കർഷക തൊഴിലാളികൾ അവഗണിക്കപ്പെടേണ്ടവരല്ല,

Web Desk
Posted on December 04, 2019, 10:11 pm

ജനറൽ സെക്രട്ടറി, ബികെഎംയു സംസ്ഥാന കമ്മിറ്റി

സാമൂഹികമായും സാമ്പത്തികമായും ഏറ്റവും പിന്നാക്കാവസ്ഥയില്‍ കഴിയുന്നവരാണ്‌ രാജ്യത്തെ കര്‍ഷകത്തൊഴിലാളികളില്‍ ഭൂരിപക്ഷവും. അവരില്‍ ഗണ്യമായവര്‍ പട്ടികവിഭാഗത്തിലും പിന്നാക്ക വിഭാഗത്തിലും പെട്ടവരാണ്‌. അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനും അതുവഴി അവരുടെ സാമൂഹികപദവി ഉയര്‍ത്തി കൊണ്ടുവരാനും സ്വാതന്ത്യ്ര പ്രാപ്‌തിക്കുശേഷം പല നടപടികളും സ്വീകരിക്കപ്പെട്ടുവെങ്കിലും അവയി­ല്‍ പലതും ഫലപ്രദമായി നടപ്പിലാക്കപ്പെട്ടില്ല. എന്നാല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ഈ രംഗത്ത്‌ നടപ്പിലാക്കി­യ പല പരിഷ്‌കാരങ്ങളും കര്‍ഷകത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹിക പദവി ഒരു പരിധിവരെ ഉയര്‍ത്താന്‍ ഇടയാക്കി.

തൊട്ടുകൂടായ്‌മയും തീണ്ടികൂടായ്‌മയും നിലനില്‍ക്കുന്നില്ല എങ്കിലും അതിന്റെ അവശിഷ്‌ടങ്ങള്‍ ഇന്നും നമുക്കിടയിലുണ്ട്. രാജ്യത്താകെ മതന്യൂനപക്ഷങ്ങളും ദളിതരും വേട്ടയാടപ്പെടുമ്പോള്‍ കേരളത്തില്‍ അത്തരത്തിലുള്ള വേട്ടയാടല്‍ ഉണ്ടാകാത്തത്‌ സാമൂഹ്യനവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ നമുക്ക്‌ ഒരു പരിധിവരെയെങ്കിലും കഴിയുന്നതിനാലാണ്‌. കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സാമൂഹ്യ പിന്നാക്കാവസ്ഥയിലുള്ള ജനങ്ങളുടെ സാമൂഹിക പുരോഗതി ലക്ഷ്യമാക്കി പല നടപടികളും നാം സ്വീകരിക്കുകയുണ്ടായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ സമഗ്രമായ ഭൂപരിഷ്‌കരണ നിയമം.

ആ നിയമം വഴി ജന്മിത്തം ഇല്ലാതായി. 35 ലക്ഷത്തോളം വരുന്ന ഭൂരഹിതര്‍ക്ക്‌ ഭൂമിയില്‍ ഉടമാവകാശം ലഭ്യമായി. ‘കൃഷിക്കാരന്‌ കൃഷിഭൂമി’ എന്ന മുദ്രാവാക്യവും നമ്മളുകൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന പാട്ടും മുദ്രാവാക്യവും ഒരുപരിധിവരെ നടപ്പിലായി. ഭവനരഹിതര്‍ക്ക്‌ രാജ്യത്ത് ആദ്യമായി ലക്ഷംവീട്‌ പദ്ധതി നടപ്പിലാക്കുക വഴി ഭവനം ലഭിക്കാന്‍ അവസരമൊരുക്കി. പിന്നീട്‌ അധികാരത്തില്‍ വന്ന ഏതു സര്‍ക്കാരിനും ഭവന രഹിതരുടെയും ഭൂരഹിതരുടെയും പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ബാധ്യതയേറി. എന്നാല്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കി അരനൂറ്റാണ്ടിലേക്ക്‌ എത്തുമ്പോള്‍ 1.83 ലക്ഷം കുടുംബങ്ങള്‍ക്ക്‌ ഒരു അടി മണ്ണുപോലും സ്വന്തമായില്ല എന്നത്‌ അഭിമാനകരമല്ല.

