കര്‍ഷകരാണ് യജമാനന്മാര്‍; സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ട്

Web Desk
Posted on August 17, 2019, 9:22 am

വി എസ് സുനില്‍കുമാര്‍            കൃഷിവകുപ്പ് മന്ത്രി

ഴക്കെടുതിയുടെ നടുവില്‍ മറ്റൊരു കര്‍ഷകദിനം കൂടി സമാഗതമാവുകയാണ്. നമ്മെ അന്നമൂട്ടുന്ന കര്‍ഷകസഹോദരങ്ങളെ ആദരിക്കുന്നതിനും അവരുടെ മഹത്തായ സേവനത്തെ അനുമോദിക്കുന്നതിനുമുള്ള സുദിനമാണ് ചിങ്ങം ഒന്ന്. മലയാളിയുടെ ആണ്ടുപിറവിയാണ് ഇന്ന്. കഴിഞ്ഞ വര്‍ഷം മലപ്പുറത്ത് വച്ചാണ് സംസ്ഥാനതല കര്‍ഷകദിനാചരണത്തിന്റെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, നൂറ്റാണ്ടിലെ മഹാപ്രളയം മൂലം നാം കര്‍ഷകദിനാചരണം ഉപേക്ഷിച്ചു. കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇക്കുറിയും മഴക്കെടുതി മൂലമുള്ള ദുരിതത്തിലാണ് നമ്മള്‍. ഇത്തവണ ആലപ്പുഴ ജില്ലയില്‍വച്ച് സംസ്ഥാനതല കര്‍ഷകദിനാചരണത്തിന്റെ ഉദ്ഘാടനം കേരള ഗവര്‍ണര്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് പി സദാശിവം നിര്‍വ്വഹിക്കാനിരുന്നതാണ്. എന്നാല്‍, മഴക്കെടുതിയില്‍ കര്‍ഷകരും ജനങ്ങളും പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനതല ഉദ്ഘാടനപരിപാടികള്‍ വേണ്ടെന്നുവയ്ക്കുകയാണ് ചെയ്തത്.

ഒഡീഷയുടെ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദവും മൂലം കേരളത്തില്‍ ഓഗസ്റ്റ് എട്ടുമുതല്‍ അതിതീവ്രമഴ പെയ്തു. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി. വയനാട്ടിലെ പുത്തുമലയും മലപ്പുറത്തെ കവളപ്പാറയും കണ്ണീരുണങ്ങാത്ത മുറിവുകളായി നിലനില്‍ക്കുന്നു. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം 104 വിലപ്പെട്ട ജീവനാണ് ഇത്തവണത്തെ മഴക്കെടുതിയില്‍ പൊലിഞ്ഞുപോയത്. പുത്തുമലയിലും കവളപ്പാറയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും നടന്നുവരികയാണ്. സങ്കടകരമായ ഈ സാഹചര്യത്തില്‍, ആഘോഷപരിപാടികള്‍ മാറ്റിവച്ച് നാം ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനുള്ള പരിശ്രമത്തിലാണ്.

ദുരന്തമുഖത്തുനിന്ന് നമ്മള്‍ അതിജീവനത്തിന്റെ പാതയിലേക്ക് പതിയെ ചുവടുവയ്ക്കുന്നതിനിടെയാണ് ഇപ്പോള്‍ പ്രളയസമാനമായ സാഹചര്യം ഉണ്ടായിരിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നുവര്‍ഷം പിന്നിടുന്നതിനിടെ മൂന്ന് മഹാദുരന്തങ്ങള്‍ നമ്മെ കടന്നുപോയി. 2016ലെ കൊടുംവരള്‍ച്ചയും 2017ലെ ഓഖി ദുരന്തവും 2018ലെ മഹാപ്രളയവും സമചിത്തതയോടും സംഘടിതമായും നേരിട്ടതിനുശേഷമാണ് ഇപ്പോള്‍ വീണ്ടും മഴക്കെടുതിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തിയത്. ഏതു പരിസ്ഥിതി ദുരന്തമുണ്ടായാലും ആത്യന്തികമായി ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കുന്നത് കാര്‍ഷിക മേഖലയ്ക്കാണ്. ഓഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ ഈ വര്‍ഷത്തെ മഴക്കെടുതിയില്‍ 31,015 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചുപോയി. 1,21,675 കര്‍ഷകരെ ഇത് ബാധിച്ചു. പ്രാഥമികമായി 1,16,642 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാനദണ്ഡങ്ങള്‍ പ്രകാരം 196 കോടി രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് മാത്രം ആവശ്യമാണ്. ദുരിതത്തിലായ കര്‍ഷകര്‍ക്ക് മാനസികവും സാമ്പത്തികവും സാമൂഹികവുമായ സഹായവും പിന്തുണയുമായി സംസ്ഥാന സര്‍ക്കാരും കൃഷി വകുപ്പും ഒപ്പമുണ്ടാകും. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും കേരളത്തിന്റെ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായിരിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. തകര്‍ന്നടിഞ്ഞ കാര്‍ഷിക മേഖലയെ പുനര്‍നിര്‍മ്മിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്തമാണ് നമുക്കുള്ളത്.

