Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

ന്യൂഡല്‍ഹി

June 26, 2021, 9:38 pm

പ്രതിഷേധാഗ്നിയിൽ ആളിക്കത്തി കര്‍ഷകപ്രക്ഷോഭം; ഡല്‍ഹിയിലേക്ക് അടുത്ത മാസം രണ്ട് ട്രാക്ടര്‍ റാലികള്‍

Janayugom Online
ഗാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകനേതാക്കള്‍ പ്രതിഷേധ ധര്‍ണയില്‍

കേന്ദ്രസർക്കാരിന്റെ കാർഷിക കരിനിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ നടത്തി വന്ന പ്രതിഷേധ സമരം ഏഴ് മാസം പിന്നിട്ട വേളയിൽ ഇന്നലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് രാജ്യതലസ്ഥാനത്തേക്ക് ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടറുകളിലുള്‍പ്പെടെ പ്രതിഷേധ പ്രകടനവുമായെത്തി. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി അടുത്ത മാസം രണ്ട് ട്രാക്ടര്‍ റാലികള്‍ കൂടി സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ജൂലൈ ഒമ്പതിന് ഉത്തര്‍പ്രദേശിലെ ഷമില്‍ ജില്ലയില്‍ നിന്ന് സിംഘു അതിര്‍ത്തിയിലേക്കും ജൂലൈ 24ന് ബിജ്നോറില്‍ നിന്ന് മീററ്റ് വഴി ഗാസിപൂരിലേക്കുമാണ് രണ്ട് റാലികള്‍ നടക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. നാല് ലക്ഷം ട്രാക്ടറുകളും 25 ലക്ഷം കര്‍ഷകരും ട്രാക്ടര്‍ റാലികളുടെ ഭാഗമാകുമെന്നും ടികായത്ത് പറഞ്ഞു. കര്‍ഷകസംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന സമരം ഏഴ് മാസം പിന്നിട്ട ഇന്നലെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ടികായത്ത്.

‘കൃഷിയെ രക്ഷിക്കുക, ജനാധിപത്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇന്നലെ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ചത്. കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് രാംനാഥ് കോവിന്ദിനും ഗവര്‍ണര്‍മാര്‍ക്കും മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കര്‍ഷകരോട് സംയുക്ത കര്‍ഷകസമിതി അഭ്യര്‍ത്ഥിച്ചിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്നലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് തലസ്ഥാനത്തേക്ക് ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടറുകളിലുള്‍പ്പെടെ പ്രകടനമായെത്തി. അതിനിടെ, കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ അഭ്യര്‍ത്ഥിച്ചു. കേന്ദ്രസര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്യാനും നിയമത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ തയ്യാറാണെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

ഹരിയാനയിലെ കര്‍ഷകര്‍ ചണ്ഡീഗഢില്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിൽ പൊലീസ് നടത്തിയ ഇടപെടലിനെ തുടർന്ന് സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചണ്ഡീഗഢിലേക്ക് പഞ്ച്കുളയിലെ നാദാ സാഹിബ് ഗുരുദ്വാരയില്‍നിന്ന് 11 കിലോമീറ്റര്‍ മാര്‍ച്ച് നടത്തിയാണ് ആയിരക്കണക്കിന് കര്‍ഷകര്‍ രാജ്ഭവനിലേക്കെത്തിയത്.

പാക് ചാര സംഘടനയായ ഐഎസ്‌ഐ കര്‍ഷക പ്രക്ഷോഭത്തിനിടയിലേക്ക് നുഴഞ്ഞു കയറി പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പൊലീസ് സജ്ജമാക്കിയിരുന്നത്. ഉപരോധം അക്രമാസക്തമാകാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ സ്വീകരിച്ചിരുന്നു.

Eng­lish sum­ma­ry: Farm­ers protest updates

You may also like this video: