കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പത്താംവട്ട ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. താങ്ങുവിലയുടെ നിയമ പരിരക്ഷ ഉറപ്പാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടും. കര്‍ഷക നേതാക്കള്‍ക്കും പ്രക്ഷോഭകര്‍ക്കുമെതിരെ എന്‍ഐഎ നോട്ടിസ് നല്‍കിയത് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയണമെന്ന ഡല്‍ഹി പൊലീസിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്. ക്രമസമാധാനവും ഗതാഗത കുരുക്കും ഡല്‍ഹി പൊലീസ് ചൂണ്ടിക്കാട്ടും. പൊലീസ് അനുമതി ലഭിച്ചില്ലെങ്കിലും സമാധാനപൂര്‍വം ട്രാക്ടര്‍ റാലി നടത്തുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷക സംഘടനകള്‍ പറയുമ്പോള്‍ ഭേദഗതിയെ കുറിച്ച് മാത്രം ചര്‍ച്ചയാകാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നത്. ഈ നിലപാടുകളില്‍ ഇരുപക്ഷവും ഉറച്ചുനിന്നാല്‍ പ്രശ്നപരിഹാരം അകലെയാകും.
കര്‍ഷക സംഘടനകളോട് നാളെ നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം, ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകരുടെ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്.
English Summary : Farmers to meet tenth time with centre
You may also like this video :