കര്‍ഷകനാണ് യഥാര്‍ത്ഥ യജമാനന്‍ എന്ന് ഓരോ കര്‍ഷകദിനവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കൃഷി എന്നത് അന്തസ്സില്ലാത്ത ഒരു പണി എന്നാണ് പലരും ധരിച്ചിരുന്നത്. എന്നാല്‍, കൃഷി ഒരു സാമൂഹ്യഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവ് ഇപ്പോള്‍ ജനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കൃഷി ചെയ്യുമ്പോള്‍ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കും ഉണ്ടാകുന്ന മെച്ചങ്ങള്‍ എന്താണ് എന്ന് പൊതുസമൂഹം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ‘ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം’ എന്നാണ് പഴമക്കാര്‍ പറഞ്ഞിരുന്നത്. ‘ഉണ്മോരെ ഭാഗ്യം ഉഴുതേടം കാണാം’ എന്നും അവര്‍ പറഞ്ഞിരുന്നു. കര്‍ഷകനെ ആദരിക്കുന്ന ഒരു സമൂഹത്തിനു മാത്രമേ അങ്ങനെ ചിന്തിക്കാന്‍ സാധിക്കൂ. സമൂഹത്തില്‍ കര്‍ഷകന്റെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തുന്നതിനാണ് സംസ്ഥാന കൃഷി വകുപ്പ് ശ്രദ്ധ ചെലുത്തുന്നത്.

കേരളം വര്‍ഷംതോറും നേരിട്ടുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥലപരവും വിഭവപരവും സാമൂഹ്യവുമായ ആസൂത്രണ പ്രക്രിയയിലൂടെ നമ്മുടെ കാര്‍ഷിക സമ്പ്രദായങ്ങളെ അടിമുടി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത തരത്തിലുള്ള, പരിസ്ഥിതി സൗഹൃദ കാര്‍ഷിക സമ്പ്രദായങ്ങളാണ് ഇനി കേരളത്തില്‍ നടപ്പിലാക്കേണ്ടത് എന്ന് മഹാപ്രളയവും വരള്‍ച്ചയും മഴക്കെടുതിയുമെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തെ ഭൂഘടനയുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക പാരിസ്ഥിതിക മേഖലകളായി (അഗ്രോ ഇക്കോളജിക്കല്‍ സോണുകള്‍) തിരിച്ചുകൊണ്ട് കാര്‍ഷിക സമ്പ്രദായങ്ങളെ പരിഷ്‌കരിക്കാന്‍ കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കേരള കാര്‍ഷിക സര്‍വ്വകലാശാല ഇതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മലഞ്ചെരുവുകളില്‍ ചെയ്യുന്ന കൃഷി സമ്പ്രദായമാകില്ല, സമതലപ്രദേശങ്ങളില്‍ അനുവര്‍ത്തിക്കേണ്ടത്. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തീരപ്രദേശം, ഇടനാടന്‍ ലാറ്ററൈറ്റ്, മലമ്പ്രദേശം, ഉയര്‍ന്ന മലനിരകള്‍, പാലക്കാടന്‍ സമതലം എന്നിങ്ങനെയാണ് കേരളത്തിന്റെ കാര്‍ഷിക മേഖലയെ തിരിച്ചിട്ടുള്ളത്. ഈ അഞ്ച് മേഖലകളെ വീണ്ടും 23 സൂക്ഷ്മതല യൂണിറ്റുകളായി (അഗ്രോ-ഇക്കോളജിക്കല്‍ മാനേജ്‌മെന്റ് യൂണിറ്റ്) വിഭജിച്ചിട്ടുണ്ട്. ഓരോ അഗ്രോ ഇക്കോളജിക്കല്‍ സോണുകളിലും മണ്ണിന്റെ ഫലപുഷ്ടിയും ജൈവവൈവിധ്യവും തനത് കാര്‍ഷിക സമ്പ്രദായങ്ങള്‍ക്കായി നിലനിര്‍ത്തിക്കൊണ്ടു തന്നെ അതാത് മേഖലകള്‍ക്ക് അനുയോജ്യമായ കൃഷിവിളകളും കാര്‍ഷിക മുറകളും ഏതൊക്കെയെന്ന് നിശ്ചയിക്കുന്നതിന് കാര്‍ഷിക മേഖലയിലും ഭൂമിശാസ്ത്ര രംഗത്തും വിദഗ്ധരായ ശാസ്ത്രജ്ഞന്മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഈ വിദഗ്ധ സംഘത്തിന്റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചു കൊണ്ടായിരിക്കും ഓരോ സോണിനും അനുയോജ്യമായ വിളകള്‍ നിശ്ചയിക്കുന്നത്.