ഭൂരഹിതരും ഭവനരഹിതരുമായി 6.50 ലക്ഷം കുടുംബങ്ങള്‍ കേരളത്തില്‍ ഇന്നുമുണ്ട്‌ എന്നത്‌ ഗൗരവമേറിയ ഒരു സാമൂഹികപ്രശ്‌നമായിരിക്കുന്നു. ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ മിച്ചഭൂമി പൂര്‍ണമായി ഏറ്റെടുക്കുകയും സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുകയും നിലവിലുള്ള തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിച്ചുകൊണ്ടുതന്നെ ഭൂപരിധിയില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട തോട്ടഭൂമിക്ക്‌ പരിധി നിര്‍ണയിക്കുകയും ബാക്കി തിരിച്ചെടുക്കുകയും ചെയ്യണം. 50 വര്‍ഷങ്ങള്‍ക്ക്‌ അപ്പുറം പാസാക്കി നടപ്പിലാക്കിയ കേരള ഭൂപരിഷ്‌കരണ നിയമവും ഭേദഗതിചെയ്യാന്‍ സമയമായി എന്ന്‌ ഫെഡറേഷന്‍ കരുതുന്നു.

ഭൂരഹിത‑ഭവനരഹിതരുടെ പ്രശ്‌നപരിഹാരത്തിനായി ന­ട­പ്പിലാക്കിവരുന്ന ലൈഫ്‌ പദ്ധതി ത്വരിതപ്പെടുത്തണം. കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കിയാണ്‌ 1974‑ല്‍ അച്ച്യുതമേനോന്‍ സര്‍ക്കാര്‍ പാസാക്കിയ കേരള കര്‍ഷകത്തൊഴിലാളി നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1980‑ല്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷനും 1990‑ല്‍ കര്‍ഷകത്തൊഴിലാളി ക്ഷേമപദ്ധതിയും നടപ്പിലാക്കിയത്‌. 45 രൂപയില്‍ ആരംഭിച്ച പെന്‍ഷന്‍ 1300 രൂ­പയായി ഉയര്‍ത്തി. യുഡിഎഫ്‌ ഭരണകാലത്തെല്ലാം പെന്‍ഷന്‍ മുടങ്ങിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ സമയബന്ധിതമായി പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്‌. അത്‌ സ്വാഗതാര്‍ഹം തന്നെ.

എന്നാല്‍ പെന്‍ഷന്‍ അര്‍ഹത നിശ്ചയിക്കുന്നതിന്‌ ഉപാധി ഏര്‍പ്പെടുത്തിയത്‌ ക്രൂരമാണ്‌. ഭാരിച്ച പെന്‍ഷന്‍ ലഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പൊതു മേഖല, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉപാധി രഹിതമായി പെന്‍ഷന്‍ ലഭിക്കുമ്പോള്‍ രാജ്യത്തെ ജനങ്ങളെ തീറ്റിപോറ്റാനും സമ്പത്ത്‌ ഉല്പാദിപ്പിക്കാനും രാപകല്‍ പണി ചെയ്‌ത കര്‍ഷകത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഉപാധിക്ക്‌ വിധേയമായി പെന്‍ഷന്‍ ന­ല്‍കുന്നത്‌ വിവേചനമാണ്‌. പ്രത്യേകിച്ച്‌ കര്‍ഷകത്തൊഴിലാളികള്‍ക്ക്‌. സര്‍ക്കാരിന്റെ ആ നടപടി ക്രൂരമാണ്‌. എല്ലാ കര്‍ഷകത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും യാതൊരു ഉപാധിയുമില്ലാതെ പ്രതിമാസം 3000 രൂപ പെന്‍ഷന്‍ പ്രഖ്യാപിക്കണം.

