October 1, 2022 Saturday

കാർഷിക കരിനിയമങ്ങൾ വേണ്ട

ഡി രാജ
December 18, 2020 3:00 am

ഡി രാജ

മോഡി സർക്കാരിന്റെ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യമെമ്പാടും കർഷകർ പ്രക്ഷോഭത്തിലാണ്. പുതിയ നിയമങ്ങൾ ഉല്പാദനം, സംഭരണം, വിപണനം, വിലനിർണയം തുടങ്ങി കാർഷിക മേഖലയിലെ നിർണായക ഇടങ്ങളിൽ പുനഃവ്യാഖ്യാനത്തിന് വഴിയൊരുക്കുന്നതാണ്. കർഷകരുടെ നിലനിൽപ്പും ജീവനോപാധിയും നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഗൗരവമായ ചർച്ചകൾക്കും രാജ്യം സാക്ഷ്യംവഹിക്കുന്നു. എന്നാൽ ഭൂരഹിത കർഷക തൊഴിലാളികളിൽ കാർഷിക ബില്ലുകൾ വരുത്തുന്ന ആഘാതങ്ങളെക്കുറിച്ച് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. രാജ്യത്തെ ജനസംഖ്യയുടെ 60ശതമാനമാണ് കൃഷിയിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നത്. കാർഷിക മേഖലയിലെ ഉല്പാദന, വിപണന, വിതരണ രംഗത്തുണ്ടാകുന്ന എതു മാറ്റവും നേരിട്ട് ഇവരുടെ ക്ഷേമത്തെയും നിലനിൽപ്പിനെയും ബാധിക്കും.

രാജ്യത്ത് 26.3 കോടി ആളുകളാണ് കൃഷിയേയും അനുബന്ധ വ്യവസായങ്ങളെയും ആശ്രയിച്ച് തൊഴിലെടുക്കുന്നത്. കൃഷിപ്പണിയുടേതല്ലാത്ത വേളകളിൽ ഇവർ അടുത്തുള്ള ചെറുപട്ടണങ്ങളിൽ കൂലിപ്പണി ചെയ്ത് ഉപജീവനം തേടുന്നു. വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക (ശാക്തീകരണ, സംരക്ഷണ) കരാർ 2020 നടപ്പിലാകുമ്പോൾ രൂക്ഷമായ പ്രത്യാഘാതമാണ് ഭൂരഹിതരായ ഇത്തരം കർഷക തൊഴിലാളികളെ കാത്തിരിക്കുന്നത്.

കേന്ദ്രം അവകാശപ്പെടുന്നത് അവരുടെ കാർഷിക നിയമങ്ങൾ കൃഷിയെ അടിസ്ഥാനമാക്കിയുള്ള വാണിജ്യ സ്ഥാപനങ്ങളുമായി കർഷകരുടെ ഇടപെടൽ അനായാസമാക്കുമെന്നാണ്. സൂപ്പർ മാർക്കറ്റ് ശൃംഖലകൾ ചെറുകിട കർഷകരുമായി കരാറിനെത്തുമെന്നും അത് കർഷകർക്ക് നേട്ടമാകുമെന്നും കാർഷിക ബില്ലിന്റെ വക്താക്കൾ വാദിക്കുന്നുമുണ്ട്.

ഒരു ഹെക്ടറിൽ താഴെ ഭൂമി കയ്യാളുന്ന ചെറുകിട കർഷകരുടെ ഭൂമി പാട്ടത്തിന് ഏറ്റെടുക്കാമെന്ന നിയമത്തിലെ വ്യവസ്ഥയാകട്ടെ ദൂരവ്യാപകമായ ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതാണ്. പാട്ടത്തിനെടുക്കുന്ന ഭൂമി നവീന യന്ത്രങ്ങളുടെയും ആധുനിക സാങ്കേതിക വിദ്യകളുടെയും പിൻബലത്തിൽ ഒരേ സ്വഭാവമുള്ള വിസ്തൃത കൃഷിയിടമാക്കി തരംമാറ്റാനും വ്യവസ്ഥ ചെയ്യുന്നു.

