21 July 2024, Sunday
KSFE Galaxy Chits Banner 2

കർഷകരെ ഒഴിവാക്കി താങ്ങുവില സമിതി; പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച

Janayugom Webdesk
July 19, 2022 10:44 pm

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയ കാർഷിക കരിനിയമങ്ങളെ അനുകൂലിച്ചവരെ ഉള്‍പ്പെടുത്തി താങ്ങുവില (എംഎസ്‍പി)നിര്‍ണയ സമിതിയുമായി കേന്ദ്ര സര്‍ക്കാര്‍. റദ്ദാക്കിയ കാർഷിക നിയമങ്ങൾ പിൻവാതിലിലൂടെ തിരികെ കൊണ്ടുവരാനുള്ള നീക്കമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച.
ഒന്നര വര്‍ഷം നീണ്ട കര്‍ഷക സമരത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ വിവാദ നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഉറപ്പു നല്കിയിരുന്ന കമ്മിറ്റിയാണിത്. പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ തങ്ങളുടെ ആവശ്യങ്ങൾക്കായി ഒന്നും ചെയ്യാത്തവരാണെന്ന് കിസാൻ മോർച്ച പറഞ്ഞു. റദ്ദാക്കിയ കാർഷിക നിയമങ്ങളെ അനുകൂലിച്ചവരാണ് പാനലിലെ അംഗങ്ങള്‍. കർഷക നേതാക്കൾ എന്ന പേര് മാത്രമാണ് ഇവർക്കുള്ളതെന്നും കിസാൻ മോർച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.
മിനിമം താങ്ങുവില നിശ്ചയിക്കാൻ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും എട്ട് മാസങ്ങൾക്ക് ശേഷമാണ് നിലവിൽ വന്നത്. മുൻ കാർഷിക സെക്രട്ടറി സഞ്ജയ് അഗർവാളാണ് കമ്മിറ്റിയുടെ ചെയർമാൻ. നിതി ആയോഗ് അംഗങ്ങളായ രമേശ് ചന്ദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റിലെ കാർഷിക സാമ്പത്തിക വിദഗ്ധരായ സി എസ് സി ശേഖർ, അഹമ്മദാബാദ് ഐഐഎമ്മിലെ സുഖ്പാൽ സിങ്, കമ്മിഷൻ ഫോർ അഗ്രികൾച്ചറൽ കോസ്റ്റ്സ് ആന്റ് പ്രൈസ് അംഗം നവീൻ പി സിങ് എന്നിവര്‍ ഉൾപ്പെടുന്നു. സംയുക്ത കിസാൻ മോർച്ചയിൽ നിന്ന് മൂന്ന് അംഗങ്ങള്‍ എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പേരുകള്‍ ചേര്‍ത്തിട്ടില്ല.
പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ, വിള വൈവിധ്യവല്ക്കരണം എന്നിങ്ങനെയുള്ള മറ്റ് വിഷയങ്ങൾ പ്രത്യേകം കൈകാര്യം ചെയ്യുകയും എംഎസ്‍പി വിഷയത്തിൽ മാത്രം ഒതുങ്ങേണ്ടതുമായിരുന്നു സമിതിയെന്ന് കർഷക നേതാക്കൾ പറഞ്ഞു.
ഔപചാരികമായൊരു പാനല്‍ മാത്രമാണ് സർക്കാർ രൂപീകരിച്ചതെന്ന് ഭാരതീയ കിസാൻ യൂണിയൻ-ധകൗണ്ട നേതാവ് മഞ്ജിത് സിങ് ധനേർ പറഞ്ഞു.

പഞ്ചാബിനെ ഒഴിവാക്കി

ന്യൂഡൽഹി: കാര്‍ഷികോല്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കാനുള്ള സമിതിയിലേക്ക് പ്രധാന കാര്‍ഷിക സംസ്ഥാനമായ പഞ്ചാബില്‍ നിന്ന് പ്രതിനിധികളില്ല. കര്‍ഷകസമരത്തിന്റെ പ്രധാന ശക്തികേന്ദ്രമായിരുന്ന പഞ്ചാബിലെ സ്ഥാപനങ്ങളെയും സംസ്ഥാന സർക്കാർ പ്രതിനിധികളെയും സമിതിയിൽ നിന്ന് ഒഴിവാക്കിയതില്‍ കര്‍ഷക നേതാക്കള്‍ പ്രതിഷേധിച്ചു.
‘വിനാശകരമായ ഭരണകൂടം ഒരു പാഠവും പഠിക്കാത്തതിന്റെയും ബിജെപിയുടെ വിചിത്രവും ഇടുങ്ങിയതുമായ കാഴ്ചപ്പാടിന്റെയും ഏറ്റവും പുതിയ ഉദാഹരണമാണെ‘ന്ന് രാജ്യസഭാ എംപി രാഘവ് ഛദ്ദ ആരോപിച്ചു. പഞ്ചാബിനെ ബോധപൂർവം ഒഴിവാക്കിയതിലൂടെ കേന്ദ്രസർക്കാർ നമ്മുടെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണ്. അര്‍ഹമായ സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് പഞ്ചാബിനെ ഒഴിവാക്കിയതിലൂടെ ഫെഡറലിസത്തിന്റെ തത്വങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Eng­lish Sum­ma­ry: Farm­ers exclud­ed sup­port price com­mit­tee; Joint Kisan Mor­cha with protest

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.