വർഷക്കാലം നേരത്തെയെത്തി പുഞ്ചകർഷകരെ പ്രതിസന്ധിയിലാക്കിയെങ്കിലും മഴ വിട്ടുനിൽക്കുന്ന ആശ്വസാത്തിലാണ് കർഷകർ. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്യാത്തതിനാൽ എത്രയുംവേഗം നെല്ല് കൊയ്‌തെടുക്കാനുള്ള തിരക്കിലാണ് എല്ലാവരും.കൊയ്ത്ത് യന്ത്രങ്ങൾ എത്തിച്ചാണ് മഴയിൽ നശിക്കാത്ത നെല്ല് കൊയ്‌തെടുക്കുന്നത്. കൊയ്ത്തിന് പാകമായ വയലുകളിൽ യന്ത്രങ്ങൾ എത്തിച്ച് കൊയ്ത്ത് ആരംഭിച്ചപ്പോഴാണ് മെയ് അവസാനം മഴ തുടങ്ങിയത്. പിന്നീട് ദിവസങ്ങളോളം തുടർച്ചയായുള്ള മഴയായിരുന്നു. ഇതുകാരണം കൊയ്ത നെല്ലുകൾ വാരാൻപോലും കർഷകർക്ക് സാധിച്ചിരുന്നില്ല. മിക്കപാടങ്ങളിലും കൊയ്ത നെല്ല് കിടന്ന് മുളയ്ക്കാനും തുടങ്ങിയിരുന്നു. പലയിടത്തും പുഴകരകവിഞ്ഞ് ഹെക്ടറുകണക്കിന് നെല്ലും നശിച്ചത്. വന്യമൃഗശല്യവും കലാവാസ്ഥ വ്യതിയാനവും കാരണം ചുരുക്കം ചില കർഷകർമാത്രമാണ് ഇപ്പോഴും പ്രതിസന്ധികളെ അതിജീവിച്ച് പുഞ്ചകൃഷി ഇറക്കിയത്. അതും ഇത്തവണ നേരത്തെയെത്തിയ കാലവർഷം പൂർണമായും ഇല്ലാതാക്കുമെന്ന ആശങ്കയിലായിരുന്നു എല്ലാവരും. അതിനിടയിലാണ് ഇപ്പോൾ മഴമാറിനിന്ന് മാനം തെളിഞ്ഞപ്പോൾ കർഷകർ കൊയ്‌തെടുത്ത് നെല്ലും പുല്ലും വേർതിരിക്കുന്നത്.
ഇത്തവണ വേനൽശക്തമായതിനാൽ കുഴൽ കിണറിൽ നിന്ന് കിലോമീറ്ററുകളോളം വെള്ളം പൈപ്പ് വഴിയെത്തിച്ചാണ് നൂൽപ്പുഴയിലെ പുത്തൻകുന്ന് പാടശേഖരത്തിലടക്കം പുഞ്ചകൃഷി കർഷകർ സംരക്ഷിച്ചിരുന്നത്. ഇവിടെയിപ്പോൾ ഒട്ടുമിക്ക കർഷകരും മഴമാറിനിന്ന് ഈ ദിവസങ്ങളിൽ പാകമായ നെല്ല് കൊയ്‌തെടുത്തുകഴിഞ്ഞു. അവശേഷിക്കുന്ന കർഷകരും അടുത്ത മഴവരുന്നതിനുമുന്നേ നെല്ല് കൊയ്‌തെടുക്കാനുള്ള ഒരുക്കത്തിലാണ്. പാടശേഖരത്തിൽ എൺപത് ഹെക്ടറിൽ നാൽപത് ഏക്കറിൽ മാത്രമാണ് ഇത്തവണ പുഞ്ച കൃഷിയിറക്കിയത്. വെള്ളത്തിന്റെ ലഭ്യതയില്ലായ്മാണ് ഇതിന് കാരണം. എന്തായാലും പുഞ്ചകൃഷി ചെയ്തവർ ആദ്യവർഷമഴയിൽ നശിക്കാത്ത നെല്ല് കൊയ്‌തെടുത്ത് പത്തായത്തിലാക്കുന്ന തിരക്കിലാണിപ്പോൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.