പ്ലാനിംഗ് കമ്മിഷൻ ഇല്ലാതാക്കി നിതി ആയോഗ് പ്രവർത്തനം തുടങ്ങിയ നാൾ മുതലുള്ള നിർദ്ദേശമാണ് കർഷകർക്ക് നാമമാത്ര പാട്ടം നൽകി ചെറുകിട കൃഷിഭൂമികൾ ഒന്നാക്കി കുത്തക കൃഷിയിലേക്ക് നീങ്ങണമെന്നുള്ളത്. ചെറുകിട കാർഷികവ‍ൃത്തി ലാഭകരമല്ല എന്നാണ് നിലപാട്. ഭൂപരിഷ്കരണ നടപടികൾക്ക് നീക്കങ്ങളില്ലാതെ രാജ്യത്ത് ഇത് നടപ്പിലായാൽ സാധാരണക്കാരന് ഭൂമി പ്രാപ്യമല്ലാത്ത അവസ്ഥയാകും. തൊഴിലില്ലായ്മ പെരുകും. ഗ്രാമീണ മേഖല കടുത്ത ദാരിദ്ര്യത്തിലമരും.

ചെറുകിട കർഷകരുമായി ബന്ധപ്പെട്ട വസ്തുതകളിലും ഭൂരഹിതരായ ഗ്രാമീണ ജനതയുടെ കാര്യത്തിലും ബിജെപിയുടെ കാർഷികനിയമങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയാണ്. 2011ലെ സെൻസസ് അനുസരിച്ച് ഇന്ത്യൻ ഗ്രാമങ്ങളിലെ ഭൂരഹിതരുടെ എണ്ണം 49.49 കോടിയാണ്. ഇവരാകട്ടെ ജീവസന്ധാരണത്തിന് കാർഷിക മേഖലയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. രണ്ടുവിള കൃഷിയിലൂടെ 170 ദിവസത്തെ തൊഴിൽ കണ്ടെത്താൻ ഗ്രാമീണജനതയ്ക്കാകുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ യാഥാർത്ഥത്തിൽ ലഭിക്കുന്ന തൊഴിൽ ദിനങ്ങൾ ഇതിലും കുറവാണ്.

വിസ്തൃതിയേറിയ കൃഷിയിടങ്ങൾ നവീന സാങ്കേതിക വിദ്യകളിലേക്കും കൂറ്റൻ യന്ത്രസംവിധാനങ്ങളിലേക്കും മാറുമ്പോൾ കർഷക തൊഴിലാളികളുടെയും നാമമാത്ര കർഷകരുടെയും പുനരധിവാസത്തിന് പദ്ധതികളില്ലാത്തൊരു രാജ്യത്ത് വലിയൊരു വിഭാഗം തൊഴിൽരഹിതരാകും. 2011ലെ സെൻസസ് അനുസരിച്ച് രാജ്യത്തെ കർഷകരിൽ 14 ശതമാനത്തോളം പാട്ടകർഷകരാണ്. 1.2 കോടിയോളം വരും ഇവരുടെ സംഖ്യ. ഇവരുടെയും നിൽനിൽപ്പ് കുത്തകകളുടെ വരവോടെ ഇല്ലാതാകും.

നിയമ ഭേദഗതികൾ കർഷകർക്കും കാർഷികകച്ചവട കമ്പനികൾക്കും തുല്യ അവസരമൊരുക്കുമെന്നാണ് നിയമത്തെ അനുകൂലിക്കുന്നവർ ആവർത്തിക്കുന്നത്. രാജ്യത്ത് നിലവിലുള്ള കാർഷിക ഉല്പാദന വിപണന സംഘങ്ങൾക്ക് (എപിഎംസി) സമാന്തരമായി ഇവയ്ക്ക് പ്രവർത്തിക്കാനാകുമെന്നാണ് വിശദീകരിക്കുന്നത്.

കാർഷിക ഉല്പാദന വിപണന സംഘങ്ങ(എപിഎംസി)ൾ രാജ്യത്തുള്ള കാർഷിക വിപണന സംവിധാനങ്ങളുടെ 30 ശതമാനം മാത്രമാണെങ്കിലും അവ കർഷകരുടെ ഉല്പന്നങ്ങൾക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്നുണ്ട്. പുതിയ കാർഷിക നിയമങ്ങളോടെ എപിഎംസി മണ്ഡികൾക്കു മുകളിൽ വൻകിട സ്വകാര്യ കച്ചവടക്കാർ കടന്നുകയറും. ചെറുകിട കർഷകർക്ക് താങ്ങുവില ഇല്ലാതാകും. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എഫ്‌സിഐ) യുടെ വിപണിയിലെ ഇടപെടൽ ഇതിനകംതന്നെ അവസാനിച്ച അവസ്ഥയിലാണ്. ചെറുകട കർഷകരും പാട്ടകർഷകരും സ്വകാര്യ കച്ചവടക്കാരുടെയും കാർഷിക വാണിജ്യ കുത്തകകളുടെയും ദയാവായ്പിനായി കാത്തുനിൽക്കേണ്ടി വരും.

