Web Desk

ന്യൂഡല്‍ഹി

July 18, 2021, 10:48 pm

22 മുതല്‍ കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക്

Janayugom Online

കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം കടുപ്പിക്കാന്‍ കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം തുടങ്ങും. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് വര്‍ഷകാല സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 13 വരെ പാര്‍ലമെന്റിനു മുന്നില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

വര്‍ഷകാല സമ്മേളനം നടക്കുന്ന സമയത്ത് ഓരോ ദിവസവും 200 കര്‍ഷകര്‍ വീതമാണ് പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിക്കുക. സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ അംഗങ്ങളായ ഓരോ കര്‍ഷക സംഘടനകളില്‍ നിന്നും അഞ്ച് വീതം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുക. പാര്‍ലമെന്റ് പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹി പൊലീസ് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തി. ചര്‍ച്ച 45 മിനിറ്റോളം നീണ്ടു. സമരവേദി മാറ്റണമെന്ന പൊലീസിന്റെ ആവശ്യം നേതാക്കള്‍ തള്ളി. സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അവര്‍ അറിയിച്ചു. സമാധാനപരമായി മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ശിവകുമാര്‍ കക്ക അറിയിച്ചു.

പ്രതിഷേധത്തിനെത്തുന്ന കര്‍ഷകര്‍ക്കു വേണ്ട നിര്‍ദ്ദേശങ്ങളും, കര്‍ഷകര്‍ പാര്‍ലമെന്റിന് മുന്നില്‍ എത്തേണ്ട വഴികളെക്കുറിച്ചുമാണ് പൊലീസ് ചര്‍ച്ച ചെയ്തത്. ജനുവരി 26ന് ചെങ്കോട്ടയില്‍ നടന്ന ട്രാക്ടര്‍ റാലിക്കു മുന്നോടിയായും ഡല്‍ഹി പൊലീസ് കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കര്‍ഷക മാര്‍ച്ചിനു നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു.

സമരത്തിനെത്തുന്ന കര്‍ഷകര്‍ക്ക് പൊലീസ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്ന നിര്‍ദ്ദേശവും സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ജന്‍പഥ്, ലോക് കല്യാണ്‍ മാര്‍ഗ്, പട്ടേല്‍ ചൗക്ക്, രാജീവ് ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, മണ്ഡി ഹൗസ്, ഉദ്യോഗ് ഭവന്‍ മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കാന്‍ ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷനോട് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു.

കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തര പ്രമേയം അവതരിപ്പിക്കും. സര്‍വകക്ഷി യോഗത്തിനു ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേകമായി ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. സിപിഐ, സിപിഐ(എം), കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, ഐയുഎംഎല്‍, ആര്‍എസ്‌പി, ശിവസേന, ആംആദ്മി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ പ്രത്യേക യോഗത്തില്‍ പങ്കെടുത്തു.

ഏത് പ്രശ്നവും ചര്‍ച്ച ചെയ്യാം: പ്രധാനമന്ത്രി

 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനിടെ ചട്ടങ്ങള്‍ അനുസരിച്ച് ഏത് പ്രശ്നത്തെക്കുറിച്ചും സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലായിരുന്നു മോഡിയുടെ പ്രതികരണം.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര മന്ത്രിമാരായ പിയുഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 33ല്‍ അധികം പാര്‍ട്ടികളിലെ നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു. 30 ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇവയെ ഒന്നും ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

Eng­lish Sum­ma­ry: farm­ers par­lia­ment march from 22nd July

You may like this video also