റെജി കുര്യന്‍

ന്യൂഡല്‍ഹി

December 13, 2020, 1:39 am

കരിനിയമങ്ങൾക്കെതിരെ കർഷക നിരാഹാരം

Janayugom Online
കർഷക സമരത്തിന് പിന്തുണ അറിയിച്ച് ബംഗളുരുവിൽ നടന്ന റാലി

കർഷകവിരുദ്ധമായ കരിനിയമങ്ങൾക്കെതിരെ പ്രക്ഷോഭം അതി തീവ്രമാക്കി തലസ്ഥാനം സ്തംഭിപ്പിക്കാൻ കര്‍ഷകര്‍. നാളെ സംഘടനാ നേതാക്കള്‍ നിരാഹാര സമരം പ്രഖ്യാപിച്ചു.

ഇന്ന് രാജസ്ഥാനിലെ കർഷകർ ഡൽഹിയിലേക്ക് ട്രാക്ടർ മാർച്ച് നടത്തും. പ്രധാനമന്ത്രിയുടെ ന്യായീകരണവും കേന്ദ്ര കൃഷിമന്ത്രിയുടെ പുതിയ അനുനയനീക്കവും കർഷക സംഘടനകൾ തള്ളി. അതിനിടെ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്കുള്ള കര്‍ഷകരുടെ പ്രവാഹത്തെ തടയാന്‍ കൂടുതല്‍ പൊലീസ് സേനയെ കേന്ദ്രസർക്കാർ വിന്യസിച്ചു.

ചര്‍ച്ചകള്‍ക്ക് തങ്ങള്‍ സന്നദ്ധമാണെന്ന് കർഷക സംഘടനകൾ വീണ്ടും കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ ആരംഭിക്കേണ്ടത് നിയമങ്ങള്‍ പിന്‍വലിക്കുന്നതിനെ കുറിച്ചാകണം. മറിച്ചൊരു തീരുമാനത്തോടും യോജിക്കാനാകില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിച്ച് കരിനിയമങ്ങളില്‍ ഭേദഗതി ആകാം. ഇതിനപ്പുറം യാതൊരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ലെന്ന പിടിവാശി കേന്ദ്ര സര്‍ക്കാരും സ്വീകരിച്ചതോടെ ഇരുപക്ഷവും പലവട്ടം നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെടുകയാണുണ്ടായത്.

ഹരിയാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് കൂടുതലായും സമരമുഖത്ത് അണിനിരന്നിരിക്കുന്നത്. കൊടും ശൈത്യത്തിന്റെ പിടിയിലായ തലസ്ഥാന നഗരിയിലെ മരം കോച്ചുന്ന തണുപ്പിനെ അവഗണിച്ചാണ് കര്‍ഷകര്‍ സിംഘു, ടിക്രി, ഗാസിയാബാദ് തുടങ്ങിയ അതിര്‍ത്തികള്‍ കയ്യടക്കിയിരിക്കുന്നത്. തലസ്ഥാന നഗരിയിലേക്കുള്ള കൂടുതല്‍ റോഡുകള്‍ വരും ദിവസങ്ങളില്‍ കര്‍ഷകര്‍ ഉപരോധിക്കുന്നതോടെ തലസ്ഥാന നഗരി ഒറ്റപ്പെടും. അങ്ങനെ സംഭവിച്ചാല്‍ ഡല്‍ഹിയിലെ സാമാന്യ ജനവും സര്‍ക്കാരിനെതിരെ തിരിയും.

രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായാണ് നിരാഹാരസമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 19 മുതൽ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക് നീങ്ങും. നാളെ രാജ്യവ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നുണ്ട്. നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ഹരിയാനയില്‍ നിന്നുള്ള കര്‍ഷക നേതാക്കളുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ചര്‍ച്ച നടത്തി. ഒരുവിഭാഗം കർഷക സംഘടനകളെ അടർത്തിമാറ്റാനുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തിവരുന്നത്. എന്നാൽ സമരം രാജ്യവ്യാപകമായി സജീവമാക്കാനാണ് കര്‍ഷകരുടെ തീരുമാനമെന്ന് കിസാന്‍ സംഘര്‍ഷ് സമിതി അദ്ധ്യക്ഷന്‍ കവാല്‍ പ്രീത് സിങ്ങ് പന്നു വ്യക്തമാക്കി.

Eng­lish Sum­ma­ry: Farm­ers’ fast against Cen­tral gov­ern­men­t’s farm law

You may like this video also