്ല് വിളയേണ്ട ഈ ഭൂമിയില്‍ പിന്നീട് സ്ഥാനം പിടിച്ചത്  കമുകും വാഴയുമൊക്കെയായിരുന്നു.
വയനാടിന്റെ ആത്മാവ് വയലിലെ നെൽകൃഷിയിലാണന്ന് വിശ്വസിക്കുന്ന പ്രഭാകരൻ വയലുകളുടെ ഉടമകളെയെല്ലാം കണ്ടു കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും സ്വന്തമായി ചെയ്യുന്നില്ലെങ്കിൽ കൃഷി ചെയ്യാൻ ഭൂമി എനിക്ക് അനുവദിച്ചു തരണമെന്നും ആവശ്യപ്പെടുകയും ചെയ്തെങ്കിലും ആരും തയ്യാറായില്ല.
സങ്കടത്തോടെയാണ് കഴിഞ്ഞ ദിവസം നിര്യാതനായ വിളമ്പുകണ്ടം കൊയ്ത്തിക്കണ്ടി കുഞ്ഞബ്ദുള്ള ഹാജിയേയും മകൻ മാനന്തവാടിയിലെ ഗാനോ മലനാട് ഹെൽത്ത് കെയർ ഉടമ കെ സുലൈമാനേയും സമീപിച്ചത്.
ക്യഷിയെ സ്നേഹിക്കുന്ന കുഞ്ഞബ്ദുള്ള ഹാജിക്ക് ഇത് കേൾക്കേണ്ട താമസം. സൗജന്യമായി വയലും കളവും വിട്ടു നൽകുകയായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് നെൽക്യഷി ചെയ്യാൻ കഴിയാത്ത ദുഃഖത്തിലായിരുന്നു കുഞ്ഞബ്ദുള്ള ഹാജി. പ്രഭാകരന്‍റെ ഉത്സാഹവും ആത്മസമര്‍പ്പണവും ബോധ്യപ്പെട്ട ഹാജി കൃഷിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി. ഒപ്പം തന്നെ അദ്ദേഹം തന്റെ കൈവശമുള്ള ഒരേക്കർ  വയൽ നെൽകൃഷിക്കായി വിട്ടു നൽകുകയും ചെയ്തു. ജൂൺ ആദ്യവാരം തന്നെ പ്രഭാകരന്‍ ജോലി ആരംഭിച്ചു.
വർഷങ്ങളായി നെൽകൃഷി ചെയ്യാത്തതിനാൽ മുളച്ച് പൊന്തിയ പുല്ലുകൾ മൺവെട്ടി കൊണ്ട് കിളച്ച് കാൽ കൊണ്ട് പുല്ലുകൾ ചവിട്ടി താഴ്ത്തി ഒന്നര മാസം കൊണ്ട് വയൽ ഞാർ നടാനുള്ള പാകത്തിലാക്കി. മറ്റൊരാളുടെ സഹായമില്ലാതെ ഒറ്റക്ക് എന്നു പറഞ്ഞാൽ അക്ഷരാര്‍ത്ഥത്തില്‍  ഒറ്റക്ക്. പഴയ ക്യഷി രീതിയാണ് പ്രഭാകരൻ തെരഞ്ഞെടുത്തത്.
നാല് കണ്ടമായിരുന്നത് കൂടുതൽ വിളവ് കിട്ടാൻ വെള്ളം കെട്ടി നിർത്താനും മറ്റുമായി 16 കണ്ടമാക്കി. രാവിലെ 5 മണി മുതൽ രാത്രി ഇരുട്ടുവോളം പ്രഭാകരന്‍ തന്‍റെ ലക്ഷ്യത്തിനായി പ്രയത്നിച്ചു. സ്വന്തമായി തന്നെ വിത്തിറക്കുകയും ഞാറ് പറിച്ചു നടുകയും ചെയ്തു. കൃഷിക്ക് വേണ്ട വളവും ഒറ്റക്ക് ചെയ്തു. അര ഏക്കർ വയൽ ഹരിത സഞ്ജീവനി ജൈവവളം ഉപയോഗിച്ചും അര ഏക്കറിൽ രാസവളം ഉപയോഗിച്ചുമാണ് നെൽ ക്യഷി ചെയ്തത്. നൂറുമേനി വിളഞ്ഞ ഒരേക്കർ പാടം സ്വന്തമായി തന്നെ പ്രഭാകരൻ കൊയ്യുകയാണ്.
വിളമ്പുകണ്ടം എന്ന പേര് ലഭിച്ചത് പണ്ട് പഴശ്ശിയുടെ കാലത്താണത്രെ, പണ്ട് നെല്ല് വിളവെടുക്കുന്ന കാലത്ത് കൊയ്ത്ത് കഴിഞ്ഞ പാടത്ത് വെച്ച് തൊഴിലാളികളും കുടുംബാംഗങ്ങളും നാട്ടുകാരുമുൾപ്പെടെയുള്ളവർക്ക് ഭക്ഷണം വിളമ്പിയിരുന്നു. അങ്ങിനെ വിളമ്പിയ കണ്ടത്തിന് വിളമ്പുകണ്ടം എന്ന പേര് ലഭിച്ചത്.  പതിറ്റാണ്ടുകൾക്കിപ്പുറം അതേ കണ്ടത്തിൽ ഒറ്റക്ക് ക്യഷിയിറക്കി നെല്ല് കൊയ്തെടുത്ത്  വീണ്ടും പ്രഭാകരൻ മാതൃകയായി.
 പരേതരായ കൃഷ്ണക്കുറുപ്പിന്റേയും കല്യാണിക്കുട്ടിയമ്മയുടേയും മകനായ പ്രിഡിഗ്രി വിദ്യാഭ്യാസമുള്ള പ്രഭാകരന് കൃഷിയെന്നാൽ ജീവാമൃതാണ്.
തോടുകൾക്ക് തടയണ നിർമിച്ച് വയനാടിന്റെ ജല സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയപ്പോഴാണ് നെൽകൃഷി ചെയ്യുക എന്നത് ആവേശമായി മനസ്സിൽ കുടിയേറിയത്. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന സാധാരണ കുടുംബമാണ് പ്രഭാകരന്‍റേത്. കേരളത്തിന്റെ മറ്റു ജില്ലകളിൽ നിന്ന് വ്യത്യസ്തമാണ് വയനാടിന്റെ മണ്ണെന്നും വയനാടിന് മാത്രം പ്രത്യേക കാർഷിക പാക്കേജ് സർക്കാർ രൂപീകരിക്കണമെന്നുമാണ് ഈ ഒറ്റയാൾ കർഷകന്റെ അപേക്ഷ.
വയനാട്ടിലെ നെൽ ക്യഷിയെ സംരക്ഷിക്കൂ, അതിലൂടെ മഴവെള്ളം ഉറപ്പ് വരുത്തൂ.. എന്ന പ്ല കാർഡുമായി 2017 ജൂലായ് 1ന് 95 കിലോമീറ്റർ ദൂരം ഒറ്റയാൾ പദയാത്ര നടത്തിയിട്ടുണ്ട്. കൂടാതെ
25 അടി താഴ്ച്ചയുള്ള കിണർ ഒറ്റക്ക് കുഴിച്ചിട്ടുമുണ്ട് പ്രഭാകരൻ. 40  സെന്റ് കരഭൂമി മാത്രമുള്ള പ്രഭാകരന് ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയുണ്ട്. മിനിയാണ് ഭാര്യ. അമിത, അഭിജിത്ത്, അമൃത എന്നിവരാണ് മക്കൾ.