വരള്‍ച്ചയുടെയും മഹാപ്രളയത്തിന്റെയും മുഖ്യകാരണമായി ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെ തീവ്രതയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ക്ലാസ്സിക്കല്‍ ഉദാഹരണമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, പരിസ്ഥിതിയെ മുഖ്യസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ളതായിരിക്കണം കാര്‍ഷിക മേഖലയിലെ ഇടപെടലുകള്‍ എന്നത് നാം മറന്നുകൂടാ. നെല്‍വയലുകള്‍ കേവലം നെല്‍കൃഷിക്ക് മാത്രമുള്ളതല്ല. അത് പ്രകൃത്യായുള്ള ജലസംഭരണികളാണ്. മുടക്കം കൂടാതെ നെല്‍കൃഷി നടത്തുമ്പോഴാണ് നെല്‍വയലുകളുടെ ജലാഗിരണശേഷി വര്‍ധിക്കുന്നത്. അങ്ങനെ വന്നാല്‍ മാത്രമേ ഭൂഗര്‍ഭജലനിരപ്പ് ഉയരുകയുള്ളൂ. കേരള കാര്‍ഷിക സര്‍വ്വകലാശാലയും കാലാവസ്ഥാ പഠന ഗവേഷണ സ്ഥാപനങ്ങളും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണങ്ങളുടെ ഫലമായി കണ്ടെത്തിയ ഒരു സുപ്രധാനമായ കാര്യം കേരളത്തിന്റെ ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി താഴ്ന്നുപോകുന്നു എന്നാണ്. ആശങ്കാജനകമായ റിപ്പോര്‍ട്ടാണിത്. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടയുന്നതരത്തില്‍, നീര്‍ച്ചാലുകള്‍ നികത്തിയും മലയും കുന്നും ഇടിച്ചുനിരത്തിയും വയലുകള്‍ നികത്തിയും തണ്ണീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും ഇല്ലായ്മ ചെയ്തും മുന്നോട്ടുപോകുമ്പോള്‍ മഹാദുരന്തത്തിന്റെ പടിവാതിലുകളാണ് നാം അതിവേഗം ചവിട്ടിക്കയറി പോകുന്നത് എന്ന കാര്യം മറക്കരുത്. ഈ മഴക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ട പുത്തുമലയിലും കവളപ്പാറയിലും മണ്ണിന്റെ ഘടനയില്‍ സാരമായ മാറ്റം സംഭവിച്ചിട്ടുണ്ട്. മേല്‍മണ്ണ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടുപോയി. മണ്ണിനെയും വെള്ളത്തെയും പരിസ്ഥിതിയെയും ആദരിച്ചുകൊണ്ടുള്ളതാകണം നമ്മുടെ ഇടപെടലുകള്‍ എന്ന താക്കീതാണ് കേരളം സമീപകാലത്തായി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍.
കേരളത്തിന് ഒരു ജൈവ കാര്‍ഷിക നയമുണ്ട്. ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതുപോലെ തന്നെ പ്രധാനമാണ് സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുക എന്നതും. രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിന് സാധിച്ചിട്ടുണ്ട്. വരുംവര്‍ഷങ്ങളില്‍ അവയുടെ ഉപയോഗം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും ജൈവ കാര്‍ഷിക സമ്പ്രദായങ്ങളിലേക്ക് മാറുന്നതിനും നമുക്ക് സാധിക്കണം. പാരിസ്ഥിതികമായ പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, കേരളത്തില്‍ കൃഷിയധിഷ്ഠിത സംരംഭങ്ങളുടെ സാധ്യത അനന്തമാണ്. നമുക്കിവിടെ ലഭ്യമായ അവസരങ്ങളും സാധ്യതകളും പൂര്‍ണമായി കണ്ടെത്തുകയും ഫലപ്രദമായും സമയബന്ധിതമായും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതില്‍ നാം എത്രമാത്രം വിജയിച്ചുവെന്നത് ഈ കര്‍ഷകദിനത്തില്‍ മലയാളികള്‍ ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. വിഭവത്തെ വൈഭവമാക്കി മാറ്റുന്നതിന് നമുക്ക് സാധിക്കണം.

