18 September 2024, Wednesday
KSFE Galaxy Chits Banner 2

കര്‍ഷക ആത്മഹത്യകള്‍ രാജ്യത്ത് പെരുകുന്നു

Janayugom Webdesk
December 19, 2023 5:00 am

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെപ്പറ്റിയും വികസനത്തെപ്പറ്റിയുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെയും എല്ലാ അവകാശവാദങ്ങളുടെയും വാചകക്കസർത്തുകളുടെയും പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് 2014–2022 വര്‍ഷങ്ങളിലെ കര്‍ഷക, കർഷകത്തൊഴിലാളി ആത്മഹത്യകളെ സംബന്ധിച്ച നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. കഴിഞ്ഞ ഒമ്പതുവർഷങ്ങളായി 1,00,474 കർഷകർ ആത്മഹത്യ ചെയ്തതായാണ് ബ്യൂറോയുടെ വെളിപ്പെടുത്തൽ. ദിനംപ്രതി 30 കർഷകരാണ് ജീവനൊടുക്കുന്നത്. പ്രതിപക്ഷം കർഷക ആത്മഹത്യയെപ്പറ്റി പാർലമെന്റിൽ ഒരു ചർച്ചയ്ക്കും മുതിർന്നിട്ടില്ലെന്നും അതുകൊണ്ടുതന്നെ മോഡിഭരണത്തിൽ കർഷക ആത്മഹത്യകൾ നടക്കുന്നില്ലെന്നും നിഷികാന്ത് ദുബേയടക്കം ബിജെപി എംപിമാർ അവകാശവാദം നടത്തുമ്പോഴാണ് സർക്കാർ ഏജൻസിയായ എൻസിആർബിയുടെ കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. കർഷക ആത്മഹത്യകൾ അഴിമതിപോലെതന്നെ രാജ്യത്തിന്റെ ധാർമ്മികതയിലേക്കാണ് വിരൽചൂണ്ടുന്നത്. ദൗർഭാഗ്യകരമെന്നുപറയട്ടെ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളിലോ പ്രധാന ചർച്ചകളിലോ ഇന്ത്യൻ ഗ്രാമങ്ങളിൽ അരങ്ങേറുന്ന ഈ മരണനൃത്തം പരാമർശവിധേയം ആകുന്നേയില്ല. മുൻകാലങ്ങളിൽ കർഷക ആത്മഹത്യകൾ വലിയ വികാരപ്രകടനങ്ങൾക്ക് കാരണമായിരുന്നെങ്കിൽ ഇന്ന് കർഷകരും അവരുടെ ദുരിതജീവിതവും അവഗണിക്കപ്പെടുകയും വളർച്ചയുടെയും വികാസത്തിന്റെയും കപട ആഖ്യാനങ്ങൾ അരങ്ങ് കീഴടക്കുകയുമാണ്. അതിൽ ‘മടിത്തട്ട് മാധ്യമ’ങ്ങൾ വഹിക്കുന്ന പങ്ക് പ്രത്യേകം എടുത്തുപറയേണ്ടതില്ല. ഭൂവുടമകളായ കർഷകരെക്കാൾ കൂടുതൽ ആത്മഹത്യ നടക്കുന്നത് ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്കിടയിലാണെന്നും കണക്കുകൾ വെളിവാക്കുന്നു. രാജ്യത്ത് ഏറ്റവുമധികം കർഷക ആത്മഹത്യ തുടരുന്നത് മഹാരാഷ്ട്രയിലെ വിദർഭ, മാറത്ത്‌വാഡ മേഖലകളിലാണ്.


