June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

ബാങ്കുകള്‍ കെസിസി വായ്പ നിഷേധിക്കുന്നു: കര്‍ഷകര്‍ക്ക് ആശ്രയം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍

By Janayugom Webdesk
February 14, 2020

സര്‍ക്കാര്‍ പ്രഖ്യാപിച്ച കിസാന്‍ ക്രഡിറ്റ് വായ്പാ പദ്ധതി ബാങ്കുകള്‍ അട്ടിമറിക്കുന്നു. വായ്പക്ക് അപേക്ഷിക്കുന്ന കര്‍ഷകര്‍ക്ക് പല ബാങ്കുകളും കെസിസി വായ്പ നിഷേധിക്കുകയാണ്. അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും കെസിസി വായ്പ ലഭ്യമാക്കുമെന്ന കഴിഞ്ഞ കുറച്ച് കാലമായി സര്‍ക്കാര്‍ പ്രഖ്യാപനമുണ്ട്. ജില്ലാതലത്തില്‍ ബാങ്കിംഗ് അവലോകനസമിതി യോഗം ചേര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മുഴുവന്‍ കര്‍ഷകരേയും കെസിസിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രചരണവും നടത്തിവരുന്നുണ്ട്.

ലീഡ് ബാങ്ക്, നബാര്‍ഡ്, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കൃഷിവകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ലഭിക്കുന്ന എല്ലാ കര്‍ഷകര്‍ക്കും അതേ ബാങ്കില്‍ നിന്ന് കെസിസി വായ്പ ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ മാധ്യമ വാര്‍ത്ത കണ്ട് കര്‍ഷകര്‍ ബാങ്കുകളെ സമീപിക്കുമ്പോള്‍ വായ്പ നല്‍കാന്‍ ബാങ്കധികൃതര്‍ തയ്യാറാകുന്നില്ല. തങ്ങള്‍ക്ക് നിര്‍ദ്ദേശമില്ല, ഈ സ്കീമില്‍ വായ്പ നല്‍കാന്‍ അനുവാദമില്ല, ഈ വര്‍ഷത്തെ ക്വോട്ട കഴിഞ്ഞുപോയി തുടങ്ങിയ ന്യായവാദങ്ങളാണ് ബാങ്കധികൃതര്‍ വായ്പ നിഷേധിക്കാന്‍ ചൂണ്ടിക്കാണിക്കുന്നത്. മുമ്പ് വായ്പയെടുത്ത് കുടിശ്ശികയാവുകയും പിന്നീട് അടച്ചുതീര്‍ക്കുകയും ചെയ്തവര്‍ സിബില്‍ വ്യവസ്ഥയില്‍ കുടുങ്ങിയിട്ടുണ്ട്. ഇങ്ങനെ സിബിലില്‍ കുടുങ്ങിയവര്‍ക്കും അക്കാരണങ്ങള്‍കൊണ്ട് ബാങ്കധികൃതര്‍ വായ്പ നിഷേധിക്കുകയാണ്.

വയനാട് ജില്ലയിലെ ചില സഹകരണ ബാങ്കുകളും വായ്പ നിഷേധിക്കുന്നതില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ ബാങ്കില്‍ കെസിസി വായ്പ ഇല്ലെന്നാണ് ഇവര്‍ കര്‍ഷകരോട് പറയുന്നത്. 1, 60, 000 രൂപ വരെ യാതൊരു ഈടുമില്ലാതെ വായ്പ നല്‍കണമെന്നാണ് വ്യവസ്ഥ. ഒരുവര്‍ഷംകൊണ്ട് തിരിച്ചടക്കുന്നവര്‍ക്ക് നാല് ശതമാനമാണ് പലിശ. ഈടുനല്‍കിയാല്‍ ഈടു നല്‍കുന്ന സ്ഥലത്തിന്റെ അളവിനനുസരിച്ച് എത്ര ലക്ഷം വേണമെങ്കിലും കെസിസി വായ്പ നല്‍കണം. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളെല്ലാം ബാങ്കുകള്‍ നിഷേധിക്കുകയാണ്. നിലവിലുള്ള വായ്പ പുതുക്കല്‍ മാത്രമാണ് ഇപ്പോള്‍ ബാങ്കുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ കണക്കുകള്‍ നിരത്തിയാണ് വായ്പ നിഷേധ കണക്ക് ജില്ലാതലത്തില്‍ ബാങ്കിംഗ് അവലോകന സമിതികള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതെന്നും യഥാര്‍ത്ഥത്തില്‍ പുതിയവായ്പകള്‍ നല്‍കുന്നില്ലെന്നും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.
സാമ്പത്തിക പ്രതിസന്ധി ആയതിനാല്‍ വായ്പകള്‍ കര്‍ഷകര്‍ തിരിച്ചടക്കില്ലെന്ന ആശങ്കയാണ് ഈ നിഷേധത്തിന് കാരണം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട കര്‍ഷകരെ വലയിലാക്കാന്‍ വയനാടുള്‍പ്പെടെയുള്ള വിവിധ ജില്ലകളില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്.

നാലുപേരോ അതില്‍ കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് ഗ്രൂപ്പായി വായ്പക്ക് അപേക്ഷിച്ചാല്‍ ഒരു ലക്ഷം രൂപ വരെ ഓരോരുത്തര്‍ക്കും വായ്പ നല്‍കാന്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ തയ്യാറാണ്. പലിശയടക്കം ഓരോ ആഴ്ചയിലും വായ്പാ വിഹിതം തിരിച്ചടക്കണമെന്നാണ് വ്യവസ്ഥ. 36 മാസങ്ങള്‍കൊണ്ടോ അതില്‍ കൂടുതല്‍ മാസങ്ങള്‍കൊണ്ടോ ഇങ്ങനെ തിരിച്ചടവ് നടക്കുമ്പോള്‍ 18 ശതമാനം വരെയാണ് ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ പലിശയായി ഈടാക്കുന്നത്. സാമ്പത്തികമായി വേറെ മാര്‍ഗങ്ങളില്ലാത്ത ചെറുകിട നാമമാത്ര കര്‍ഷകര്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് ഇപ്പോള്‍ ഇടപാടുകള്‍ നടത്തുന്നത്.

ENGLISH SUMMARY: Farm­ers depend pri­vate bank

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.