Web Desk

തിരുവനന്തപുരം

February 14, 2020, 9:58 pm

ഇന്തോ- യുഎസ് കരാറിൽ കർഷക താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണം: മന്ത്രി വിഎസ് സുനിൽകുമാർ

Janayugom Online

ഇന്തോ- യുഎസ് കരാർ ഉൾപ്പെടെയുള്ള എല്ലാ വ്യാപാരകരാറുകളിലും കർഷക താല്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. കേന്ദ്രസർക്കാർ അമേരിക്കൻ സർക്കാരുമായി ഏർപ്പെടുവാൻ ഉദ്ദേശിക്കുന്ന ഇന്തോ-യുഎസ് കരാറിൽ കർഷക താല്പര്യങ്ങൾക്ക് സംരക്ഷണം നൽകണമെന്നും കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകൾ ഒഴിവാക്കണമെന്നും കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പുമന്ത്രി പീയൂഷ് ഗോയലിന് അയച്ച കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.
ജനറൽ സിസ്റ്റം ഓഫ് പ്രിഫറൻസ്/വ്യാപാര മുൻഗണന പ്രകാരം അമേരിക്ക തരുന്ന ആനുകൂല്യത്തിന് പകരമായി ഇന്ത്യൻ കമ്പോളം അമേരിക്കയ്ക്ക് തുറന്നു കൊടുക്കുവാനുള്ള തീരുമാനത്തിലൂടെ യഥേഷ്ടം കാർഷികോല്പന്നങ്ങൾ ഇറക്കുമതി ചെയ്യപ്പെടുന്നത് സാമ്പത്തികമായും സാമൂഹികമായും പല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്.
പാൽ, പാലുല്പന്നങ്ങൾ, മാംസം, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ, ഡ്രൈ ഫൂട്ട്സ് എന്നിവ സൗജന്യ നികുതിയോടെ ഇറക്കുമതി ചെയ്യപ്പെടുന്നത് കർഷകർക്ക് ഇരുട്ടടിയാണ്. അമേരിക്കൻ രാജ്യങ്ങളിൽ മൃഗങ്ങളുടെ രക്തം, റെഡ് മീറ്റ് തുടങ്ങിയവ ഭക്ഷണമായി നൽകി വളർത്തുന്ന പശുക്കളിൽ നിന്നും മാഡ് കൗ ഡിസീസ് പോലുള്ള പല ജന്തുജന്യ രോഗങ്ങളും മാംസം, പാലുല്പന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിലൂടെ പടർന്നു പിടിക്കുവാനും ഇടയുണ്ട്.
വ്യാപാര മുൻഗണന എന്നത് ഇന്ത്യയെ ലോക കമ്പോളത്തിന്റെ വാതായനമായി മാറ്റുവാനുള്ള തന്ത്രമാണ്. രാജ്യത്തെ കാർഷിക വ്യവസ്ഥയെ തകർക്കുന്ന ആർസിഇപി കരാറിനെതിരെ മുന്നറിയിപ്പ് നൽകിയത് കേരളമായിരുന്നു. ഇത് രാജ്യം മുഴുവൻ പ്രതിധ്വനിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ആർസിഇപി കരാറിൽ നിന്നും അവസാന ഘട്ടത്തിൽ രാജ്യം പിന്മാറിയത്കോടിക്കണക്കിന് വരുന്ന ചെറുകിട നാമമാത്ര കർഷകർക്ക് തികച്ചും അനുകൂലമായ നിലപാടായിരുന്നു. ഇന്തോ- യുഎസ് കരാറിന് പിന്നിലെ ദോഷകരമായ ഭാഗങ്ങൾ ഇത്തരത്തിൽ പുനർചിന്തനം നടത്തി കർഷക താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന നിലപാട് കേന്ദ്രം കൈക്കൊള്ളണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish sum­ma­ry: Farm­ers’ inter­ests should be pro­tect­ed under Indo-US deal: Min­is­ter VS Sunil Kumar