പ്രത്യേക ലേഖകൻ

ന്യൂഡല്‍ഹി

January 31, 2021, 6:48 pm

വീണ്ടും ശക്തിയാര്‍ജ്ജിച്ച് കര്‍ഷക പ്രക്ഷോഭം ;ഗാസിപൂര്‍ അതിര്‍ത്തിയിലേക്ക് കര്‍ഷകരുടെ ഒഴുക്ക്

Janayugom Online

രണ്ടും മൂന്നും കിലോമീറ്റർ അകലെവച്ച് കൊട്ടിയടച്ച റോഡുകൾ. മൂന്നും നാലും മീറ്ററിൽ അധികം വീതിയിൽ മുള്ളുകമ്പിവേലികളും ബാരിക്കേഡുകളും തീർത്ത തടസങ്ങൾക്ക് ഇടയിലൂടെയുള്ള ഊടുവഴികൾ. അതിന് പുറമേ ഇടയ്ക്കിടെ പിന്നിടാൻ ഒരുമിച്ച് നിരത്തിയ അഞ്ചും ആറും ബാരിക്കേഡുകൾ. സിമന്റ് ബ്ലോക്കുകളുടെ കൂമ്പാരം. വഴികളിൽ നിറയെ ആയുധധാരികളായ പൊലീസും അർധസൈനികരും ദ്രുതകർമ സേനയും. വിച്ഛേദിക്കപ്പെട്ട ഇന്റർനെറ്റ് ഉൾപ്പെടെയുള്ള വിനിമയ സംവിധാനങ്ങൾ. ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചുള്ള ആകാശ നിരീക്ഷണം. മൂന്നിടങ്ങളിലേക്കുമുള്ള വഴികളിൽ എട്ടും പത്തും കേന്ദ്രങ്ങളിൽ അമ്പതിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശന പരിശോധന. കർഷകർ പ്രക്ഷോഭം നടത്തുന്ന കേന്ദ്രങ്ങൾക്ക് ചുറ്റും അധികമായി സജ്ജീകരിച്ചവയാണ് ഇവ. സിംഘു, ടിക്രി, ഘാസിപ്പൂർ എന്നീ സമരകേന്ദ്രങ്ങൾക്ക് ചുറ്റും നേരത്തേയുള്ളതിനെക്കാൾ സജ്ജീകരണങ്ങളാണ് രണ്ടുദിവസമായി ഒരുക്കിയിരിക്കുന്നത്.

എന്നിട്ടും സമരകേന്ദ്രങ്ങളിലേക്ക് ഒഴുക്കു വർധിക്കുകയാണ്. പുതിയ പ്രക്ഷോഭകർക്ക് കിലോമീറ്ററുകൾ അകലെ വാഹനങ്ങൾ നിർത്തി കാൽ നടയായി മാത്രമേ സമരകേന്ദ്രത്തിലേക്ക് എത്താൻ സാധിക്കൂ. മുള്ളുവേലികൾക്ക് ഇടയിലൂടെ ആയാസപ്പെട്ട് സഞ്ചരിക്കുകയും വേണം. നേരത്തേയുള്ള പ്രക്ഷോഭകർക്ക് പുറത്തേക്ക് പോകുന്നതിനും കടമ്പകൾ ഏറെയാണ്. ശക്തമായ തണുപ്പാണെങ്കിലും നാടൻപാട്ടും നാടകങ്ങളും മുദ്രാവാക്യങ്ങളുമായി ആവേശം ഒട്ടും ചോരാതെ രാപകൽ സജീവമാണ് സമരകേന്ദ്രങ്ങൾ.
വെള്ളി, ശനി ദിവസങ്ങളിൽ മാത്രം പുതിയതായി പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മൂന്ന് സമരകേന്ദ്രങ്ങളിലേക്കും എത്തിയത്. ഞായറാഴ്ച പുറപ്പെട്ടതും തിങ്കളാഴ്ച പുറപ്പെടാൻ ഇരിക്കുന്നതും ആയിരങ്ങളാണ്. ഇതിന് പുറമെ പ്രാദേശികതല പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൂടുതൽ മഹാപഞ്ചായത്തുകൾക്കും ഒരുക്കം നടക്കുന്നു.

പ്രദേശവാസികൾ എന്ന പേരിൽ എത്തിയവർ ഒഴിപ്പിക്കൽ നടപടിക്കു ശ്രമിച്ചതിനെ തുടർന്ന് കൂടുതൽ ശക്തമായ സമരകേന്ദ്രങ്ങളിലേക്ക് ആൾപ്രവാഹം തുടരുന്ന സാഹചര്യത്തിൽ സുരക്ഷയുടെ ഭാഗമായാണ് കൂടുതൽ സജ്ജീകരണങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ കൂടുതൽ പേർ എത്തുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണിത് എന്നാണ് പ്രക്ഷോഭകർ കരുതുന്നത്. ഏതുനിമിഷയും ഒഴിപ്പിക്കൽ നടപടിയുണ്ടാകുമെന്നും കരുതപ്പെടുന്നു.

യുപിയിലും ഹരിയാനയിലും മഹാ പഞ്ചായത്തുകൾ

പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഉത്തർപ്രദേശിലെ മുസഫർനഗറിലും ബാഗ്പത്തിലും നടത്തിയതിന് പിന്നാലെ കൂടുതൽ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കാനൊരുങ്ങി കർഷകർ. ഇന്ന് ഉത്തർപ്രദേശിലെ ബിജിനോറിലും ചൊവ്വാഴ്ച ഹരിയാനയിലെ ജിൻഡിലും മഹാപഞ്ചായത്തുകൾ നടക്കും. ഇവിടെ നിന്ന് അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ ഗാസിപ്പൂരിലെ സമരകേന്ദ്രങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പഞ്ചാബിൽ നിന്ന് 700 വാഹനങ്ങൾ

പഞ്ചാബിലെ ചില പ്രദേശങ്ങളിൽ നിന്ന് ഇന്ന് മാത്രം ഡൽഹി അതിർത്തിയെ ലക്ഷ്യമാക്കി പുറപ്പെട്ടത് 700 വാഹനങ്ങൾ. ട്രാക്ടറുകൾ, ട്രോളികൾ, കാറുകൾ, ബസുകൾ എന്നീ വാഹനങ്ങളാണ് കർഷകരുമായി ടിക്രി അതിർത്തിയിലേക്ക്പുറപ്പെട്ടത്. 10,000ലധികം പേർ അടുത്ത ദിവസം ടിക്രിയിലെത്തുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ പഞ്ചാബിലെ സംഗ്രൂർ, ഭട്ടിണ്ട, ബൻസ തുടങ്ങിയ ജില്ലകളിൽ നിന്നും കൂടുതൽ കർഷകർ പുറപ്പെടുമെന്നും നേതാക്കൾ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി പടിഞ്ഞാറൻ യുപിയിൽ നിന്നുമാത്രമായി കാൽ ലക്ഷത്തോളം പേർ ഗാസിപ്പൂരിലെത്തിയെന്നാണ് കണക്ക്.

ENGLISH SUMMARY: FARMER’S PROTEST BECAME MORE STRONG

YOU MAY ALSO LIKE THIS VIDEO