പ്രത്യേക ലേഖകൻ

ന്യൂഡൽഹി

December 12, 2020, 8:25 am

കർഷകപ്രക്ഷോഭം; ദേശീയ പാതകളിൽ ഇന്ന് ഉപരോധം

Janayugom Online
ജ്വലിക്കുന്ന ആവേശം... സിംഘു അതിർത്തിയിൽ പ്രതിഷേധ സമരം തുടരുന്ന കർഷകർ

പ്രത്യേക ലേഖകൻ

കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം പതിനാറാം ദിവസം കടക്കുമ്പോൾ കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് കർഷക സംഘടനകൾ. ഇന്ന് ഡൽഹി- ജയ്‌പൂർ, ഡൽഹി-ആഗ്ര ദേശീയ പാതകൾ ഉപരോധിക്കും. തിങ്കളാഴ്ച രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ റാലികളും ബിജെപി ഓഫീസുകളിലേക്ക് മാർച്ചും തീരുമാനിച്ചിട്ടുണ്ട്. ഡൽഹിയിലെ അതിർത്തികളായ സിംഘു, ടിക്രി, ഗാസിപൂർ, നോയിഡയുമായി ബന്ധിപ്പിക്കുന്ന ചില അതിർത്തികൾ എന്നിവ കർഷകർ കൈയടക്കിയിരിക്കുകയാണ്.

ഗതാഗത സംവിധാനങ്ങൾ പൂർണമായും ഉപരോധിക്കുകയെന്ന തീരുമാനമാണ് കർഷക സംഘടനകൾ സംയുക്തമായി സ്വീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ രാജ്യതലസ്ഥാനമായ ഡൽഹി പൂർണമായും ഉപരോധിക്കും. റയിൽ, ഹൈവേ ഗതാഗതങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനൊപ്പം വിമാനത്താവളങ്ങളുടെ ഉപരോധവും ഉണ്ടാകുമെന്ന് കർഷകർ വ്യക്തമാക്കി. ഇതോടെ ഡൽഹി അതിർത്തികളിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

കാർഷിക കരിനിയമങ്ങൾക്കെതിരെ കർഷകർ സുപ്രീം കോടതിയെയും സമീപിച്ചു. ഭാരതീയ കിസാൻ യൂണിയൻ‑ഭാനു വിഭാഗമാണ് കാർഷിക നിയമങ്ങൾ കോർപ്പറേറ്റ് അത്യാഗ്രഹങ്ങൾക്ക് കർഷകരെ ഇരയാക്കുമെന്ന് ചൂണ്ടിക്കാട്ടി ഇടപെടൽ ഹർജി നൽകിയത്. നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുമെന്നും വിഷയത്തിൽ ഇടപെട്ട് നിയമം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പുതിയ നിയമപരിഷ്കാരം കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഹർജിയിൽ പറയുന്നു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്നു കാർഷിക നിയമങ്ങൾക്കെതിരെ നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ബികെയു-ബി നിലവിലുള്ള ഹർജികളിൽ ഇടപെടൽ ഹർജിയാണ് സമർപ്പിച്ചിരിക്കുന്നത്. കാർഷിക മേഖല കേന്ദ്രീകൃതമാക്കാനും വാണിജ്യവൽക്കരിക്കാനും നിയമങ്ങൾ ഇടയാക്കുമെന്നതാണ് ഹർജിയിൽ പ്രധാനമായും ഉന്നയിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുന്നതിനായി ഡൽഹിയിലേക്ക് എത്തിച്ചേരുകയാണ്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രവർത്തകർ ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ വിവിധ ജില്ലകളിൽ നിന്നായി 50,000ത്തോളം കർഷകർ 1200 ട്രാക്ടറുകളിൽ കയറിയാണ് ഡൽഹിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആറ് മാസത്തോളം ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണം കരുതിക്കൊണ്ടാണ് സമരമുഖത്തേക്ക് ഈ കർഷകർ എത്തുന്നത്. ഡൽഹി അതിർത്തിയായ കുണ്ഡിലിയിലേക്കാണ് ഇവർ എത്തുക.

കർഷകപ്രക്ഷോഭം തുടരുമ്പോഴും പരിഹാരം കണ്ടെത്താനാകാതെ സർക്കാർ ഉഴലുകയാണ്. അടുത്ത ചർച്ചക്കുള്ള തീയതിയിൽ ഇതുവരെയും തീരുമാനമായില്ല. കേന്ദ്രം കാർഷിക നിയമം പിൻവലിക്കാത്തിടത്തോളം പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ. ഇതോടെ സർക്കാരിന്റെ ഒത്തുതീർപ്പ് നീക്കങ്ങളെല്ലാം വഴിമുട്ടുകയാണ്.

അതേസമയം കർഷകർ വീണ്ടും ചർച്ചയ്ക്ക് തയ്യാറാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. സർക്കാർ ഏതുസമയവും ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു. എന്നാൽ മോഡിയുടെ ഒത്തുതീർപ്പ് അഭ്യർത്ഥന കർഷക സംഘടനകൾ തള്ളി. കേന്ദ്രത്തിന്റെ ഒത്തുതീർപ്പ് ഫോർമുല സ്വീകാര്യമല്ലെന്നും നിയമം റദ്ദാക്കിയാൽ മാത്രമേ ഇനി ചർച്ചയ്ക്ക് തയ്യാറാകുകയുള്ളൂവെന്നും കർഷകർ വ്യക്തമാക്കി.

പ്രക്ഷോഭം അവസാനിപ്പിക്കാനായി കർഷകർ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും ആവശ്യപ്പെട്ടു. പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ചർച്ചകളിലൂടെ അത് സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നാണ് കർഷകരുടെ നിലപാട്. അല്ലാതുള്ള ഒന്നിനും തങ്ങൾ തയ്യാറല്ലെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതിനിടെ, സിംഘു അതിർത്തിയിൽ ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തതിന്റെ പേരിൽ കർഷകർക്കെതിരെ പൊലീസ് കേസെടുത്തു. കർഷക പ്രതിഷേധം തുടരുമ്പോൾ തലസ്ഥാനത്തെ കൊടുംതണുപ്പിൽ പെരുവഴിയിൽ പ്രക്ഷോഭം തുടരുന്ന പ്രതിഷേധക്കാരുടെ മരണസംഖ്യയും അനുദിനം വർധിക്കുകയാണ്.

Eng­lish sum­ma­ry: Farm­ers protest followup

You may also like this video: