Web Desk

ന്യൂഡല്‍ഹി

January 12, 2021, 10:49 pm

വിദഗ്ധ സമിതിയെ അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍

Janayugom Online

വിദഗ്ദ്ധ സമിതി രൂപീകരണ ഉത്തരവിനോടു വിയോജിച്ച് കര്‍ഷകര്‍. നിയമങ്ങള്‍ മരവിപ്പിച്ച സുപ്രീം കോടതി തീരുമാനത്തോട് യോജിക്കുമ്പോഴും സമിതിയുമായി സഹകരിക്കില്ലെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാർഷിക നിയമങ്ങൾ എങ്ങനെയാണ് കർഷകർക്ക് അനുഗുണമാകുന്നതെന്ന് വാദിക്കുന്നവരെന്ന നിലയിൽ സമിതി അംഗങ്ങൾ വിശ്വസിക്കാവുന്നവരല്ല. നിയമം സുപ്രീം കോടതിക്ക് സ്വമേധയാ റദ്ദാക്കാമായിരുന്നു. നിയമങ്ങള്‍ സ്‌റ്റേ ചെയ്യാന്‍ അധികാരമുള്ള കോടതിക്ക് നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‍കാനും അധികാരമുണ്ടെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

തങ്ങളുടെസമരം അനിശ്ചിതകാലത്തേക്കാണ്. റിപ്പബ്ലിക് ദിനത്തിൽ നടത്താൻ തീരുമാനിച്ച ട്രാക്ടർ റാലി സമാധാനപരമായി നടത്തുമെന്നും 15ന് സർക്കാർ വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു. സമിതി രൂപീകരിക്കണമെന്ന് ഒരിക്കലും കർഷകർ ആവശ്യപ്പെട്ടിരുന്നില്ല. ഇതിനെല്ലാം പിന്നിൽ സർക്കാരാണെന്നും നേതാക്കൾ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി സമരം നടത്തുന്ന കര്‍ഷക പ്രക്ഷോഭത്തോടു കോടതിപോലും യോജിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പ്രക്ഷോഭകരെ നീക്കം ചെയ്യണമെന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഉത്തരവൊന്നും പുറപ്പെടുവിക്കാതിരുന്നത് ഇതിന്റെ തെളിവല്ലേയെന്ന് കര്‍ഷകര്‍ ചോദിക്കുന്നു. സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന സുപ്രീം കോടതി മുന്‍ നിലപാടും കര്‍ഷകര്‍ എടുത്തുകാട്ടി. അതേസമയം റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ നോട്ടീസയക്കാന്‍ സുപ്രീം കോടതി ഉത്തരവായി. നോട്ടീസ് നല്‍കിയ ശേഷം 18ന് ഈ വിഷയം പരിഗണിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.

അംഗങ്ങൾ സർക്കാർ അനുകൂലികൾ

സുപ്രീംകോടതി നിയോഗിച്ചസമിതിയിലെ അംഗങ്ങളെല്ലാം സർക്കാർ നയത്തെ അംഗീകരിക്കുന്നവർ. കേന്ദ്രത്തിന്റെ കാര്‍ഷിക വിപണന നിയന്ത്രണത്തെ അംഗീകരിക്കുന്ന കൃഷി സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി വർഷങ്ങളായി ഇതിനുവേണ്ടി വാദിക്കുന്നയാളാണ്. ഏഷ്യാ ഇന്റര്‍നാഷ്ണല്‍ ഫുഡ് പോളിസി ഡയറക്ടര്‍ പ്രമോദ് കുമാര്‍ ജോഷി കർഷകരുടെ തുടർച്ചയായ സമരത്തെ കുറ്റപ്പെടുത്തി അടുത്ത ദിവസങ്ങളിൽ വരെ ലേഖനമെഴുതുകയും കേന്ദ്രം കർഷകരുടെ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്നുവെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്ത വ്യക്തിയാണ്.

സമിതി അംഗങ്ങളായ രണ്ട് കർഷക സംഘടനാ പ്രതിനിധികളാണ് ഭാരത് കിസാന്‍ യൂണിയന്‍ അഖിലേന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ഭൂപീന്ദര്‍ സിങ് മാന്‍, ശേത്കാരി സംഗതാന്‍ നേതാവ് അനില്‍ ഖാന്‍വത് എന്നിവർ. ഡിസംബർ മധ്യത്തിൽ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിനെ സന്ദർശിച്ച് കാർഷിക നിയമങ്ങൾ നടപ്പിലാക്കണമെന്നും ചില ഭേദഗതികൾ വരുത്തിയാൽ പ്രക്ഷോഭകർ അംഗീകരിച്ചുകൊള്ളുമെന്നും അറിയിച്ച വ്യക്തികളാണ് ഇരുവരും.

eng­lish summary:Farmers say they will not approve the expert committee
You may also like this video