സമൂഹത്തെ കെട്ടിപ്പടുക്കുന്നതില്‍ കര്‍ഷകര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്. അതുകൊണ്ടുതന്നെ, കര്‍ഷകനെ മുഖ്യസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള വികസന സമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കാണാന്‍ കഴിയും. ലാഭകരമല്ല എന്നുപറഞ്ഞ് കൃഷി ഉപേക്ഷിച്ചുപോയവര്‍ കൂടുതല്‍ ആവേശത്തോടും ആത്മവിശ്വാസത്തോടും കൂടി കൃഷിയിലേക്ക് തിരിച്ചുവരുന്നതിന്റെ ശുഭസൂചനകള്‍ മഹാപ്രളയത്തിനുശേഷം കേരളത്തില്‍ ദൃശ്യമായി. കുട്ടനാടന്‍ കരിനിലങ്ങളിലും കോള്‍ മേഖലയിലുമൊക്കെ ഉണ്ടായ വമ്പന്‍ വിളവ് കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ കോള്‍ ഡബ്ള്‍ പോലുള്ള പദ്ധതികള്‍ ഇതിനു ഉദാഹരണമാണ്. നെല്‍കൃഷിയില്‍ നിന്നുള്ള ലാഭത്തില്‍ നിന്ന് ഒരോഹരി മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കിയ കര്‍ഷകരുണ്ട്. അത്തരം കര്‍ഷകസഹോദരങ്ങളുടെ ആത്മവിശ്വാസവും അഭിമാനബോധവും തന്നെയാണ് നമ്മുടെ കൈമുതല്‍.

നമ്മുടെ നാട്ടില്‍ ധാരാളം ചെറുപ്പക്കാര്‍ കാര്‍ഷികവൃത്തിയോട് താല്‍പര്യവുമായി രംഗത്തുവരുന്നുണ്ട്. അവരെ കേവലം കൃഷിക്കാരായി നിലനിര്‍ത്തുക എന്നതല്ല, മറിച്ച് കാര്‍ഷിക സംരംഭകരാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ നയം. ഓരോ കര്‍ഷകനും കാര്‍ഷികസംരംഭകനായി മാറണം. അതിനുള്ള കര്‍മ്മപദ്ധതികളാണ് സംസ്ഥാന കൃഷി വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളത്. മഹാപ്രളയത്തിനുശേഷം കാര്‍ഷിക മേഖലയിലുണ്ടായ മുരടിപ്പ് മാറ്റിയെടുക്കുന്നതിനും കൃഷിയും കൃഷിയിടവും കിടപ്പാടവും കാലിസമ്പത്തുമൊക്കെ നശിച്ചുപോയ കര്‍ഷകര്‍ക്ക് വീണ്ടും കൃഷിയിലേക്ക് മടങ്ങിവരുന്നതിന് ആവശ്യമായ ധൈര്യവും പ്രോത്സാഹനവും പിന്തുണയും സാമ്പത്തികസഹായവും നല്‍കി അവരെ കാര്‍ഷികമേഖലയില്‍ ഉറപ്പിച്ചുനിര്‍ത്തുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ഈ ദൗത്യം നൂറുശതമാനം വിജയത്തില്‍ എത്തിക്കാന്‍ സാധിക്കൂ. എല്ലാവരുടെയും പിന്തുണ ഈ സന്ദര്‍ഭത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. ലോകമെങ്ങുമുള്ള എല്ലാ കര്‍ഷകരുടെയും പാദങ്ങളില്‍ ആദരവോടെ പ്രണമിച്ചുകൊണ്ട് ഏവര്‍ക്കും കര്‍ഷകദിനാശംസകള്‍ ഹൃദയപൂര്‍വ്വം നേരുന്നു.