ഇതുകൂടി വായിക്കൂ: കോവിഡും കാര്‍ഷികമേഖലയും


കാർഷികരംഗത്തെ പൊതുനിക്ഷേപത്തിലുണ്ടായ ഇടിവ്, തന്ത്രപ്രധാന വ്യവസായങ്ങളുടെ സ്വകാര്യവൽക്കരണം, വിദേശവ്യാപാരത്തിനായി രാജ്യത്തിന്റെ വാതിലുകൾ മലർക്കെ തുറന്നത്, സബ്സിഡികൾ വെട്ടിക്കുറയ്ക്കുന്നത്, ഔപചാരിക വായ്പാസാധ്യതകൾ കുറയുന്നത് തുടങ്ങി കർഷകദുരിതങ്ങൾക്ക് കാരണം നിരവധിയാണ്. ഇറക്കുമതിക്ക് സർക്കാർ അനുവദിക്കുന്ന ആനുകൂല്യങ്ങൾ കാർഷികഉല്പന്നങ്ങളുടെ വിലത്തകർച്ചയ്ക്ക് കാരണമാകുന്നു. മൊൺസാന്റോപോലുള്ള ബഹുരാഷ്ട്രകുത്തകകളുടെ ജനിതകമാറ്റം വരുത്തിയ വിത്തുകൾ, വളങ്ങളുടെയും കീടനാശിനികളുടെയും കുതിച്ചുയരുന്ന വില എന്നിവ കൃഷിച്ചെലവുകൾ താങ്ങാനാവാത്തവിധം ഉ യർത്തിയിരിക്കുന്നു. കാലാവസ്ഥയിലും വിപണിയിലുമുള്ള പ്രവചനാതീതമായ മാറ്റങ്ങൾ കർഷകന് ഇരുട്ടടിയായി മാറിയിരിക്കുന്നു. അതിനുപുറമെയാണ് കൊള്ളപ്പലിശക്കാരുടെ കണ്ണി ൽച്ചോരയില്ലാത്ത പീഡനം. ഇതിന്റെയെല്ലാം ഫലമായാണ് ഉദാരവൽക്കരണത്തിന്റെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മൂന്നരലക്ഷത്തില്പരം കർഷകരും കർഷകത്തൊഴിലാളികളും ആത്മഹത്യയിൽ അഭയംതേടാൻ നിർബന്ധിതരായത്. അതാണ് ചരിത്രത്തിൽ സ്ഥാനംപിടിച്ച കർഷക പ്രക്ഷോഭത്തിലേക്ക് നയിച്ചത്. ഗതികെട്ട കർഷകരുടെ സർക്കാരിനെതിരായ തിരിച്ചടി ആയിരുന്നു അത്. എഴുനൂറ്റിഅമ്പതില്പരം കർഷകരുടെ ജീവൻ നൽകിയ ആ സമരത്തെയും മോഡിസർക്കാർ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയായിരുന്നു. രണ്ട് തെരഞ്ഞെടുപ്പുകളിലായി നരേന്ദ്രമോഡിയും ബിജെപിയും നൽകിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും കർഷകരുടെ ജീവിതത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കിയില്ലെന്നാണ് അവരുടെ ആത്മഹത്യയുടെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നത്.


ഇതുകൂടി വായിക്കൂ: കാര്‍ഷികരംഗത്ത് ആശങ്ക


മോഡിസർക്കാരിന്റെ കൊട്ടിഘോഷിക്കപ്പെട്ട കർഷക അനുകൂല പദ്ധതികളായ പ്രധാനമന്ത്രി ഫസൽ ഭീമയോജന, വിപണി ഇടപെടൽ‑വില പിന്തുണ പദ്ധതി, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി തുടങ്ങിയവയൊന്നും കര്‍ഷകരുടെ യഥാർത്ഥപ്രശ്നങ്ങൾക്ക് മറുപടിയായില്ലെന്ന് മാത്രമല്ല അവ പ്രയോജനപ്പെടുന്നതാകട്ടെ ഭൂവുടമകളായ കർഷകർക്ക് മാത്രമാണ്. ഭൂരഹിതരായ കർഷകർക്കും കർഷകത്തൊഴിലാളികൾക്കും അല്പമെങ്കിലും ആശ്വാസംപകർന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയാകട്ടെ ആവശ്യമായ ബജറ്റ് വിഹിതത്തിന്റെ അഭാവത്തിൽ വർഷംതോറും ചുരുങ്ങുന്ന ഒന്നായി മാറിയിരിക്കുന്നു. ആധാര്‍ അധിഷ്ഠിത വേതനവിതരണവും തൊഴിലാളികളെ അകറ്റുന്ന മറ്റ് പരിഷ്കാരങ്ങളും ഗുണഭോക്താക്കളായിരുന്ന 57 ശതമാനംപേരെയും പദ്ധതിയിൽനിന്നും ഒഴിവാക്കിയിരിക്കുന്നു. കര്‍ഷകരെയും കർഷകത്തൊഴിലാളികളെയും ‘അന്നദാതാക്കൾ’ എന്നുവിളിക്കുന്ന മോഡിയും കൂട്ടരും ആ പേരുവിളിച്ച് അവരെ അക്ഷരാർത്ഥത്തിൽ പരിഹസിക്കുകയും അപമാനിക്കുകയുമാണ് ചെയ്യുന്നത്. കർഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ക്ഷേമവും അവർക്ക് ന്യായമായ വരുമാനവും ഉറപ്പുവരുത്തുന്ന ഒരു ദേശീയ ബദൽ നയത്തിനുമാത്രമേ ഇന്ത്യൻ ഗ്രാമങ്ങളെ ഗ്രസിച്ചിരിക്കുന്ന ഈ ചുടലനൃത്തത്തിന് വിരാമമിടാൻ കഴിയു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.