Web Desk

ന്യൂഡല്‍ഹി

January 28, 2021, 5:34 pm

കര്‍ഷക സമരവേദികളില്‍ വന്‍ സേനാ വിന്യാസം; ഗാസിപുരില്‍ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു

Janayugom Online

ഡൽഹിയിലെ കർഷക സമര വേദികൾ മുന്നിൽ വൻ സേനാ വിന്യാസം. സിംഘുവിലും യുപി അതിർത്തിയായ ഗാസിപ്പൂരിലും വൻ സേനാ വിന്യാസമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സമരക്കാരെ ഒഴിപ്പിക്കൽ നടപടിയിലേക്ക് സർക്കാർ നീങ്ങുന്നെന്ന സൂചന നൽകും വിധമാണ് സേനാ വിന്യാസം.

അതേസമയം, റിപ്പബ്ളിക് ദിനത്തിലെ പ്രക്ഷോഭത്തില്‍ കർഷക നേതാക്കൾക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. 20 കർഷക നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവരുടെ പാസ്പോർട്ട് പിടിച്ചെടുക്കുമെന്നും ഡല്‍ഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നതിന്റെ സൂചനകളാണ് അതിർത്തികളിൽ നിന്നും ലഭിക്കുന്നത്.

അതിനിടെ സിംഘുവിൽ സമരം ചെയ്യുന്ന കർഷകർക്കെതിരേ ഒരുവിഭാഗം നാട്ടുകാരുടെ പ്രതിഷേധവുമായി രംഗത്തെത്തി. ദേശീയപാതയിൽ നിന്ന് കർഷകർ പിരിഞ്ഞുപോകണമെന്നാണ് ഇവരുടെ ആവശ്യം. പ്രദേശത്തെ സുരക്ഷ പോലീസ് ശക്തിപ്പെടുത്തി. പ്രതിഷേധക്കാർ റോഡിന്റെ മറുവശത്തേക്ക് കടക്കാതിരിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഗാസിപുരിലെ സമരഭൂമിയിലും സംഘർഷ സമാനമായ സാഹചര്യമാണ്. ഇവിടേക്കുള്ള വൈദ്യുതിയും ജലവിതരണവും യു. പി സർക്കാർ വിച്ഛേദിച്ചു. സമരഭൂമിയിൽ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നേരത്തെ കർഷകർക്ക് നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച രാത്രി ജില്ലാ മജിസ്ട്രേറ്റും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സമരഭൂമിയിലെത്തി പ്രതിഷേധം അവസാനിപ്പിക്കാൻ കർഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമങ്ങൾ പിൻവലിക്കാതെ പിൻമാറില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ.

സംഘർഷത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താനായി ഡൽഹി പൊലീസ് ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സേനാവിന്യാസം ഒരുക്കിയിരിക്കുന്നത്.

ENGLISH SUMMARY: FARMERS PROTEST IN DELHI MORE UPDATES

YOU MAY ALSO LIKE THIS VIDEO