Web Desk

ബഹാദൂര്‍ഗഢ്

December 11, 2020, 9:52 pm

മനുഷ്യാവകാശ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് കർഷക സംഘടനകൾ

Janayugom Online

കേന്ദ്രത്തിന്റെ കരിനിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനിടെ സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ (ഏക്ത‑ഉഗ്രാഹന്‍). സര്‍ക്കാരിന്റെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലാക്കപ്പെട്ട് മാസങ്ങളായി ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായി മനുഷ്യാവകാശ ദിനത്തില്‍ ബികെയു രംഗത്തെത്തിയത്. ഇതിനോടനുബന്ധിച്ച് പ്രതിഷേധങ്ങളുടെ ഭാഗമായി കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ടിക്രി അതിര്‍ത്തിയില്‍ ബികെയു പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.

യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത് ജയിലിലടച്ച വരവര റാവു, സുധ ഭരദ്വാജ്, ഗൗതം നവ്‌ലഖെ, വെര്‍നന്‍ ഗോണ്‍സാല്‍വിസ്, അരുണ്‍ ഫെരാരിയ തുടങ്ങി 20ലധികം മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും ചിത്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ബികെയുവിന്റെ പ്രതിഷേധം.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ സർക്കാരിനെതിരായ ആക്രമണത്തില്‍ കര്‍ഷകരും രാജ്യത്തിന്റെ വിവിധ ജനാധിപത്യ പ്രസ്ഥാനങ്ങളും ഒന്നിച്ച് നിലകൊള്ളേണ്ട സമയമാണിതെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ പോരാടുന്നത് ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കോ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കോ എതിരെയല്ല. തങ്ങള്‍ പോരാടുന്നത് കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിനെതിരെയാണെന്നും ബികെയു പറഞ്ഞു.

ജനങ്ങളെ ചൂഷണം ചെയ്യുന്ന രാജാവിനെപ്പോലെ പെരുമാറുന്ന ഒരു പ്രധാനമന്ത്രിക്കെതിരെയാണ് ഞങ്ങള്‍ പോരാടുന്നത്. സ്വന്തം സുരക്ഷിതത്വം വകവയ്ക്കാതെ പാവപ്പെട്ടവര്‍ക്കു വേണ്ടി പോരാടിയവരെയാണ് തെറ്റായ ആരോപണങ്ങള്‍ ചുമത്തി കേന്ദ്രം ജയിലില്‍ അടച്ചിരിക്കുന്നത്. അവര്‍ക്ക് പിന്തുണ നല്‍കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് കര്‍ഷക പ്രതിഷേധങ്ങള്‍ക്കിടയിലും ഇവരെ വിട്ടയക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ബികെയു പ്രസിഡന്റ് ജോഗീന്ദര്‍ ഉഗ്രഹാന്‍ പറഞ്ഞു.

Eng­lish Sum­ma­ry: Farm­ers’ orga­ni­za­tions demand release of human rights activists

you may like this video also