കര്‍ഷകത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹി­ക സ്ഥിതി പരിഗണിച്ചാണ്‌ 1990‑ല്‍ അവര്‍ക്കായി കര്‍ഷകത്തൊഴിലാളി ക്ഷേമപദ്ധതിക്ക്‌ രൂപം നല്‍കിയത്‌. 25 ലക്ഷത്തില്‍ പരം കര്‍ഷകത്തൊഴിലാളികള്‍ ഇതുവരെ ക്ഷേമപദ്ധതിയി­ല്‍ ചേര്‍ന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ അംഗത്വമെടുത്ത ക്ഷേമനിധി ഗൗരവമേറിയ സാമ്പത്തിക സ്ഥിതിയെ അഭിമുഖീകരിക്കുന്നു. 306‑ല്‍ പരം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക്‌ കൊടുത്തുതീര്‍ക്കാനുണ്ട്‌. പല ആനുകൂല്യങ്ങളും 2010ന്‌ ശേഷം കുടിശികയാണ്‌. അതില്‍ ഒരുഭാഗം കൊടുത്തുതീര്‍ക്കാന്‍ 100 കോടി രൂപ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അനുവദിച്ചുവെങ്കിലും കടുത്ത ട്രഷറി നിയന്ത്രണംമൂലം വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ക്ഷേമപദ്ധതി പരിഷ്‌കരിച്ച്‌ ആകര്‍ഷകമാക്കാന്‍ പല തലങ്ങളില്‍ ചര്‍ച്ച നടക്കുകയും സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗതീരുമാനപ്രകാരം പദ്ധതി പരിഷ്‌കരിക്കുവാന്‍ നിയമഭേദഗതിക്കായി ഒരു ബില്‍ തയാറാക്കപ്പെട്ടെങ്കിലും നിയമസഭയില്‍ അവതരിപ്പിച്ചില്ല. തത്ഫലമായി പദ്ധതിയും ക്ഷേമബോര്‍ഡും പഴയപടി തുടരുകയാണ്‌. കേരളത്തിലെ ഏറ്റവും ദുര്‍ബലവും സാമൂഹിക പിന്നാക്കാവസ്ഥയിലുള്ളവരുമായ ജനസമൂഹത്തി­­ന്റെ താല്പര്യം സംരക്ഷിക്കുവാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ ബാധ്യതയുണ്ട്‌. മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക്‌ ഉറപ്പാക്കുന്ന ഒരുക്ഷേമനിധിയായി ഇതിനെ മാറ്റിയെടുക്കാൻ സര്‍ക്കാര്‍ തയാറാകണം. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂലം കൃഷിപ്പണികള്‍ യഥാവസരം നടക്കാതിരിക്കുകയും നശിക്കുകയും ചെയ്യുന്നതിനാല്‍ രാജ്യത്തെ കോടിക്കണക്കായ കര്‍ഷകതൊഴിലാളികള്‍ക്ക്‌ വേണ്ടത്ര തൊഴിലും വരുമാനവും ലഭ്യമാകുന്നില്ല.

ഈ സാഹചര്യത്തിലാണ്‌ 1979ല്‍ ബികെഎംയു സംഘടിപ്പിച്ച പാര്‍ലമെന്റ്‌ മാര്‍ച്ചില്‍ ഉന്നയിച്ച ‘നിശ്ചിത തൊഴിലും കൂലിയും ഉറപ്പാക്കുക’ എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചത്‌. 2005‑ല്‍ നടപ്പിലാക്കിയ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയെ എങ്ങനെ തകര്‍ക്കാം എന്ന്‌ കേന്ദ്രസര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്‌. പാര്‍ലമെന്റ്‌ പാസാക്കിയ നിയമത്തില്‍ പറയും പ്രകാരം ഒരു കുടുംബത്തിന്‌ ഒരുവര്‍ഷം 100 ദിവസം തൊഴില്‍ നല്‍കുന്നില്ല. പദ്ധതിയെ കൂടുതല്‍ ജനകീയവല്‍ക്കരിച്ചും ക്രിയാത്മകമാക്കിയും തൊഴില്‍ രഹിതരായ ഗ്രാമീണ ജനസമൂഹത്തെ സഹായിക്കുന്നതിനുപകരം പദ്ധതി തന്നെ അനാവശ്യമാണ്‌ എന്ന നിലപാടാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. കേരളത്തില്‍ ഈ പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്‌ സംസ്ഥാന സര്‍ക്കാ­ര്‍ ശ്രമിക്കുന്നുവെങ്കിലും കേന്ദ്രനിലപാടുകള്‍ മൂലം ഫലപ്രദമാകുന്നില്ല.

