Web Desk

ന്യൂഡല്‍ഹി

January 03, 2021, 2:47 pm

കര്‍ഷക പ്രക്ഷോഭത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് കര്‍ഷകര്‍ മരിച്ചു

Janayugom Online

കര്‍ഷക പ്രക്ഷോഭ കേന്ദ്രങ്ങളായ സിംഘുവിലും തിക്രിയിലും ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് കര്‍ഷകര്‍ മരിച്ചു. സിംഘുവിൽ ഹരിയാന സോനിപത്ത് സ്വദേശി കുൽബീറും, തിക്രിയിൽ പഞ്ചാബ് ബട്ടിൻഡ സ്വദേശി ജഷൻപ്രീത് സിംഗുമാണ് മരിച്ചത്.

പതിനഞ്ച് വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ശൈത്യത്തിലൂടെയാണ് ഡൽഹിയും പ്രക്ഷോഭം നടക്കുന്ന അതിർത്തി മേഖലകളും കടന്നുപോകുന്നത്.

ശൈത്യം, ഹൃദയാഘാതം, വാർധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങൾ, വാഹനാപകടങ്ങൾ എന്നിവ കാരണം ഇതുവരെ അൻപത് കർഷകർ മരിച്ചെന്ന് കർഷക സംഘടനകൾ അറിയിച്ചു.

കൊടുംശൈത്യത്തിന് പുറമെ ഇടയ്ക്കിടെ പെയ്യുന്ന മഴയും പ്രക്ഷോഭകർക്ക് വെല്ലുവിളിയായി തുടരുന്നു. എന്നാൽ, പിന്നോട്ടില്ലെന്ന നയത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ.

അതേസമയം കര്‍ഷക പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചതിന് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേല്‍, ബിജെപി നേതാവ് റാം പട്ടേല്‍ എന്നിവര്‍ക്ക് പഞ്ചാബിലെ കര്‍ഷകര്‍ വക്കീല്‍ നോട്ടീസ് അയച്ചു.

കര്‍ഷക സംഘടനയുടെ നേതാക്കള്‍ നാളെ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് ശേഷവും പ്രശ്നങ്ങള്‍ക്ക് തീരുമാനമായില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കൂറ്റൻ ട്രാക്ടര്‍ റാലി സംഘടിപ്പിക്കാൻ തയ്യാറായിരിക്കുകയാണ് കര്‍ഷകര്‍.

Eng­lish Sum­ma­ry : Two farm­ers die in farm­ers protest

 

You may also like this video :