Web Desk

ന്യൂഡൽഹി

January 25, 2021, 12:31 pm

ട്രാക്ടർ റാലിക്ക് തടയിടാന്‍ യുപി സര്‍ക്കാര്‍; ശക്തമായ പ്രതിഷേധമുയരുമെന്ന് കര്‍ഷകരുടെ മുന്നറിയിപ്പ്

Janayugom Online

റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി പ്രതിഷേധത്തിന് തടയിടാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം വിവാദത്തിൽ. കർഷകരുടെ ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്നാവശ്യപ്പെട്ട് ഉത്ത‍ർപ്രദേശ് സര്‍ക്കാര്‍ സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. യുപി സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ പ്രതിഷേധവുമായി കർഷകനേതാക്കളടക്കമുള്ളവര്‍ രംഗത്തെത്തി. ഇത്തരത്തിലുള്ള നടപടികളിലൂടെ സമരത്തെ നേരിടാം എന്നാണ് സർക്കാർ കരുതുന്നതെങ്കിൽ ശക്തമായ പ്രതിഷേധമുയരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ വ്യക്തമാക്കി.

തലസ്ഥാന നഗരത്തെ വലയംവെക്കുംവിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് അവസാനിച്ചാല്‍ റാലി തുടങ്ങും. വൈകീട്ട് ആറുമണിക്ക് അവസാനിപ്പിക്കും വിധമാണ് ക്രമീകരണം. റാലിക്ക് പൊലീസ് സുരക്ഷ ഒരുക്കും. പച്ച ജാക്കറ്റ് അണിഞ്ഞായിരിക്കും കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുക. പാക് അട്ടിമറി സംശയിക്കുന്നതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ ഒരുക്കിയിട്ടുണ്ട്. ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും ട്രാക്ടറുകളില്‍ നാട്ടാന്‍ അനുമതി ഉണ്ട്. കാര്‍ഷിക വൈവിധ്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും ഉള്‍പ്പെടുത്തും.

കഴിഞ്ഞ ദിവസം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം തുടരുന്ന കർഷകരോടുള്ള കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച് പഞ്ചാബിലെ ഒരു വിഭാഗം ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കര്‍ഷക പ്രക്ഷോഭം ഇത്രയും കാലം നീണ്ടുപോകാന്‍ അനുവദിക്കരുതായിരുന്നുവെന്നും പ്രധാനമന്ത്രി വിചാരിക്കുകയാണെങ്കില്‍ ഒരുദിവസം കൊണ്ട് പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്നും ബിജെപിയുടെ മുന്‍ ദേശീയ വൈസ് പ്രസിഡന്റായ ലക്ഷ്മി കാന്ത ചൗള അഭിപ്രായപ്പെട്ടു.

Eng­lish sum­ma­ry: Farm­ers protest followup
You may also like this video: