Web Desk

ന്യൂഡല്‍ഹി

March 07, 2021, 10:25 pm

കര്‍ഷക സമരം പുതിയതലങ്ങളിലേക്ക്

Janayugom Online

കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് തിരിച്ചു പോകില്ലെന്ന് കര്‍ഷക സംഘടനകള്‍. അടുത്ത ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഇതുസംബന്ധിച്ച അജണ്ട 11ന് പുറത്തിറക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി ജഗ്‌മോഹന്‍ സിങ് പട്യാല പറഞ്ഞു.

സമരം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലേക്കും മധ്യപ്രദേശ്, കര്‍ണാടക, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് ബികെയു ജനറല്‍ സെക്രട്ടറി യുദ്ധ്‌വിര്‍ സിങ് പറഞ്ഞു. പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളില്‍ യോഗങ്ങള്‍, പഞ്ചായത്തുകള്‍, മഹാപഞ്ചായത്തുകള്‍ തുടങ്ങിയവ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരും അവരുടെ ഏജന്‍സികളും ശ്രമിച്ചിട്ടും കര്‍ഷക സമരം കരുത്താര്‍ജ്ജിച്ച് മുന്നോട്ട് പോകുകയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.കര്‍ഷക സംഘടനകള്‍ അരാഷ്ട്രീയ വാദികളാണെന്നാണ് അവരുടെ വാദം. ‘അതെ ഞങ്ങള്‍ അരാഷ്ട്രീയ വാദികളാണ്. ഇത് കൂടുതല്‍ വ്യക്തമാക്കുന്നതിനായി സംഘടനകളെ ബിജെപിയുടെ എതിരാളികളുമായി ഏകോപിപ്പിക്കുമെന്ന് ജഗ്‌മോഹന്‍ സിങ് പറഞ്ഞു.

നൂറു ദിവസങ്ങളായി കൊടും തണുപ്പിനെ അവഗണിച്ച് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. നിരവധി പേര്‍ മരിച്ചു. ഇത്രയെല്ലാമായിട്ടും കേന്ദ്രം സ്വീകരിക്കുന്ന നിലപാട് നാണിപ്പിക്കുന്നതാണെന്നും ബികെയു നേതാക്കൾ പറഞ്ഞു. 

പിന്നോട്ടില്ല ;ടിക്കായത്ത്
കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കും വരെ കര്‍ഷക സമരം തുടരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കര്‍ഷക സമരം നൂറാം ദിവസം പിന്നിട്ടതിനെ തുടർന്ന് ഉത്തര്‍പ്രദേശിലെ രാംരജന്‍ ടൗണില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുക എന്നതാണ് കര്‍ഷകരുടെ ആവശ്യം. ഇത് സര്‍ക്കാര്‍ അംഗീകരിക്കും വരെ പിന്നോട്ടില്ലെന്ന് ടിക്കായത്ത് കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ ട്രാക്ടര്‍ റാലിയും ടിക്കായത്ത് ഫ്ലാഗ് ഓഫ് ചെയ്തു. റാലി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുമെന്നും 27ന് ഗാസിപൂരിലെ സമരസ്ഥലത്ത് തിരിച്ചെത്തുമെന്നും ടിക്കായത്ത് അറിയിച്ചു.
അതേസമയം കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതാണെന്ന് ആവർത്തിച്ച് മുസഫര്‍നഗറില്‍ നിന്നുള്ള എംപിയും കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബല്യാണ്‍ രംഗത്തുവന്നു.
eng­lish summary;Farmers’ orga­ni­za­tions say they will not return from the Del­hi bor­der until the agrar­i­an laws are repealed
you may also like this video;