26 March 2024, Tuesday

കടക്കെണി, വിളനാശം: കര്‍ഷകജീവന്‍ പൊലിയുന്നു

മറാത്ത്‌വാഡയില്‍ എട്ടുമാസത്തിനുള്ളില്‍ 600 കര്‍ഷകര്‍ ജീവനൊടുക്കി
Janayugom Webdesk
മുംബൈ
September 13, 2022 9:32 pm

രാജ്യത്ത് വീണ്ടും കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നു. മഹാരാഷ്ട്രയിലെ വിദര്‍ഭ, മറാത്ത്‌വാഡ മേഖലയാണ് ഒരിടവേളയ്ക്ക് ശേഷം കര്‍ഷകരുടെ ശവപ്പറമ്പായി മാറിയിരിക്കുന്നത്. മറാത്ത്‌വാഡ മേഖലയില്‍ എട്ടുമാസത്തിനിടെ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 600 കടന്നു. നാഗ്പൂരില്‍ ഇന്നലെ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു. ഇതോടെ രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം അഞ്ചായി. അറുപതുകാരനായ രാജീവ് ബാബുറാവു ജുദ്‌പെ എന്നയാളാണ് മരിച്ചത്. പാടത്തെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് കൃഷി നശിച്ച വിഷമത്തിലാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 2.5 ഏക്കര്‍ ഭൂമിയുണ്ടായിരുന്ന രാജീവ്, ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിരുന്നു. മഴയില്‍ വിള നശിച്ചതിനെ തുടര്‍ന്ന് രാജീവ് വളരെ നാളായി അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു.

വിദര്‍ഭ മേഖലയിലും കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. ഈ മാസം മൂന്നിനാണ് നാഗ്പൂരില്‍ ആദ്യ കര്‍ഷക ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് സെപ്റ്റംബര്‍ നാലിന് രണ്ട് കര്‍ഷകരും 11ന് ഒരു കര്‍ഷകനും ആത്മഹത്യ ചെയ്തു. യവാത്മാള്‍ ജില്ലയില്‍ 48 കര്‍ഷകരാണ് കഴിഞ്ഞ മാസം ജീവനൊടുക്കിയത്. ഈ മാസം ഇതുവരെ 12 ക‍ര്‍ഷകര്‍ ആത്മഹത്യ ചെയ്തു. യവത്മാള്‍ ജില്ലയില്‍ ഈ വര്‍ഷത്തെ ആകെ കര്‍ഷക ആത്മഹത്യകളുടെ എണ്ണം 205 ആയും ഉയര്‍ന്നിട്ടുണ്ട്.

2018–2020 വർഷങ്ങൾക്കിടെ രാജ്യത്ത് 17,299 കർഷകർ ആത്മഹത്യ ചെയ്തതായി കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. വിളനാശം, കടക്കെണി എന്നിവയാണ് കര്‍ഷക ആത്മഹത്യകളുടെ പ്രധാന കാരണങ്ങളെന്നും കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുന്നതില്‍പോലും സര്‍ക്കാരുകളുടെ സഹായം ലഭിക്കുന്നില്ലെന്നും ശേത്കാരി സംഘാതന്‍ നേതാവ് കൈലാഷ് തവാര്‍ ചൂണ്ടിക്കാട്ടി.

മറാത്ത്‌വാഡ മേഖലയില്‍ 547 കര്‍ഷകര്‍ ഈവര്‍ഷം ജീവനൊടുക്കിയതായി ഔദ്യോഗിക കണക്കുകളിലുണ്ട്. സര്‍ക്കാരിന്റെ കണക്കില്‍പ്പെടാത്തവയും ചേര്‍ത്താന്‍ എണ്ണം 600 കടക്കുമെന്ന് കര്‍ഷക സംഘടനകള്‍ പറയുന്നു. മറാത്ത്‌വാഡയിലെ പ്രധാന മേഖലയായ ഔറംഗബാദില്‍ 2021 ല്‍ 805 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. മേഖലയിലെ പത്തുലക്ഷം കര്‍ഷകരെ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കനത്ത മഴ പ്രതികൂലമായി ബാധിച്ചുവെന്നാണ് കണക്കുകള്‍. സംസ്ഥാനസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 900 കോടി അനുവദിച്ചെങ്കിലും ഇത് ലഭ്യമാക്കി തുടങ്ങിയിട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു.

Eng­lish Sum­ma­ry: Farmer sui­cides are increas­ing again in the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.