2006ൽ ബിഹാറിൽ എഫ്­സിഐ പ്രവർത്തനം അവസാനിപ്പിച്ച ശേഷം അവിടെയുള്ള ചോളം കർഷകർക്ക് അവരുടെ വിളവ് താങ്ങുവിലയിൽ നിന്ന് 30 ശതമാനം കുറച്ച് വിൽക്കേണ്ടി വന്നിരുന്നു.

ചെറുകിട നാമമാത്ര കർഷകർക്ക് റിലയൻസ്, അഡാനി തുടങ്ങിയ വൻകിട കുത്തകകളുമായി വിലപേശി ഉയർന്ന വിലയ്ക്ക് തങ്ങളുടെ ഉല്പന്നങ്ങൾ വിൽക്കാനാകുമെന്ന് ചിന്തിക്കാനാവില്ല. ദൂരെയുള്ള പട്ടണത്തിൽ എത്തിച്ച് ഉയർന്ന വിലയ്ക്ക് ഇ വിപണി ശൃംഖലയിലൂടെ തങ്ങളുടെ വിളകൾ വിൽക്കാമല്ലോ എന്ന പ്രചരണം യാഥാർത്ഥ്യവിരുദ്ധവും നടക്കാത്തതുമാണ്.

നാളുകളായി കർഷകർ തങ്ങളുടെ ദൈനംദിന ഉപയോഗത്തിനായി വിളവ് കരുതിവയ്ക്കാറില്ല. വിളവ് പൂർണമായും വിറ്റഴിക്കുകയാണ് രീതി. പൊതുവിതരണ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന ധാന്യങ്ങളാണ് തങ്ങളുടെ ആവശ്യങ്ങൾക്കായി ഇവർ ആശ്രയിക്കുന്നത്.

കാർഷിക നിയമങ്ങൾ എഫ്­സിഐയെ മായിച്ചുകളഞ്ഞിരിക്കുന്നു. എപിഎംസി മണ്ഡികൾ ദുർബലമാകുകയും താങ്ങുവിലയിൽ വിളകൾ ശേഖരിക്കുന്നത് നിലയ്ക്കുകയും ചെയ്യുന്നതോടെ കാർഷിക പ്രതിസന്ധി രൂക്ഷമാകുകയും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ സ്വകാര്യ കുത്തകകളുടെ കൈക്രിയക്ക് അനുസൃതമാകുകയും ചെയ്യും. എഫ്­സിഐ സംവിധാനം നിലയ്ക്കുന്നതോടെ പൊതുവിതരണ സംവിധാനവും കുത്തക വിപണന സംവിധാനങ്ങളുടെ ഇച്ഛയ്ക്കനുസൃതമാകും. ഇവരുടെ ദയാദാക്ഷിണ്യത്തിലാകും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ. പൊതുവിതരണ സംവിധാനം ക്രമേണ നിലയ്ക്കുകയും ഭക്ഷ്യസുരക്ഷാ സംവിധാനത്തിൽ ലഭിച്ചിരുന്ന റേഷൻ ഇല്ലാതാകുകയും ചെയ്യും.

എതാനും വൻകിട കുത്തകകളെ ഒഴിവാക്കിയാൽ കാർഷിക നിയമത്തിൽ മുറിവേൽക്കാത്തവരായി സമൂഹത്തിൽ ആരുമുണ്ടാകില്ല. കർഷകർ, കാർഷിക തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങി സമൂഹം ഒന്നായി കാർഷികനിയമങ്ങൾക്കെതിരെ രംഗത്തിറങ്ങുകയും ഭക്ഷ്യസുരക്ഷ തകർക്കുകയും ലക്ഷോപലക്ഷം ജനങ്ങളുടെ ജീവൻ പന്താടുകയും ചെയ്യുന്ന കേന്ദ്രസർക്കാരിനെതിരെ രംഗത്തിറങ്ങുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.