Web Desk

മുസഫര്‍നഗര്‍

September 05, 2021, 10:22 pm

കരുത്ത് തെളിയിച്ച് കര്‍ഷകര്‍

ഭാരത് ബന്ദ് 27ന് ,മുസഫര്‍നഗറില്‍ കര്‍ഷക മഹാപഞ്ചായത്തിനെത്തിയത് ലക്ഷങ്ങള്‍
Janayugom Online

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കനത്ത താക്കീതായി നടന്ന കര്‍ഷക മഹാപ‍ഞ്ചായത്തില്‍ അണിനിരന്നത് ലക്ഷങ്ങള്‍. സെപ്റ്റംബര്‍ 27 ന് ഭാരത് ബന്ദ് നടത്തുന്നതിന് കര്‍ഷക മഹാപഞ്ചായത്ത് ആഹ്വാനം ചെയ്തു. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്ക്കുമെന്ന് മഹാപഞ്ചായത്ത് ആവര്‍ത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസ്, ജില്ലാ മജിസ്ട്രേറ്റ് എന്നിവരുടെയും നിരോധനാജ്ഞ അവഗണിച്ചാണ് വിവിധ പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളിലും കാല്‍നടയായും കര്‍ഷകർ മഹാപഞ്ചായത്തിനെത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ക്കൊപ്പം വിവിധ രാഷ്ട്രീയനേതാക്കളും പഞ്ചായത്തില്‍ പങ്കെടുത്തു.


ഇതുംകൂടി വായിക്കു: കര്‍ഷക പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു; പഞ്ചാബില്‍ റോഡുകള്‍ ഉപരോധിച്ചു


15 സംസ്ഥാനങ്ങളില്‍ നിന്നായി 300ലധികം കര്‍ഷക സംഘടനകളുടെ പ്രതിനിധികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇതര വിഭാഗങ്ങളില്‍ നിന്നുള്ളവരും സംഗമത്തിനെത്തി.
ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനസഞ്ചയം മഹാപഞ്ചായത്തിലേയ്ക്ക് ഒഴുകിയെത്തി. ഹാപ്പൂര്‍, അലിഗഢ്, ബുലന്ദ്ഷഹര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നാണ് കൂടുതല്‍ കര്‍ഷകര്‍ എത്തിച്ചേര്‍ന്നത്. കൂടാതെ ഡല്‍ഹി അതിര്‍ത്തികളിലെ സമരവേദികളില്‍ നിന്നും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ മുസഫര്‍നഗറിലേക്ക് എത്തിയിരുന്നു. വന്‍തോതിലുള്ള സ്ത്രീ പങ്കാളിത്തവും ശ്രദ്ധേയമായി. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ രാഷ്ട്രീയ മുന്നേറ്റം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് സംയുക്തകിസാന്‍ മോര്‍ച്ച യുപിയിലെ പ്രമുഖ കേന്ദ്രമായ മുസഫര്‍ നഗറില്‍ മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചത്. കര്‍ഷക പഞ്ചായത്തിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആദിത്യനാഥ് സര്‍ക്കാര്‍ വന്‍ സുരക്ഷയാണ് ഒരുക്കിയത്. പിഎസി, ആര്‍എഎഫ് സുരക്ഷാവിഭാഗങ്ങളെ മുസഫര്‍നഗറില്‍ വിന്യസിച്ചിരുന്നു.

2013ല്‍ വര്‍ഗീയ ലഹളയ്ക്ക് സാക്ഷ്യം വഹിച്ച മുസഫര്‍നഗറില്‍ ഹിന്ദു-മുസ്‌ലിം സമുദായങ്ങളില്‍നിന്നുള്‍പ്പെടെ പതിനായിരങ്ങള്‍ പഞ്ചായത്തില്‍ പങ്കെടുത്തത് മതസൗഹാര്‍ദത്തിന്റെ വിളംബരവുമായി മാറി.മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹിയിലെത്തി പ്രതിഷേധമാരംഭിച്ചിട്ട് മാസങ്ങളായി. താങ്ങുവിലയടക്കമുള്ള കര്‍ഷകന്റെ അടിസ്ഥാന അവകാശങ്ങള്‍ എടുത്തുകളഞ്ഞ് ഈ രംഗത്തെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാനുള്ള ശ്രമമാണ് ഈ കാര്‍ഷികവിരുദ്ധ നിയമങ്ങളെന്നും ഇവ പിന്‍വലിച്ചേ മതിയാകൂ എന്നുമാണ് കര്‍ഷകരുടെ ആവശ്യം.

 


ഇതുംകൂടി വായിക്കു: ലക്ഷങ്ങളുടെ പങ്കാളിത്തവുമായി കര്‍ഷക മഹാപഞ്ചായത്ത്


 

പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ പ്രക്ഷോഭത്തിന് തയ്യാറാണെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. കരിമ്പ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി അടുത്തകര്‍ഷക മഹാപഞ്ചായത്ത് ലഖ്നൗവില്‍ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരെ ചുമത്തിയകേസുകള്‍ സെപ്റ്റംബര്‍ എട്ടിനകം പിന്‍വലിക്കുന്നില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പഞ്ചാബില്‍ നിന്നുള്ള 32 കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
eng­lish summary;Farmers prov­ing their strength in Kar­sha­ka mahapanchayath
you may also like this video;