24 April 2024, Wednesday

Related news

April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024
April 18, 2024
April 18, 2024
April 18, 2024
April 18, 2024

പടിഞ്ഞാറന്‍ യുപിയില്‍ ബിജെപി പ്രചരണം വിലക്കി കര്‍ഷകര്‍

Janayugom Webdesk
ലഖ്നൗ
September 8, 2021 10:25 pm

അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ബിജെപി നേതാക്കളെ പ്രചരണത്തിന് അനുവദിക്കില്ലെന്ന് കര്‍ഷകര്‍. മുസഫര്‍നഗറില്‍ ഞായറാഴ്ച നടന്ന കര്‍ഷക മഹാപഞ്ചായത്തില്‍ പടിഞ്ഞാറന്‍ യുപിയില്‍ നിന്നുണ്ടായ അഭൂതപൂര്‍വമായ പങ്കാളിത്തത്തെ തുടര്‍ന്നാണ് ഈ മേഖലയില്‍ പ്രചരണം നടത്തുവാന്‍ ബിജെപി നേതാക്കളെ അനുവദിക്കേണ്ടതില്ലെന്ന് കര്‍ഷകര്‍ തീരുമാനിച്ചത്.

ബിജെപി നേതാക്കള്‍ പ്രചരണത്തിനെത്തുന്ന യോഗസ്ഥലങ്ങളിലേയ്ക്കുള്ള വഴികള്‍ ഉപരോധിക്കുവാനാണ് കര്‍ഷകരുടെ തീരുമാനം. നേതാക്കള്‍ക്കെതിരെ കരിങ്കൊടികള്‍ ഉയര്‍ത്തുകയും ചെയ്യും. സെപ്റ്റംബര്‍ 9,10 തീയതികളില്‍ നടക്കുന്ന സംയുക്തകിസാന്‍മോര്‍ച്ച (എസ്‌കെഎം) യോഗത്തില്‍ ഇതുസംബന്ധിച്ച വിശദമായ പദ്ധതികള്‍ ആവിഷ്കരിക്കും.


ഇതു കൂടി വായിക്കുക: രാജ്യത്തെ ജനകീയ പോരാട്ട ചരിത്രത്തില്‍ ഇടം  നേടി മുസാഫര്‍ നഗര്‍  കര്‍ഷക റാലി 


മുസഫര്‍നഗര്‍ കര്‍ഷക മഹാപഞ്ചായത്തില്‍ പ്രതീക്ഷിത്തിലേറെ പങ്കാളിത്തമാണ് പടിഞ്ഞാറന്‍ യുപിയില്‍ നിന്നുണ്ടായത്. ഇത് പ്രദേശത്തിന്റെ ഒന്നാകെയുള്ള വികാരം ബിജെപിക്കെതിരാണെന്നതിന്റെ സൂചനയാണെന്നാണ് കര്‍ഷക നേതാക്കള്‍ വിലയിരുത്തുന്നത്.
മുസഫര്‍ നഗറില്‍ നിന്നുള്ള ലോക്‌സഭാംഗവും കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബല്യാന് ഷാംലി ജില്ലയില്‍ തീരുമാനിച്ച യോഗം കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് അടുത്ത ദിവസം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. കാര്‍ഷിക നിയമങ്ങളുടെ പ്രയോജനങ്ങള്‍ ബോധവല്‍ക്കരിക്കുവാനെത്തിയ ബല്യാന്‍, സുരേഷ് റാണ തുടങ്ങിയ ബിജെപി നേതാക്കള്‍ക്ക് മോശം പ്രതികരണം കാരണം യോഗത്തില്‍ നിന്ന് പെട്ടെന്ന് പിന്‍വാങ്ങേണ്ടി വരികയും ചെയ്തിരുന്നു. ഇത്തരം സാഹചര്യത്തില്‍ പുതിയ തീരുമാനം ബിജെപിയുടെ പ്രവര്‍ത്തനത്തെ ഈ മേഖലയില്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.

2013ല്‍ നടന്ന മുസഫര്‍നഗര്‍ കലാപത്തെതുടര്‍ന്ന് നടന്ന 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രസ്തുതവിഷയം പ്രചരണായുധമാക്കിയാണ് ബിജെപി നേട്ടംകൊയ്തത്. മുസഫര്‍നഗര്‍ കര്‍ഷക മഹാപഞ്ചായത്തിലുണ്ടായ ഹിന്ദു മുസ്‌ലിം പങ്കാളിത്തവും പടിഞ്ഞാറന്‍ യുപിയിലെ കര്‍ഷക പ്രതിഷേധവും ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിക്കുവാന്‍ പോകുന്നതാണ്.

Eng­lish sum­ma­ry; Farm­ers ban BJP cam­paign in west­ern UP

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.