Web Desk

ന്യൂഡല്‍ഹി

December 04, 2020, 10:14 pm

വിട്ടുവീഴ്ചക്കില്ലെന്ന് കർഷകർ; എട്ടിന് ഭാരത് ബന്ദ്

Janayugom Online
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ഗുരുഗ്രാമിൽ തൊഴിലാളി സംഘടനകൾ നടത്തിയ ധർണ

റെജി കുര്യന്‍

കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം എട്ടിന് ഭാരത് ബന്ദിന് കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തു. സമരത്തിന്റെ ഭാഗമായി ഇന്ന് പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ഭാരത് ബന്ദ് ദിനത്തിൽ ദേശീയപാതകളിലെ ടോൾപ്ലാസകൾ കയ്യടക്കുമെന്നും ചുങ്കപ്പിരിവ് അനുവദിക്കില്ലെന്നും കർഷകനേതാവ് ഹരിന്ദർ സിങ് ലാക്കോവാൾ സിംഘുവിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നു നടക്കുന്ന ചര്‍ച്ചകളിലും സമവായം സൃഷ്ടിക്കാന്‍ സര്‍ക്കാരിനായില്ലെങ്കില്‍ പ്രക്ഷോഭം വീണ്ടും കടുപ്പിക്കുമെന്ന് ഗുർണാംസിങ് ചദോനി മുന്നറിയിപ്പ് നല്കി. വരുംദിവസങ്ങളിൽ ഡൽഹിയിലേക്കുള്ള എല്ലാ പാതകളും ഉപരോധിക്കുമെന്നും കർഷകനേതാക്കൾ പറഞ്ഞു.

പത്താം ദിവസത്തേക്ക് കടന്ന കര്‍ഷക സമരം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ പാതകള്‍ ഇന്നലെ കര്‍ഷകര്‍ കയ്യടക്കി. മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകരും വന്‍തോതില്‍ ദേശീയ തലസ്ഥാന മേഖലയിലേക്ക് എത്തിയതോടെ ഡല്‍ഹിയിലെ അതിര്‍ത്തി മേഖലകളിലെ ഗതാഗതം വലിയ തോതില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. സമരം ഇനിയും തുടര്‍ന്നാല്‍ അവശ്യ സാധന ലഭ്യത ഇല്ലാതാകുന്നതോടെ ഡല്‍ഹി നിവാസികളും കേന്ദ്ര സര്‍ക്കാരിനെതിരെ തിരിയുമെന്നത് ഉറപ്പാണ് .

കര്‍ഷകര്‍ക്കെതിരായ കരിനിയമത്തിലെ വിവാദ വ്യവസ്ഥകള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്ന് കഴിഞ്ഞദിവസം എട്ടു മണിക്കൂറോളം നീണ്ട മാരത്തോണ്‍ ചര്‍ച്ചയിലും അല്ലാതെയും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തോട് അനുകൂല നിലപാടല്ല സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമം പിന്‍വലിക്കുക എന്നതിനപ്പുറം യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.

കര്‍ഷക പ്രക്ഷോഭത്തെ തളയ്ക്കാന്‍ മോഡിയും ബിജെപി നേതൃത്വവും നിയോഗിച്ചിരിക്കുന്നത് ആഭ്യന്തര മന്ത്രി അമിത് ഷായെയാണ്. കർഷക സംഘടനകളിൽ ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള തന്ത്രങ്ങളാണ് അമിത് ഷാ ഒരുക്കിയിരിക്കുന്നത്. ഇതു മനസ്സിലാക്കി തന്നെയാണ് കര്‍ഷക നേതാക്കളും മറുവശത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

ഔദ്യോഗികമായും അനൗദ്യോഗികമായും തങ്ങളുമായി നടത്തുന്ന ആശയ വിനിമയങ്ങള്‍ ക്രോഡീകരിച്ചാണ് കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് സമരം മുന്നോട്ടുനയിക്കുന്നത്. സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കു മുന്നേ ഇത്തരത്തിലുള്ള എല്ലാ വിഷയങ്ങളും വിലയിരുത്തിയ ശേഷമാണ് കര്‍ഷക നേതാക്കള്‍ സ്വന്തം ഭക്ഷണ പൊതിയുമായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചകള്‍ക്കിടെ സര്‍ക്കാരിന്റെ ഉച്ചഭക്ഷണം നിരസിക്കാൻ നേതാക്കളെ പ്രേരിപ്പിച്ചതും ഇതായിരുന്നു. തങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഉച്ചഭാഷിണിയിലൂടെ കര്‍ഷക നേതാക്കള്‍ അണികളെ ബോധിപ്പിച്ചതോടെ സമരം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ് ഉണ്ടായത്.

കേരളത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രകടനം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കർഷക സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്ത എട്ടിന് സംസ്ഥാനത്ത് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ കർഷക പ്രകടനവും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും നടത്തുന്നതിന് കർഷക സമരസമിതി തീരുമാനം. സംസ്ഥാനത്ത് ബന്ദ് ഒഴിവാക്കി ഡിസംബർ എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്നതൊഴികെയുള്ള ജില്ലകളിൽ അന്ന് കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തുമെന്ന് സംയുക്തകർഷക സമിതി ചെയർമാൻ സത്യൻ മൊകേരി, ജനറൽ സെക്രട്ടറി കെ എൻ ബാലഗോപാൽ എന്നിവർ അറിയിച്ചു.

Eng­lish sum­ma­ry: Farm­ers protest followup
You may also like this video: