കര്‍ഷകരുടെ ജീവിതവും മേഖലയിലെ കുംഭകോണങ്ങളും

Web Desk
Posted on November 15, 2018, 10:18 pm

അടുത്ത അഞ്ചുവര്‍ഷംകൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചത്. അതനുസരിച്ച് 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകേണ്ടതാണ്. എന്നാല്‍ അതിന് പകരം കര്‍ഷകര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളും നീക്കിവയ്ക്കുന്ന തുകയും വന്‍ കുംഭകോണങ്ങള്‍ക്കാണ് വഴിവയ്ക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. എന്നുമാത്രമല്ല കര്‍ഷകക്ഷേമത്തിനായി കണ്ണീര്‍ പൊഴിക്കുന്ന പ്രധാനമന്ത്രി അടുത്തകാലത്ത് പുതുക്കി പ്രഖ്യാപിച്ച താങ്ങുവില ഒരു കര്‍ഷകനും ലഭിക്കുന്നില്ലെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
വിള ഇന്‍ഷുറന്‍സ് പദ്ധതിക്കായി നീക്കിവച്ച തുക ഇന്‍ഷുറന്‍സ് കമ്പനികളെ ഉപയോഗിച്ച് വന്‍ കുംഭകോണത്തിന് ഉപയോഗിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ പി സായ്‌നാഥ് പ്രസ്താവിക്കുകയുണ്ടായി. ഇതിന് പിറകേ വിവരാവകാശ നിയമപ്രകാരം ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമങ്ങള്‍ അതിന്റെ കണക്കുകളും പുറത്തുവിടുകയുണ്ടായി. സായ്‌നാഥിന്റെ അഭിപ്രായപ്രകാരം റഫാല്‍ ആയുധ ഇടപാടിനെക്കാള്‍ വലിയ കുംഭകോണമാണ് വിള ഇന്‍ഷുറന്‍സിന്റെ പേരില്‍ നടന്നിരിക്കുന്നത്. കണക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഇത് വസ്തുതാപരമാണെന്ന് ബോധ്യമാവുകയും ചെയ്യും.
എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 66,000 കോടി രൂപയാണ് പ്രധാനമന്ത്രി ഫസല്‍ ഭീമയോജന എന്ന പേരിലുള്ള പദ്ധതിക്കായി കേന്ദ്രം നീക്കിവച്ചത്. 2016ലാണ് പ്രസ്തുത പദ്ധതി ആവിഷ്‌കരിച്ചത്. രാജ്യമാകെ കടുത്ത വരള്‍ച്ചയും വെള്ളപ്പൊക്കവും നേരിടുന്ന വേളയില്‍ നടപ്പിലാക്കിയതെന്നതിനാല്‍ ആവേശത്തോടെയാണ് കര്‍ഷകര്‍ പദ്ധതിയെ സ്വീകരിച്ചത്. വരള്‍ച്ചയും വെള്ളപ്പൊക്കവും ഒരുപോലെ നേരിടേണ്ടിവന്നിട്ടും പക്ഷേ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടിയുണ്ടായില്ല. പ്രീമിയമായി കര്‍ഷകര്‍ നല്‍കിയ വിഹിതം പോലും തിരികെ കിട്ടാത്ത സ്ഥിതിയുണ്ടായി എന്നുമാത്രമല്ല സര്‍ക്കാര്‍ നല്‍കിയ തുകയും പൊതുമേഖലയിലുള്ള ഒന്നും സ്വകാര്യമേഖലയിലുള്ള ഒമ്പതും ഇന്‍ഷുറന്‍സ് കമ്പനികളുടെ ലാഭമായി പോകുന്ന സാഹചര്യമാണുണ്ടായത്. അതേ തുടര്‍ന്ന് ഒരു വര്‍ഷംകൊണ്ട് പദ്ധതിയുപേക്ഷിച്ചത് 84 ലക്ഷം കര്‍ഷകരായിരുന്നു. രണ്ടുവര്‍ഷംകൊണ്ട് പ്രീമിയം ഇനത്തില്‍ 37,697.73 കോടി രൂപ ലഭിച്ച കമ്പനികള്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കിയത് 21,902.47കോടി രൂപ. ലാഭമായി നേടിയത് 15,795.26 കോടി രൂപയും.
