Tuesday
18 Jun 2019

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ജപ്പാന്‍ സര്‍ക്കാരിന് കര്‍ഷകര്‍ കത്തയച്ചു

By: Web Desk | Wednesday 19 September 2018 11:15 AM IST


അഹമ്മദാബാദ്: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയ്ക്ക് ധനസഹായം നല്‍കരുതെന്നാവശ്യപ്പെട്ട് ജപ്പാന്‍ സര്‍ക്കാരിന് ഗുജറാത്ത് കര്‍ഷകരുടെ കത്ത്. ജപ്പാന്‍ ഏജന്‍സിയുടെ മാര്‍ഗ രേഖകള്‍ ലംഘിച്ചു കൊണ്ടാണ് ഭൂമി ഏറ്റെടുക്കുന്നതെന്നും അതുകൊണ്ട് ധനസഹായം നല്‍കരുതെന്നുമാണ് കത്തില്‍ പറയുന്നത്. ഗുജറാത്തില്‍ നിന്ന് ദുത് സമാജിന്റെ നേതൃത്വത്തില്‍ ആയിരത്തോളം കര്‍ഷകരാണ് ജപ്പാന്‍ സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 1.10 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് ജപ്പാന്‍ അന്താരാഷ്ട്ര സഹകരണ ഏജന്‍സി വായ്പയായി നല്‍കുന്നത്. എന്നാല്‍ റെയില്‍ പാത നിര്‍മിക്കുന്നതിനായി ഏജന്‍സി മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നാണ് കര്‍ഷകരുടെ പരാതി.

കര്‍ഷകരുടെ അവസ്ഥ നേരില്‍ കണ്ടറിയാന്‍ ജപ്പാന്‍ അംബാസിഡറോട് ഗുജറാത്ത് സന്ദര്‍ശിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഏജന്‍സിയുടെ നിര്‍ദേശപ്രകാരം ഭൂപ്രകൃതി വിശകലനം ചെയ്യുന്നതിനും സാമൂഹ്യ പശ്ചാത്തലം പഠിക്കാനുമായി ഒരു ഉപദേശക സമിതി രൂപീകരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതൊന്നും പാലിച്ചിട്ടില്ലെന്നും കര്‍ഷകരുടെ പരാതിക്കത്തില്‍ പറയുന്നു. റെയില്‍ പാത നിര്‍മ്മാണത്തിനായി ഗുജറാത്തിലെയും മഹാരാഷ്ട്രയിലേയുമുള്‍പ്പെടെ 1400 ഹെക്ടര്‍ ഭൂമിയാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.

Related News