100 കോടിയില്‍പരം രൂപയാണ്‌ കേരളത്തില്‍ കൂലിയിനത്തില്‍ കൊടുത്തുതീര്‍ക്കാനുള്ളത്‌. രാജ്യത്ത്‌ ഓരോ സംസ്ഥാനവും ഗ്രാമീണ തൊഴിലാളികള്‍ക്ക്‌ പ്രഖ്യാപിച്ച കൂലിപോലും അവര്‍ക്ക് ലഭിക്കുന്നില്ല. 200 ദിവസത്തെ തൊഴിലും ദിനംപ്രതി 600 രൂപ കൂലിയും ലഭ്യമാക്കി കാര്‍ഷിക മേഖലയിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി തൊഴില്‍ ഉറപ്പാക്കണം. കര്‍ഷകതൊഴിലാളി സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്‌ വേണ്ടത്ര തൊഴില്‍ലഭിക്കുന്നില്ല എന്ന കാര്യം. യന്ത്രവല്‍കരണവും വ്യാപകമായ തരിശിടലും കര്‍ഷകതൊഴിലാളികളുടെ തൊഴിലവസരം നഷ്‌ടപ്പെടുത്തുന്നുണ്ട്‌. അത്‌ പരിഹരിക്കുവാന്‍ നടപടിവേണം. 1970‑ല്‍ ഭൂപരിഷ്‌കരണം നടപ്പിലാക്കുമ്പോള്‍ 11 ലക്ഷത്തില്‍ പരം ഹെക്‌ടറില്‍ നെല്‍കൃഷി നടത്തിയിരുന്നു. നമുക്ക്‌ ആവശ്യമുള്ള അരിയുടെ 30 ശതമാനം വരെ ഉല്പാദിപ്പിച്ചിരുന്നു. പല കാരണങ്ങളാല്‍ വ്യാപകമായ തരിശിടല്‍ ഉണ്ടാവുകയും തരിശുനിലങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കായി യാതൊരു നിയന്ത്രണവുമില്ലാതെ തരംമാറ്റിയതിന്റെ ഫലമായി നെല്‍പ്പാടങ്ങള്‍ ഇല്ലാതായി.

തണ്ണീര്‍തടങ്ങള്‍ നശിപ്പിക്കപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിനും പരിസ്ഥിതി പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനും കര്‍ഷകതൊഴിലാളികളുടെ തൊഴിലവസരം കുറയുന്നതിനും നെല്ല്‌ ഉല്പാദനം കുത്തനെ ഇടിയാനും നെല്‍പ്പാടങ്ങളുടെ നികത്തലും മറ്റും കാരണങ്ങളായി മാറി. ആ സ്ഥിതിക്ക് മാറ്റം വരുത്തി നെല്‍പാടങ്ങളും തണ്ണീര്‍തടങ്ങളും സംരക്ഷക്കുവാന്‍ ലക്ഷ്യമിട്ട്‌ നിയമസഭ പാസാക്കിയ നെല്‍വയല്‍ സംരക്ഷണ നിയമം സംരക്ഷിക്കണം. നിയമത്തിന്റെ അലകുംപിടിയും മാറ്റാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുകയാണ്‌. അത്‌ തടയപ്പെടണം. കര്‍ഷകതൊഴിലാളി സമൂഹത്തിന്റെ പൊതു താല്പര്യം പരിഗണിച്ച്‌ അവര്‍ക്ക്‌ തൊഴിലും വരുമാനവും ഉറപ്പാക്കാന്‍ സര്‍ക്കാരിന്‌ കഴിയണം. രാജ്യത്തിന്‌ അവര്‍ നല്‍കിയ സേവനങ്ങള്‍ പരിഗണിക്കപ്പെടണം.