ഈ കണക്കില്‍ നിന്നുതന്നെ കര്‍ഷകരെക്കാള്‍ ലാഭമുണ്ടാക്കിയത് ഇന്‍ഷുറന്‍സ് കമ്പനികളാണെന്ന് വ്യക്തമാകുന്നു. ഇവിടെയാണ് ഈ പദ്ധതിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആരാണെന്നും അതിന് വഴിയൊരുക്കിയതെന്തിനായിരുന്നുവെന്നുമുള്ള ചോദ്യങ്ങള്‍ പ്രസക്തമാകുന്നത്. രാജ്യത്തെ കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ നടപ്പിലാക്കിയ പദ്ധതി കമ്പനികളുടെ, പ്രത്യേകിച്ച് സ്വകാര്യ കമ്പനികളുടെ ലാഭക്കണക്ക് വര്‍ധിപ്പിക്കാനുള്ളതാക്കി മാറ്റിയതിന് പിന്നില്‍ കുംഭകോണത്തിന്റെ ലാഞ്ഛന കാണാനാവുന്നുവെങ്കില്‍ അതിന് ആരെയും കുറ്റം പറയാനാകില്ല.
ഇതിനോട് ചേര്‍ത്തുവായിക്കേണ്ട മറ്റൊന്നാണ് സര്‍ക്കാര്‍ ഉയര്‍ത്തിയെന്ന് പറയുന്ന താങ്ങുവില ലഭിക്കാതെ ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരുടെ ഇംഗിതത്തിനനുസരിച്ച് വിറ്റൊഴിവാക്കേണ്ടിവരുന്ന കര്‍ഷകരുടെ അവസ്ഥ. കഴിഞ്ഞ വിളവെടുപ്പ് സീസണില്‍ ഈയിനത്തില്‍ കാര്‍ഷിക വരുമാനത്തില്‍ 6,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന് കീഴിലാണ് ഈ സ്ഥിതിയെന്നോര്‍ക്കുക. പ്രമുഖ കാര്‍ഷിക ഉല്‍പാദന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഹരിയാന, ബിഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയുടെ അടുത്തെങ്ങുമെത്താത്ത വിലയ്ക്കാണ് കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.
ഒരു ക്വിന്റല്‍ സോയാബീന് 3,399 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ജൂലായില്‍ 3,302 രൂപവരെ ലഭിച്ചുവെങ്കിലും പിന്നീടത് 3,241, 3088 രൂപ എന്നിങ്ങനെയായി കുറയുകയും വിളവെടുപ്പിന് ശേഷം ഇപ്പോള്‍ 2,987 രൂപയാവുകയും ചെയ്തിരിക്കുകയാണ്. പരിപ്പിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 5,675 രൂപയാണ് ക്വിന്റലിന് താങ്ങുവിലയായി നിശ്ചയിച്ചത്. ഇപ്പോള്‍ ലഭിക്കുന്നത് 2,938 രൂപ മാത്രവും. ക്വിന്റല്‍ ചെറുപയറിന് 5,600 രൂപ നിശ്ചയിച്ചുവെങ്കിലും 2,904 രൂപ മുതല്‍ 3,422 രൂപവരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വില്‍പന നടത്തുന്നത്. 1,950 രൂപ നിശ്ചയിച്ച ഉഴുന്ന് ഒരു ക്വിന്റലിന് 1,500ല്‍ താഴെ രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. വെള്ളക്കടല, നിലക്കടല എന്നിവയുടെയെല്ലാം സ്ഥിതി ഇതുതന്നെയാണ്.
വന്‍ പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഫലപ്രദമായ പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നതാണ് വിലത്തകര്‍ച്ചയ്ക്കു കാരണമാകുന്നത്. മതിയായ സംഭരണസംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നില്ല. അതുകൊണ്ട് ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ സംഭരിച്ചുവയ്ക്കുകയാണ്. അവശ്യമായ ഘട്ടത്തില്‍ അവര്‍ നിശ്ചയിക്കുന്ന കൂടിയ വിലയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ട സ്ഥിതിയും സൃഷ്ടിക്കപ്പെടും. കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന്റെ എത്രയോ മടങ്ങ് കൂടിയ വിലയ്ക്ക് വില്‍ക്കുന്നതിലൂടെ ലാഭം മുഴുവന്‍ ഇടനിലക്കാരുടെ കൈകളിലെത്തുകയും ചെയ്യുന്നു. ഇതിലൂടെ മറ്റൊരു കുംഭകോണം കൂടിയാണ് നടക്കുന്നത്.