Web Desk

തിരുവനന്തപുരം:

February 06, 2021, 9:40 pm

സംസ്ഥാനത്താകെ കര്‍ഷക പ്രതിഷേധ കൂട്ടായ്‌മ

Janayugom Online

കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കെതിരെ സംസ്ഥാനത്ത് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രതിഷേധ കൂട്ടായ്‌മ നടന്നു. കര്‍ഷക വിരുദ്ധനിയമങ്ങള്‍ പിന്‍വലിക്കാനും കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാനും തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ്‌ കോര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തും പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്.

കാസർകോട് കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി കർഷക സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കര്‍ഷക പ്രക്ഷോഭത്തെ ശത്രുരാജ്യങ്ങളുടെയും വിദേശ ഏജന്‍സികളുടെയും സംഘടിത ശ്രമമെന്ന്‌ കുപ്രചാരണം നടത്തി തകര്‍ക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന്‌ സത്യന്‍ മൊകേരി പറഞ്ഞു. ഏറ്റവും ഒടുവില്‍ ഖാലിസ്ഥാന്‍ വാദികളുടെ പ്രക്ഷോഭം എന്നും മുദ്രകുത്തി. ഈ ദുഷ്‌പ്രചരണങ്ങളെ അതിജീവിച്ചുകൊണ്ടാണ്‌ രാജ്യത്തെ കര്‍ഷകസംഘടനകളുടെ പ്രതിരോധവും ജനകീയ മുന്നേറ്റവും. കര്‍ഷകരുടെ സമരത്തെ അടിച്ചമര്‍ത്താനാവില്ല. അവര്‍ പുതിയ ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ്‌ വല്‍ക്കരിക്കുന്നതിനെതിരെയുള്ള കര്‍ഷക മുന്നേറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിൽ നടന്ന സത്യഗ്രഹം സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻനായർ പങ്കെടുത്തു.

ENGLISH SUMMARY: FARMERS PROTEST IN STATE

YOU MAY ALSO LIKE THIS VIDEO